ഹൂസ്റ്റൺ: ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷനിൽ പങ്കെടുക്കാൻ എത്തിയ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും കൂരിയ ചാൻസിലർ ഫാ. വിൻസെന്റ് ചെറുവത്തൂരിനും ഹൂസ്റ്റണിൽ ഹൃദ്യമായ സ്വീകരണം.
ചിക്കാഗോ സീറോ മലബാർ ബിഷപ്പും കൺവെൻഷൻ രക്ഷാധികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്ത്, രൂപതാ സഹായമെത്രാനും കൺവെൻഷൻ ജനറൽ കൺവീനറായ മാർ ജോയ് ആലപ്പാട്ട്, ഫൊറോനാ വികാരിയും കൺവെൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. അലക്‌സ് വിരുതകുളങ്ങര, ഫാ. അനിൽ വിരുതകുളങ്ങര, കൺവെൻഷൻ ചെയർമാൻ അലക്സാണ്ടർ കുടക്കച്ചിറ, വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്, ഫൊറോനാ ട്രസ്റ്റി സണ്ണി ടോം, മറ്റു എക്‌സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവരും വിശ്വാസിസമൂഹവും ചേർന്നാണ് മാർ ആലഞ്ചേരിയെ സ്വീകരിച്ചത്.
അമേരിക്കയിലെ ആയിരക്കണക്കിന് സീറോ മലബാർ സഭാഅംഗങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷന് ഓഗസ്റ്റ് ഒന്നിന് തുടക്കമാകും. ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് 6.45 നു നടക്കും. ഉദ്ഘാടനത്തിൽ മാർ ജോർജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകും. ‘മാർത്തോമ്മ മാർഗം വിശുദ്ധിയിലേക്കുള്ള മാർഗം; ഉണർന്നു പ്രശോഭിക്കുക’ എന്ന ആപ്തവാക്യവുമായി അമേരിക്കയിലെ സീറോ മലബാർ വിശ്വാസീസമൂഹം സംഗമിക്കുന്ന കൺവെൻഷന് ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസ് കൺവെൻഷൻ സെന്ററാണ് വേദി.