വിശുദ്ധ ഇഗ്നേഷ്യസ് ലയോള ഈശോസഭയ്ക്കു നല്കിയ സവിശേഷമായ ആത്മീയ പൈതൃകത്തെക്കുറിച്ച് ഈശോസഭാംഗവും റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പ്രസിഡന്‍റുമായ ഫാദര്‍ ഫെദറിക്കൊ ലൊമ്പാര്‍ഡിയുടെ ചിന്തകള്‍ :

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയസിദ്ധി
ലോകത്തിന്‍റെ അതിരുകള്‍ തേടി ഇറങ്ങിക്കൊണ്ട് ദൈവരാജ്യത്തിന്‍റെ സന്ദേശം പ്രഘോഷിക്കുകയും, ക്രിസ്തുവിനെ മൗലികമായി അനുകരിക്കുകയുംചെയ്ത സുവിശേഷ പ്രഘോഷണരീതി വിശുദ്ധ ഇഗ്നേഷ്യസിന്‍റെ ആത്മീയസിദ്ധിയായിരുന്നു. അതുകൊണ്ടാണ് യൂറോപ്പില്‍ തുടക്കമിട്ട സഭാംഗങ്ങള്‍ക്ക് സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ജീവിച്ചിരിക്കെ തന്നെ പ്രേഷിതതീക്ഷ്ണതയോടെ കരയും കടലും കടന്ന് ചൈനയിലും, ഇന്ത്യയിലും, ലാറ്റിന്‍ അമേരിക്കയിലുമൊക്കെ സുവിശേഷവെളിച്ചം പകരാന്‍ സാധിച്ചത്. അതോടൊപ്പം വിശ്വാസത്തിന്‍റെയും സംസ്ക്കാരത്തിന്‍റെയും പക്വമാര്‍ന്ന സങ്കലനവും വിശുദ്ധ ഇഗ്നേഷ്യസ് ലയോള പകര്‍ന്നുതന്ന ആത്മീയസിദ്ധിയുടെ തനിമായായിരുന്നുവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ജൂലൈ 31-Ɔ൦ തിയതി ബുധനാഴ്ച വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാളില്‍ നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

പരിത്യക്തരുടെ പക്ഷംചേരുന്ന സേവനപാത
ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ക്രിസ്തുവിന്‍റെ മാതൃക, വിശിഷ്യ പാവങ്ങളും, പരിത്യക്തരും രോഗികളുമായവരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന മൗലികമായ പ്രേഷിതസമര്‍പ്പണമാണ് സേനവപാതയില്‍ ഈശോസഭാംഗങ്ങള്‍ മാതൃകയാക്കുന്നത്. ഇന്ന് ഒരു ഈശോസഭാ പുത്രനായ പാപ്പാ ഫ്രാന്‍സിസ് ആഗോളസഭയുടെ നേതൃസ്ഥാനത്ത് തീക്ഷ്ണതയോടെ ഇറങ്ങിപുറപ്പെടുന്നതും ജനമദ്ധ്യത്തിലേയ്ക്കാണ്; വിശിഷ്യാ പാവങ്ങള്‍, പരിത്യക്തര്‍, പീഡിതര്‍, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ എന്നിവരിലേയ്ക്കുമാണ്. എല്ലാവരെയും കാരുണ്യത്തോടെ തേടുന്ന ഒരു കൂട്ടായ്മയുടെ സാകല്യസംസ്കൃതിയാണ് പാപ്പാ ഫ്രാന്‍സിസ് വിഭാവനം ചെയ്യുന്നത്. വത്തിക്കാന്‍ മാധ്യമങ്ങളുടെ മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.

ദൈവിഹിതം തേടുന്ന ആത്മീയസിദ്ധി
ആത്മീയ അഭ്യാസങ്ങളിലൂടെ അനുദിനജീവിതത്തില്‍ ദൈവഹിതം കണ്ടെത്തുക എന്നത് ഇഗ്നേഷ്യന്‍ സിദ്ധിയുടെ തനിമയാണ്. അങ്ങനെ ദൈവത്തിന്‍റെ പദ്ധതി വ്യക്തിഗത ജീവിതത്തില്‍ തിരിച്ചറിഞ്ഞ വ്യക്തിയാണ് സഭയുടെ വിവിധ സേവനരംഗങ്ങളിലേയ്ക്കും ജനങ്ങളിലേയ്ക്കും ഇറങ്ങിച്ചെല്ലുകയും അവിടെ ക്രിസ്തുവിനെ അവരില്‍ കണ്ടെത്തുകയും, അവര്‍ക്കു ക്രിസ്തുവിനെ കാണിച്ചുകൊടുക്കുയും ചെയ്യുന്നു.

മാറിവരുന്ന പ്രേഷിതരീതികള്‍
ആഗോളസഭയുടെയും ലോകത്തിന്‍റെയും കാലികമായ ആവശ്യങ്ങളില്‍ കാലത്തിന്‍റെ അടയാളങ്ങള്‍ മനസ്സിലാക്കി മുന്നേറാന്‍ പാപ്പാ ഫ്രാന്‍സിസ് സഭയിലെ വൈദികരെയും സന്ന്യസ്തരെയും ഇന്നു വെല്ലുവിളിക്കുന്നത്, നാം ഇന്ന് അനുസ്മരിക്കുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ ശൈലിയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. ഈശോസഭയ്ക്ക് സ്ഥിരം എന്നു പറയുന്ന ഒരു പ്രവര്‍ത്തരീതി ഇല്ലെന്നതാണ് വാസ്തവം. ആദ്യനൂറ്റാണ്ടിലും തുടര്‍ന്നുള്ള കാലഘട്ടവും അതുകൊണ്ട് ഈശോസഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും മുന്തിനിന്നു. എല്ലാ യൂറോപ്യന്‍ നഗരങ്ങളിലും ഈശോസഭയുടെ നല്ലയൂണിവേഴ്സിറ്റികളും കോളെജുകളുമുണ്ട്. അതുപോലെ മറ്റു രാജ്യങ്ങളിലും.

ഇന്നിന്‍റെ നീതിയുടെ പാത
ഇന്ന് ഈശോ സഭയുടെ പ്രവര്‍ത്തനങ്ങള്‍ നീതിയുടെ മേഖലയിലേയ്ക്ക് തിരിഞ്ഞിരിക്കുന്നുവെന്ന് ഫാദര്‍ ലൊമ്പാര്‍ഡി സമര്‍ത്ഥിച്ചു. അതുപോലെ പാപ്പാ ഫ്രാന്‍സിസ് ഇന്ന് ഉയര്‍ത്തുന്ന കാരുണ്യത്തിന്‍റെ സുവിശേഷവും നീതിയില്‍ അധിഷ്ഠിതമാണെന്നു നമുക്കു മനസ്സിലാക്കാം. ഇപ്പോള്‍ വത്തിക്കാന്‍റെ റാത്സിങ്കര്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സ്ഥാനം അലങ്കരിക്കുന്ന ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.