വൈവിധ്യങ്ങളുടെ നാടായ ഭാരതം വിവിധ മതങ്ങളുടെ ജനനിയും ജനിഭൂവുമാണ്. പാശ്ചാത്യ മതേതരത്വ സങ്കല്പങ്ങളിൽനിന്നു വ്യത്യസ്തമായി എല്ലാ മതങ്ങളേയും ഉൾക്കൊള്ളുകയും മതങ്ങൾക്കെല്ലാം തുല്യപ്രാധാന്യം കല്പിക്കുകയും ചെയ്യുന്ന മതേതരത്വം ആർഷഭാരത സംസ്കാരത്തിന്റെ മുഖമുദ്രയാണ്. ഈ സംസ്കാരത്തിന്റെ പ്രതിഫലനമാണ് ഭരണഘടനയുടെ 25 മുതൽ 28 വരെ ഖണ്ഡങ്ങളിൽ ഉൾച്ചേർത്തിരിക്കുന്ന മതസ്വാതന്ത്ര്യം.
ഭാരതം ഒരു മതേതര രാഷ്ട്രമാണെന്ന് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത് 1976ലാണ്. എന്നാൽ, ഇതു പുതുതായി കൂട്ടിച്ചേർത്തതല്ലെന്നും 25 മുതൽ 28 വരെയുള്ള ഖണ്ഡങ്ങളിൽ വ്യംഗ്യമായി പറഞ്ഞ കാര്യങ്ങൾ വ്യക്തമായി പറയുകമാത്രമാണ് ഇതുവഴി ചെയ്തതെന്നും 1994ലെ എസ്.ആർ. ബൊമ്മൈ കേസിൽ (S.R. Bommai V. Union of India (1994) 2 SCR 644: AIR 1994 SC 1918: (1994) 3 SCC 1) സുപ്രീംകോടതി പ്രസ്താവിക്കുകയുണ്ടായി.
മതേതര രാജ്യമായ ഇന്ത്യയിൽ സ്വത്ത് ആർജിക്കുന്നതിനും കൈവശംവയ്ക്കുന്നതിനും അനുഭവിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും വിവിധ മതവിഭാഗങ്ങൾക്കു ഭരണഘടന നൽകുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിൽ (ആർട്ടിക്കിൾ 26) കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഹൃഷികേശ് റോയ് ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് കത്തോലിക്കാസഭയുടെ കാനൻ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാത്പര്യഹർജി തള്ളിക്കൊണ്ടു കഴിഞ്ഞ ജൂലൈ 29ന് പുറപ്പെടുവിച്ച വിധിപ്രസ്താവം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.
1. കത്തോലിക്കാസഭയുടെ കാനൻ നിയമം ഭരണഘടനാ വിരുദ്ധമോ?
കത്തോലിക്കാ സഭയുടെ കാനൻ നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യംചെയ്തുകൊണ്ട് ഒരു വ്യക്തി നൽകിയ പൊതുതാത്പര്യ ഹർജിയാണ് (W.P. (c) No. 20144/19) ഹൈക്കോടതി തള്ളുകയും ഗൗരവബോധമില്ലാതെ പൊതുതാത്പര്യഹർജി നൽകി നീതിന്യായ സംവിധാനത്തെ ദുരുപയോഗിച്ചതിന് 25,000 രൂപ പിഴ ചുമത്തുകയും ചെയ്തത്. ഹർജി നൽകിയതിനു പിന്നിലുള്ള ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വ്യക്തിതാത്പര്യങ്ങളും കോടതി തിരിച്ചറിഞ്ഞു എന്നതു വിധിപ്രസ്താവത്തിൽനിന്നു വ്യക്തമാണ്. സഭയുടെ കാനൻ നിയമം സിവിൽ നിയമത്തിന് വിധേയമായിട്ടില്ല, മറിച്ച് മാർപാപ്പയുടെ നിയന്ത്രണത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ അതു ഭരണഘടനാവിരുദ്ധവും ഇന്ത്യയുടെ പരമാധികാരത്തിനു ഭീഷണിയുമാണ് എന്നതായിരുന്നു ഹർജിക്കാരന്റെ വാദം.
