യുദ്ധം വികലമാക്കിയ നാടാണ് മ്യാന്മാറെന്ന് യങ്കൂണ്‍ അതിരൂപതാദ്ധ്യക്ഷനും ഏഷ്യയിലെ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍റെ (Federation of Asian Bishops Conferences) പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ചാള്‍സ് മവൂങ് ബോ വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യ്ക്കു (L’Osservatore Romano) നല്കിയ പ്രസ്താവനയിലാണ് തന്‍റെ നാടിന്‍റെ നിജസ്ഥിതിയെക്കുറിച്ചു സംസാരിച്ചത്.

നരഹത്യയുടെ വംശീയ സംഘര്‍ഷങ്ങള്‍
ഒരുകാലത്ത് തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സമ്പന്നമായിരുന്നതും, അസൂയാര്‍ഹമാം വിധം വിവിധ ഗോത്രവര്‍ഗ്ഗക്കാരാലും, പെട്രോളിയം ഉള്‍പ്പെടെയുള്ള പ്രകൃതിയുടെ ഉപായസാധ്യതകളാലും മുന്‍പന്തിയില്‍ നിന്നിരുന്ന രാഷ്ട്രം ഇന്ന് അഭ്യന്തരകലാപത്താലും വിവിധ തലത്തിലുള്ള യുദ്ധങ്ങളാലും കലുഷിതമാണ്. ആറു പതിറ്റാണ്ടില്‍ എറെയായി നരഹത്യയുടെ അഭ്യന്തര വംശീയ കലാപങ്ങളാണ് രാജ്യത്തിന്‍റെ ക്രമസമാധാനം തകര്‍ക്കുന്നത്. അങ്ങനെ മ്യാന്മാര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ അധോഗതിയില്‍ ഇന്ന് എത്തിക്കഴിഞ്ഞു.

ഒരിക്കല്‍ സമ്പന്നമായിരുന്ന നാട്
വെട്ടിത്തിളങ്ങുന്ന പ്രകൃതിസൗന്ദര്യവും, സമ്പന്നമായ പ്രകൃതി വിഭവങ്ങളും, മഹത്തായ മാനവശേഷിയും കൊണ്ട്, ഒരിക്കല്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും സമ്പന്നമായ ചെറുരാഷ്ട്രമായിരുന്നു മ്യാന്മാര്‍. എന്നാല്‍ ഇന്ന് ഏഷ്യയില്‍ മാത്രമല്ല, ലോകത്തുള്ള ദരിദ്രരാഷ്ട്രങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ടതെന്ന് സലീഷ്യന്‍ കര്‍ദ്ദിനാള്‍, മവൂങ് ബോ തുറന്നു പ്രസ്താവിച്ചു. പ്രകൃതി സമ്പത്തിനെ വെല്ലുന്ന മാനവശേഷിയാണ് മ്യാന്മറിന്‍റേതെന്ന് കര്‍ദ്ദിനാള്‍ ബോ ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രധാനപ്പെട്ട 8 വലിയ ഗോത്രവംശങ്ങളെക്കൂടാതെ 135 ചെറിയ വര്‍ഗ്ഗങ്ങളും മ്യാന്മറിന്‍റെ വര്‍ണ്ണാഭമായ മനുഷ്യക്കരുത്താണെന്ന് കര്‍ദ്ദിനാള്‍ ബോ വിശേഷിപ്പിച്ചു.

മതഭ്രാന്തന്മാര്‍ തകര്‍ത്ത മ്യാന്മാര്‍
മതഭ്രാന്തും വംശീയതയും വളര്‍ത്തിയ മാനവിക വിദ്വേഷമാണ് മ്യാന്മാറിന്‍റെ ദയനീയവും വേദനാജനകവുമായ ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്ന് കര്‍ദ്ദിനാള്‍ ബോ സമര്‍ത്ഥിച്ചു.10 ലക്ഷം അഭയാര്‍ത്ഥികള്‍, 40 ലക്ഷം അടിയന്തിരമായി കുടിയിറങ്ങേണ്ടിവന്നവര്‍, കൂടാതെ ആന്തരികമായി മ്യാന്മാറിന്‍റെ തെക്കും വടക്കുമായി തിളച്ചുപൊങ്ങുന്ന ഇരുപതില്‍ അധികം ആഭ്യന്തര പ്രശ്നങ്ങള്‍. അങ്ങനെ യുദ്ധവും കലാപവും കീറിമുറിച്ച രാജ്യത്ത് സമാധാനം ഒരു വിദൂരസ്വപ്നമാണ്.

