വത്തിക്കാൻ സിറ്റി: വേശ്യാവൃത്തിയുടെ അടിമത്വത്തിൽനിന്ന് സ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. വേശ്യാവൃത്തിപോലുള്ള പാപാവസ്ഥയിൽ കഴിയുന്ന സ്ത്രീകളെ മോചിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അതിനെക്കാളുപരി വലിയ സുവിശേഷവേലയാണെന്നും പാപ്പ പറഞ്ഞു.
ഫാ. ആൽദൊ ബൊൻഅയുത്തൊ രചിച്ച ‘വുമൺ ക്രൂസിഫൈഡ്: ദ ഷെയിം ഓഫ് ഹ്യൂമൻ ട്രാഫിക്കിങ് ആസ് റ്റോൾഡ് ഫ്രം ദ സ്ട്രീറ്റ്’ (ക്രൂശിതരായ സ്ത്രീകൾ: തെരുവിൽ നിന്നുമുള്ള മനുഷ്യക്കടത്തിന്റെ നാണക്കേട്) എന്ന പുസ്തകം പ്രകാശനംചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പാപ്പ. ജോൺ 23-ാമൻ പാപ്പയുടെ നാമത്തിലുള്ള സന്യാസസമൂഹാംഗമാണ് ഫാ. ആൽദൊ ബൊൻഅയുത്തൊ.
ജോൺ 23-ാമൻ പാപ്പയുടെ നാമധേയത്തിലുള്ള ഒരു ഭവനം സന്ദർശിച്ചതും വേശ്യാവൃത്തിയുടെ പിടിയിലും ചൂഷണത്തിലുംനിന്ന് രക്ഷപ്പെട്ട് അവിടെ അഭയം തേടിയ സ്ത്രീകളെ താൻ ശ്രവിച്ചതും പാപ്പ പങ്കുവെച്ചു. സ്ത്രീകളെ സാമ്പത്തിക നേട്ടത്തിനായി വേശ്യാവൃത്തിയിലേക്ക് തള്ളിയിടുന്നതും അവരെ ചൂഷണം ചെയ്യുന്നതും മനുഷ്യക്കടത്തും സമൂഹത്തെ മലിനമാക്കുന്ന കുറ്റകൃത്യങ്ങളാണെന്നും പാപ്പ വിശദീകരിച്ചു.
എന്നാൽ, ഈ രോഗം താനേ ഭേദമാകുന്ന ഒന്നല്ലെന്നും സാമൂഹ്യമായ അവബോധം അനിവാര്യമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. വേശ്യാവൃത്തിയുടെ എല്ലാ അവസ്ഥയും തികഞ്ഞ അടിമത്വവും കുറ്റകൃത്യവും ലൈംഗിക വൈകൃതവുമാണ്. വെറും ഉപകരണമായി മാത്രം സ്ത്രീയെ കണക്കാക്കുന്ന സമൂഹത്തിന്റെ അതിദാരുണമായ ഒരു രോഗാവസ്ഥയുമാണിത്. ഇത് സമൂഹമനസാക്ഷിയെ മുറിവേൽപ്പിക്കുമെന്നും വൈകും ന്തോറും ചികിത്സിച്ച് മാറ്റാൻ കഴിയാത്ത വിധത്തിലുള്ള വലിയ രോഗമായി പടർന്നുപിടിക്കുമെന്നും പാപ്പ ഓർമിപ്പിച്ചു.