കാനൻ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും അതു സിവിൽ നിയമത്തിനു വിധേയമായിട്ടല്ല പ്രവർത്തിക്കുന്നതെന്നും എന്തടിസ്ഥാനത്തിലാണു ഹർജിക്കാരൻ വാദിക്കുന്നത് എന്നു വ്യക്തമല്ല. രണ്ടു കാനൻ നിയമ സംഹിതകളാണ് കത്തോലിക്കാ സഭയിലുള്ളത്: (1) ലോകമെങ്ങുമുള്ള ലത്തീൻ സഭകൾക്ക് മാത്രം ബാധമാകുന്ന “കാനൻ നിയമസംഹിത’ (Code of Canon Law – CIC); (2) ലോകമെങ്ങുമുള്ള പൗരസ്ത്യ സഭകൾക്കു മാത്രം ബാധകമായ “പൗരസ്ത്യസഭകളുടെ കാനൻ നിയമ സംഹിത’ Code of Canons of the Eastern Churches – CCEO). സഭകളുടെ പ്രത്യേക ആചാരങ്ങളെയും ഓരോ രാജ്യത്തും നിലവിലുള്ള നിയമങ്ങളെയും പരിഗണിച്ചുകൊണ്ടു രൂപംനൽകിയിട്ടുള്ള പ്രത്യേക നിയമങ്ങളും സഭയിലുണ്ട്. ഇവയിലൊന്നുപോലും ഭാരതത്തിന്റെ ഭരണഘടനയ്ക്കോ നിലവിലുള്ള സിവിൽ നിയമങ്ങൾക്കോ വിരുദ്ധമല്ല. വസ്തുവകകളുടെ കൈകാര്യംചെയ്യൽ സംബന്ധിച്ച നിയമങ്ങളുടെ കാര്യത്തിൽ ഇക്കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. സഭാ സ്വത്തുക്കളുടെ ന്യായമായ പരിപാലനവും സംരക്ഷണവും ഉറപ്പുവരുത്തുക മാത്രമാണ് അവയുടെ ലക്ഷ്യം. ഭരണഘടനാ വിരുദ്ധമായ കണ്ണാടികൊണ്ട് നോക്കിയാൽ മാത്രമേ ഇവയിൽ ഭരണഘടനാ വിരുദ്ധത കാണുവാൻ സാധിക്കൂ എന്നാണ് ജൂലൈ 29ലെ വിധിയിലൂടെ ചീഫ് ജസ്റ്റീസ് പറഞ്ഞുവയ്ക്കുന്നത്.
2. വത്തിക്കാന്റെ തലവന് എന്തു കാര്യം?
വത്തിക്കാൻ ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായിട്ടാണു കരുതപ്പെടുന്നത്. അതിന്റെ രൂപീകരണ ചരിത്രമൊന്നും ഇവിടെ പറയേണ്ടതില്ല. റോമിലെ മാർപാപ്പയാണ് ഇതിന്റെ തലവൻ. ഹർജിക്കാരൻ നൽകിയ അനുബന്ധ പ്രമാണങ്ങളിൽനിന്നു വ്യക്തമാകുന്ന ഒരു കാര്യം ഒരു സ്വതന്ത്ര രാഷ്ട്രമായ വത്തിക്കാന്റെ തലവൻ കത്തോലിക്കാസഭയെ മുന്നിൽ നിർത്തി ഭാരതത്തിന്റെ പരമാധികാരത്തിൽ ഇടപെടുന്നു എന്നു സ്ഥാപിക്കാൻ ശ്രമം നടന്നു എന്നാണ്. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. റോമിലെ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നയാൾ വത്തിക്കാൻ സ്റ്റേറ്റിന്റെ തലവൻകൂടിയായി മാറുന്നു എന്നതു ശരിതന്നെ. എന്നാൽ റോമിലെ മാർപാപ്പ ആഗോള കത്തോലിക്കാസഭയുടെ തലവൻ ആയിരിക്കുന്നതു വത്തിക്കാൻ രാഷ്ട്രത്തിന്റെ തലവൻ എന്ന നിലയിലല്ല. ഈ രണ്ടു പദവികളും രണ്ടായി കാണേണ്ടതുണ്ട്. രണ്ടിന്റെയും സംവിധാനങ്ങളും നിയമങ്ങളും വ്യത്യസ്തമാണ്. മാർപാപ്പ അംഗീകരിച്ചു പ്രസിദ്ധീകരിച്ചു എന്നതുകൊണ്ടു മാത്രം കാനൻ നിയമം ഭരണഘടനാവിരുദ്ധമാകുമെന്ന വാദം അംഗീകരിക്കപ്പെട്ടാൽ റോമിലെ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാസഭാ സമൂഹം മുഴുവനും രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയാകും എന്ന വാദമായിരിക്കും ഇനി ഉയർത്തുവാൻ പോകുന്നത്. സങ്കുചിതമായ ദേശീയതയിൽനിന്ന് ഉരുത്തിരിഞ്ഞുവരുന്ന ഇത്തരം ഇടുങ്ങിയ ചിന്തകൾ ഭാരതത്തിന്റെ മതേതര സ്വഭാവം നശിപ്പിക്കുമെന്നു ക്രാന്തദർശികളായ ന്യായാധിപന്മാർ തിരിച്ചറിഞ്ഞു.