ഇനിയും നീതി സ്വപ്നം കാണുന്നൊരു ജനത
നീതിക്കും സമാധാനത്തിനുമായി കേഴുന്ന ഒരു ന്യൂനപക്ഷം പ്രാര്‍ത്ഥിക്കുന്നതും പരിശ്രമിക്കുന്നതും നാട്ടില്‍ മനുഷ്യാന്തസ്സിനോടുള്ള ആദരവും മനുഷ്യാവകാശങ്ങളുടെ സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കണമേയെന്നാണ്. നീതിക്കും സമാധാനത്തിനുമായുള്ള പരിശ്രമത്തില്‍ കൈകോര്‍ക്കാനായി രാജ്യത്തെ എല്ലാ മതനേതാക്കളോടും അഭ്യര്‍ത്ഥിക്കുകയും, കര്‍ദ്ദിനാള്‍ ബോ അവരെ ചിലപ്പോള്‍ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് പ്രസ്താവന വിശദമാക്കി.

മതങ്ങള്‍ പ്രത്യാശയുടെ തിരിതെളിക്കണം
ആഭ്യന്തര സംഘര്‍ഷത്തിന്‍റെ നൈരാശ്യത്തിന്‍റെ കൂരിരുട്ടില്‍ മതനേതാക്കള്‍ക്ക് പ്രത്യാശയുടെ ഒരു ചെറുതിരിനാളം കൊളുത്താനാവണം. സമാധാനം സാദ്ധ്യമാണെന്ന ഏകമന്ത്രം മതങ്ങളെല്ലാം ഒരുമയോടെ ഉരുവിടണം. സമാധാന പാതയാണ് രാഷ്ട്രനിര്‍മ്മിതിക്കുള്ള ഏകമാര്‍ഗ്ഗമെന്നും, സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള മതനേതാക്കളുടെ ഉത്തരവാദിത്ത്വങ്ങളെ പുനര്‍നിര്‍വ്വചിച്ചുകൊണ്ട്, സുസ്ഥിരമായ സമാധാനത്തിനായി കര്‍ദ്ദിനാള്‍ ബോ ആഹ്വാനംചെയ്തു.

മ്യാന്മാറില്‍ തെളിയേണ്ട ആത്മീയശക്തി
5 ലക്ഷം ബുദ്ധസന്ന്യാസികളും, 70,000 സന്ന്യാസിനികളുമുണ്ട് ബര്‍മ്മയില്‍. വിശ്വാസരൂപീകരണത്തിനും ആത്മീയ വളര്‍ച്ചയക്ക്കുമായി കത്തോലിക്കാ സഭയില്‍ 800 വൈദികരും 2200 കന്യാസ്ത്രീകളും പരിശ്രമിക്കുന്നു. മൂല്യങ്ങളുടെ കൈമാറ്റവും, സഹാനുഭൂതിയും കാരുണ്യവും സമൂഹത്തില്‍ വളര്‍ത്തുകയെന്നതും മതങ്ങള്‍ക്ക് നിര്‍വ്വഹിക്കാവുന്ന സമാധാനവഴികളാണ്. കര്‍ദ്ദിനാള്‍ ബോ വിളിച്ചുകൂട്ടിയ ബൗദ്ധ, ഹിന്ദു, ക്രൈസ്തവ മതനേതാക്കളുടെ സഖ്യം പ്രതിസന്ധികളുടെ പ്രവിശ്യയായ രാക്കൈന്‍, രോഹിംഗ്യ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സര്‍ക്കാരും, മതനേതാക്കളും സാമൂഹിക നേതൃത്വവും രാഷ്ട്രത്തിന്‍റെ പൊതുനന്മയ്ക്കായി ഇനിയും കൈകോര്‍ത്തു പരിശ്രമിക്കേണ്ടതാണെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് പ്രസ്താവന ഉപസംഹരിച്ചത്.