കാര്‍ഷിക-കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും. മഹാപ്രളയത്തിനു ശേഷം കൃഷിനാശമുണ്ടായ മലയോര മേഖലയിലുള്ള കര്‍ഷകര്‍ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കൃഷി പുനരാരംഭിക്കാന്‍ കഴിയാതെയും എടുത്ത കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ തിരിച്ചടക്കാനാവാതെയും കടുത്ത ബുദ്ധിമുട്ടിലാണ്. ഇടുക്കി വയനാട് ജില്ലകളിലാണ് രൂക്ഷമായ പ്രശ്നം നിലനില്‍ക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ഉണ്ടായിട്ടും ബാങ്കുകള്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ നല്‍കുന്ന സാഹചര്യം കൂടി വരികയാണ്. നിരവധി തവണ മൊറട്ടോറിയം സംബന്ധിച്ചും സര്‍ഫാസി നിയമപ്രകാരമുള്ള ബാങ്ക് നടപടികള്‍ ഒഴിവാക്കുന്നത് സംബന്ധിച്ചും മുഖ്യമന്ത്രി, കൃഷി വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ എസ്.എല്‍.ബി.സി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും 2019 ജൂലൈ 31 വരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം എസ്.എല്‍.ബി.സി തത്വത്തില്‍ അംഗീകരിച്ചെങ്കിലും റിസര്‍വ് ബാങ്കിന്‍റെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ പ്രായോഗികതലത്തില്‍ നടപ്പായില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്.എല്‍.ബി.സി റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്നും നല്‍കിയിരുന്നുവെങ്കിലും ഈ കത്തിനും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്.
ഓഖി – മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം
ഓഖിയില്‍ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നതിന് തീരുമാനിച്ചു. രജിസ്ട്രേഷനുള്ളതും മത്സ്യബന്ധനോപാധികള്‍ പൂര്‍ണമായും നഷ്ടപ്പെട്ട 6 പേര്‍ക്ക് 17,11,306 രൂപയും രജിസ്ട്രേഷനുള്ളതും മത്സ്യബന്ധനോപാധികള്‍ ഭാഗികമായും നഷ്ടപ്പെട്ട 20 പേര്‍ക്ക് 16,22,120 രൂപയും രജിസ്ട്രേഷനില്ലാത്ത മത്സ്യബന്ധ യൂണിറ്റുകള്‍ പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ട 86 പേര്‍ക്ക് 25,48,700 രൂപയും അനുവദിക്കാന്‍ തീരുമാനിച്ചു. ഇതിനാവശ്യമായ തുക ഓഖി ഫണ്ടില്‍ പ്രതീക്ഷിത നീക്കിയിരിപ്പില്‍ നിന്നും അനുവദിക്കും.
നിയമനം
കേരള സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ പാര്‍ലമെന്‍റംഗമായ ഡോ. എ സമ്പത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന മന്ത്രിക്ക് അര്‍ഹമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടി ഈ മന്ത്രിസഭയുടെ കാലാവധിയിലേക്കു മാത്രമായിരിക്കും നിയമനം. ഇദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍വഹണത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റ്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന രാജേഷ് കുമാര്‍ സിംഗിനെ വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷി-മൃഗസംരക്ഷണം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.
പഠനാവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വെ ആന്‍റ് ലാന്‍ഡ് റിക്കോര്‍ഡ്സ് ഡയറക്ടറായി നിയമിക്കും. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിംഗ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും.
തലസ്ഥാന നഗര വികസന പദ്ധതി-2ല്‍ ഒരു സ്പെഷ്യല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് എംപവേര്‍ഡ് കമ്മിറ്റി കണ്‍വീനറായ റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ റ്റി. ബാലകൃഷ്ണനെ നിയമിക്കാന്‍ തീരുമാനിച്ചു.
2019-ലെ കേരള ആഭരണ തൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ് കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിനു കീഴില്‍ രണ്ടു ഡെന്‍റല്‍ എക്യുപ്മെന്‍റ് മെയിന്‍റനന്‍സ് ടെക്നീഷ്യര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
പ്രിസണ്‍സ് ആന്‍റ് കറക്ഷണല്‍ സര്‍വീസസ് വകുപ്പില്‍ 20 അസിസ്റ്റന്‍റ് പിസണ്‍ ഓഫീസര്‍-കം-ഡ്രൈവര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 8 തസ്തികകള്‍ മധ്യമേഖലയിലും 12 തസ്തികകള്‍ ദക്ഷിണ മേഖലയിലുമായിരിക്കും.
വനിത ശിശു വികസന വകുപ്പില്‍ നിര്‍ഭയ സെല്ലില്‍ ഒരു ക്ലാര്‍ക്ക് തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.