3. മാർപാപ്പയും സഭയുടെ വസ്തുവകകളും
“സഭാ സ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണകർത്താവും കാര്യസ്ഥനും മാർപാപ്പയാണ്’ (CCEO c. 1008, 1; CIC c. 1273) എന്നു പറയുന്ന കാനൻ നിയമം ഉടമസ്ഥതയെക്കുറിച്ചു പറയുന്നത് അതു നിയമാനുസൃതം സന്പാദിച്ച നൈയാമിക വ്യക്തിക്കാണ് എന്നാണ് (CCEO c. 1008, 2; CIC c. 1256). മനുഷ്യനന്മയ്ക്കും ആത്മീയ ലക്ഷ്യങ്ങൾക്കുമായി കരുതിവച്ചിട്ടുള്ള സഭാസന്പത്ത് ആ ലക്ഷ്യങ്ങൾക്കുവേണ്ടി വിനിയോഗിക്കപ്പെടണം എന്നതു മാത്രമാണ് കാനൻ നിയമത്തിന്റെ താത്പര്യം. ഈ വിനിയോഗം അതതു രാജ്യങ്ങളിലെ സിവിൽ നിയമങ്ങൾക്കു വിധേയമായിട്ടാകണം എന്നും കാനൻ നിയമത്തിലെ വിവിധ കാനോനകൾ (ഉദാ: CCEO c. 1034; CIC c. 1290) നിഷ്കർഷിക്കുന്നുണ്ട്. ഇക്കാര്യം ഉറപ്പുവരുത്തുകയാണ് മാർപാപ്പയും മാർപാപ്പയ്ക്കു കീഴിലുള്ള മെത്രാന്മാരും ചെയ്യുന്നത്. കാനൻ നിയമപ്രകാരം ഭൗതിക വസ്തുക്കൾ സന്പാദിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അന്യാധീനപ്പെടുത്തുന്നതിനുമുള്ള അവകാശം അതതു നൈയാമിക വ്യക്തികൾക്കാണ്. (CCEO c. 1009, 1; CIC c. 1255). നിയമാനുസൃതമാണു കാര്യങ്ങൾ നടക്കുന്നത് എന്നുറപ്പുവരുത്തുവാൻ വസ്തുവകകൾ സംബന്ധിച്ച റിപ്പോർട്ടുകൾ മേലധികാരികൾക്കു നൽകുകയും ചില ക്രയവിക്രയങ്ങൾക്ക് അംഗീകാരം തേടുകയും വേണമെന്നുമാത്രം.
4. ഇടുങ്ങിയ ദേശീയത
വർധിച്ചുവരുന്ന ദേശീയവാദത്തിന്റെ പശ്ചാത്തലത്തിൽനിന്നു ചിന്തിച്ചാൽ ചില അപായസൂചനകൾ ഈ കേസിൽ കാണുവാൻ സാധിക്കും. സഭാവസ്തുക്കളുമായി ബന്ധപ്പെട്ട ഒരു തത്പരകക്ഷിയല്ല എന്നംഗീകരിച്ചുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ താത്പര്യമുള്ള “ചിലരുടെ’ മുന്നണിപ്പോരാളിയായി പ്രത്യക്ഷപ്പെടുന്ന ഹർജിക്കാരൻ ഒരു പ്രത്യേക പാർട്ടിലെ അംഗമാണ് എന്ന കോടതിയുടെ നിരീക്ഷണം ഈ സൂചനകളെ ശക്തിപ്പെടുത്തുന്നു. മുന്പ് സൂചിപ്പിച്ചതുപോലെ, മാർപാപ്പ റോമാ തലവനാണ് എന്ന കാരണത്താൽ മാത്രം കത്തോലിക്കാ സഭാവിശ്വാസികൾ ഈ ദേശീയവാദികളുടെ കണ്ണിലെ കരടായി മാറിയിട്ടുണ്ട് എന്നതു ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ അടുത്തകാലങ്ങളിൽ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ പ്രചാരണങ്ങളിലൂടെയും പീഡനങ്ങളിലൂടെയും വ്യക്തമായിട്ടുള്ളതാണ്. ഇതിന്റെ അലകൾ കേരളത്തിലും ഉയർത്താൻ ശ്രമിക്കന്നു എന്നതിന്റെ സൂചനയായി വേണം പുതിയ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ വാദത്തെ കാണുവാൻ.
5. മതസ്വാതന്ത്ര്യവും സ്വത്തിന്റെ വിനിയോഗവും
ഭരണഘടനയുടെ ആർട്ടിക്കിൾ 26 (a), (b), (c), (d) ഉറപ്പു നൽകുന്ന മതങ്ങൾക്കുള്ള സ്വത്തവകാശത്തെ അടിവരയിട്ട് ഉറപ്പിക്കുന്ന വിധിപ്രസ്താവമാണിത്.
