മെൽബൺ: സെന്റ് തോമസ് സീറോ മലബാർ രൂപത വൈദിക സമിതിയുടെയും പാസ്റ്ററൽ കൗൺസിലിന്റെയും യോഗങ്ങൾ ആഗസ്റ്റ് 1,2,3 തിയതികളിൽ മെൽബണിൽ വച്ച് നടക്കും. ആഗസ്റ്റ് 1 (വ്യാഴാഴ്ച) രണ്ട് മണിക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെവൈദിക സമിതിക്ക് തുടക്കം കുറിക്കും. രൂപതയിൽ സേവനം ചെയ്യുന്ന 25 വൈദികരും ബിഷപ്പ് ബോസ്‌കോ പുത്തൂരിനൊപ്പം യോഗത്തിൽ പങ്കെടുക്കും. ആഗസ്റ്റ് 2 (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് ദിവ്യബലിയോടെ പാസ്റ്ററൽ കൗൺസിൽ യോഗം ആരംഭിക്കും. അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ രൂപതയിലെ എല്ലാ വൈദികരും സഹകാർമ്മികരായി പങ്കുചേരും.മെൽബൺ സീറോ മലബാർ രൂപതയിൽ അടുത്ത അഞ്ചു വർഷങ്ങളിലേക്കുള്ള പ്രവർത്തന മാർഗ്ഗരേഖ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾക്കാണ് ഈ വർഷത്തെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ പ്രാമുഖ്യം നല്കുന്നത്. മെൽബൺ സീറോ മലബാർ രൂപതയെ സംബന്ധിച്ചിടത്തോളം രൂപതാ വളർച്ചയിൽ വളരെ പ്രധാനപ്പെട്ട സമ്മേളനമാണ് ഈ വർഷത്തിലെ പാസ്റ്ററൽ കൗൺസിൽ.രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി വൈദികരും അത്മായപ്രതിനിധികളും ഉൾപ്പെടെ 60 അംഗങ്ങളാണ് പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നത്. 3-ാം തിയതി(ശനിയാഴ്ച) ഉച്ചയോടു കൂടി സമ്മേളനം സമാപിക്കും.