വത്തിക്കാൻ സിറ്റി: ഇതുതാൻ പാപ്പാ ഫ്രാൻസിസ്‌കോ സ്റ്റൈൽ! ഫ്രാൻസിസ് പാപ്പ ഇങ്ങനെയൊക്കെയാണ്. ആരും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിൽവരെ തീർത്തും സാധാരണക്കാരനായി കയറി വന്ന് സർവരേയും അമ്പരപ്പിക്കും പാപ്പ. ഇത്തവണ അതിന് വേദിയായത് ‘ഡോക്ടേർസ് ഓഫ് ചാരിറ്റി’ സമൂഹത്തിന്റെ റോമിലെ സന്യാസിനി ഭവനമായ ‘റെജീന മുണ്ടി’യാണ്. പേപ്പൽ വസതിയിൽ വർഷങ്ങളോളം സേവനം ചെയ്തശേഷം ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന വയോധികയായ സിസ്റ്റർ മരിയയെ കാണുകയായിരുന്നു ആഗമനോദ്ദേശ്യം.

ഫ്രാൻസിസ് പാപ്പയുടെ ഇപ്പോഴത്തെ വസതിയായ കാസ സാന്താ മാർത്തയിൽ വർഷങ്ങളോളം സേവനം ചെയ്ത സിസ്റ്റർ മരിയ മുക്കിയെ കണ്ട് സംസാരിക്കുകയും ആരോഗ്യവിവരങ്ങൾ തിരക്കുകയും ചെയ്തു പാപ്പ. മാത്രമല്ല, അപ്രതീക്ഷിത അതിഥിയെ കണ്ട് അമ്പരന്നു നിന്ന അവിടത്തെ മറ്റു കന്യാസ്ത്രീകളും ജോലിക്കാരും അന്തേവാസികൾക്കുമൊപ്പം സമയം ചെലവിടുകയും ചെത്തു.

അവർക്കൊപ്പം ഫോട്ടോ എടുത്ത പാപ്പ, എല്ലാവർക്കും അപ്പസ്‌തോലിക ആശീർവാദം നൽകിയ ശേഷമാണ് മടങ്ങിയത്. 1981ൽ, വിശുദ്ധ ജോൺ പോൾ പാപ്പയ്ക്കുനേരെ വധശ്രമമുണ്ടായ സമയം അദ്ദേഹം ധരിച്ചിരുന്ന വസ്ത്രം സൂക്ഷിച്ചിരിക്കുന്നത് ഈ സന്യാസിനി ആശ്രമത്തിലാണെന്നതും ശ്രദ്ധേയമാണ്. വെടിയേറ്റശേഷം ജോൺപോൾ പാപ്പയ്ക്ക് ചികിത്സ നൽകിയത് ജെമിലി ഹോസ്പിറ്റലായിരിന്നു.

2000 ജൂബിലി വർഷത്തോടനുബന്ധിച്ച് ആശുപത്രി അധികൃതർ പാപ്പയുടെ വസ്ത്രം റെജീന മുണ്ടി ഹൗസ് സന്യാസിനി ഭവനത്തിനു സമ്മാനിക്കുകയായിരുന്നു. ഡോക്ടേർസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ പദവി വഹിക്കുന്ന ഫാ. തോമസ് മാവ്‌റിക്കാണ് ഫ്രാൻസിസ് പാപ്പയുടെ സന്ദർശന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്