ജസ്റ്റീസ് വി.കെ. മുഖർജിയുടെ നേതൃത്വത്തിലുള്ള കോൺസ്റ്റിറ്റ്യൂഷൻ ബെഞ്ച് 1954ൽ പുറപ്പെടുവിച്ച വിധി ഉദ്ധരിച്ചുകൊണ്ട് ഡിവിഷൻ ബഞ്ച് പറയുന്നതു മേല്പറഞ്ഞ അവകാശത്തെ ഒരു നിയമത്തിനും എടുത്തുകളയുവാൻ സാധിക്കില്ല എന്നാണ്.(Ratilal Panachand Gandhi and others. in: AIR 1954 SC 388). മതങ്ങൾക്കുള്ള ഈ അവകാശം ഓരോ മതവിഭാഗത്തിന്റെയും പ്രത്യേക നിയമമനുസരിച്ചു വിനിയോഗിക്കുന്പോഴും അതു സിവിൽ നിയമത്തിന് അനുസൃതമാണെങ്കിൽ, പ്രസ്തുത നിയമത്തിൽ മാറ്റം വരുത്തുന്നതോ, അവകാശം നിഷേധിക്കുന്നതോ ഭരണഘടനാ വിരുദ്ധമായ പ്രവൃത്തിയാകുമെന്നുതന്നെയാണ് വിവിധ കോടതികൾ നിരീക്ഷിച്ചിട്ടുള്ളത്. ഇക്കാലമത്രയും ഭാരതത്തിലെ വിവിധ സിവിൽ നിയമങ്ങളെ മാനിച്ചുകൊണ്ടു മാത്രം വസ്തുവകകളുടെ ഭരണം നിർവഹിച്ചുവന്ന കത്തോലിക്കാസഭയുടെ ആന്തരിക ഭരണത്തിലും നയപരമായ കാര്യങ്ങളിലും ഇടപെടേണ്ടതില്ല എന്ന ഹൈക്കോടതിയുടെ തീരുമാനം (വിധിപ്രസ്താവം, 6ാം ഖണ്ഡിക) ഇതുവരെയും കത്തോലിക്കാസഭ പുലർത്തിവന്ന നിലപാടുകൾക്കുള്ള അംഗീകാരമാണ്.
ഇതിനെതിരായ പ്രചാരണങ്ങൾ ആരുനടത്തിയാലും നീതിബോധവും സത്യസന്ധതയുമുള്ള കേരളത്തിലെ നീതിപീഠം വിവിധ വിഭാഗങ്ങളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ് എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്.
6. വടികൊടുത്തു വാങ്ങിയ അടി
പൊതുതാത്പര്യ ഹർജികൾക്കുള്ള അവസരം ആരും ദുർവിനിയോഗം ചെയ്യാതിരിക്കുവാൻ നീതിപീഠങ്ങൾ ജാഗരൂകമാണ്. അനാവശ്യമായും വ്യക്തിപരമായ നിക്ഷിപ്ത താത്പര്യത്തോടുകൂടിയും രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുന്നതിനായും പൊതുതാത്പര്യത്തിന്റെ മറവിൽ നൽകുന്ന ഹർജികളുടെ പട്ടികയിൽ ഈ ഹർജിക്കാരന്റെ പരാതികളും ഇടംപിടിച്ചു. ന്യായമായ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ധാരാളം ഹർജികൾ തീർപ്പാക്കാതെ കിടക്കുന്പോൾ ജുഡീഷറിയുടെ കാര്യക്ഷമതയെ നശിപ്പിക്കുന്ന ഇപ്രകാരമുള്ള “ഗൗരവബുദ്ധിയില്ലാത്ത’ പരാതികൾക്കു തടയിടുവാനായി നൽകിവരാറുള്ള ഒരു ചെറിയ പിഴയും ശകാരവും ഈ ഹർജിക്കാരനും കിട്ടി. “ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾക്കു പരിഹാരം കാണേണ്ടതു തെരഞ്ഞെടുപ്പു ഗോദയിലാണ്’ എന്നകാര്യം മറ്റൊരു വിധിപ്രസ്താവത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ടു നടത്തിയ പ്രസ്താവന കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കിത്തരുന്നു.
കേരള ചീഫ് ജസ്റ്റീസ് ഹൃഷികേശ് റോയ്, ജസ്റ്റീസ് എ.കെ. ജയശങ്കരൻ നന്പ്യാർ എന്നിവർ പുറപ്പെടുവിച്ച ഈ വിധി ഭാരതത്തിലെ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വഴികാട്ടിയാകും എന്നു പ്രത്യാശിക്കാം.
ഫാ. ജോർജ് തെക്കേക്കര