ക്യൂബയിലെ ക്രിസ്തൊബാല്‍ ദെ ല ഹബാന അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ഹൈമെ ലൂക്കാസ് ഒര്‍ത്തേഗ യി അലമീനൊയുടെ നിര്യാണത്തില്‍ മാര്‍പ്പാപ്പാ അനുശോചിച്ചു.ഫ്രാന്‍സീസ് പാപ്പായുടെ ദുഃഖം അറിയിച്ചുകൊണ്ടുള്ള സന്ദേശം വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ക്രിസ്തൊബാല്‍ ദെ ല ഹബാന അതിരൂപതയുടെ ഭരണാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹുവാന്‍ ദെ ല കരിദാദ് ഗര്‍സീയ റൊഡ്രീഗസിന് അയക്കുകയായിരുന്നു.കര്‍ദ്ദിനാള്‍ ഒര്‍ത്തേഗയുടെ ബന്ധുക്കളോടും ഹബാന അതിരൂപതയിലെ വൈദികരോടും വിശ്വാസികളോടും തന്‍റെ അനുശോചനവും സാമീപ്യവും അറിയിക്കാന്‍ പാപ്പാ ആര്‍ച്ച്ബിഷപ്പ് റൊഡ്രീഗസിനോട് അനുശോചനസന്ദേശത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
ദൈവിക പരിപാലന തന്നെ ഭരമേല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ഒര്‍ത്തേഗ സഭയേയും സഹോദരങ്ങളെയും സേവിച്ചത് അനുസ്മരിക്കുന്ന പാപ്പാ അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.83 വയസ്സു പ്രായമുണ്ടായിരുന്ന കര്‍ദ്ദിനാള്‍ ഹൈമെ ലൂക്കാസ് ഒര്‍ത്തേഗ യി അലമീനൊയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് (26/07/19) അന്ത്യം സംഭവിച്ചത്.ക്യൂബയില്‍ സാന്‍ ക്രിസ്തൊബാല്‍ ദെ ല ഹബാന അതിരൂപതയുടെ അദ്ധ്യക്ഷസ്ഥാനത്തു നിന്ന് വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു കര്‍ദ്ദിനാള്‍ ഹൈമെ ലൂക്കാസ് ഒര്‍ത്തേഗ.
1936 ഒക്ടോബര്‍ 18-ന് ജഗേ ഗ്രാന്തെ എന്ന സ്ഥലത്തായിരുന്നു കര്‍ദ്ദിനാള്‍ ഹൈമെ ലൂക്കാസ് ഒര്‍ത്തേഗയുടെ ജനനം.1964 ആഗസ്റ്റ് 2-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1979 ജനുവരി 14-ന് മെത്രാനായി അഭിഷിക്തനായി.ക്യൂബയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി 4 വട്ടം സേവനമനുഷ്ഠിച്ചുള്ള കര്‍ദ്ദിനാള്‍ ഹൈമെ ലൂക്കാസ് ഒര്‍ത്തേഗ ലത്തീനമേരിക്കയിലെ കത്തോലിക്കാമെത്രാന്മാരുടെ സംഘത്തിന്‍റെ ഉപാദ്ധ്യക്ഷനായും ലത്തീനമേരിക്കയ്ക്കു വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയില്‍ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1994 നവമ്പര്‍ 26 ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പായാണ് അദ്ദേഹത്തെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.കര്‍ദ്ദിനാള്‍ ഹൈമെ ലൂക്കാസ് ഒര്‍ത്തേഗയുടെ നിര്യാണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗസംഖ്യ 217 ആയി താണു. ഇവരില്‍ 120 പേര്‍ 80 വയസ്സില്‍ താഴെ പ്രായമുള്ളവരാകയാല്‍ മാര്‍പ്പാപ്പായെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാനാവകാശം ഉള്ളവരാണ്. ശേഷിച്ച 97 പേര്‍ക്ക് ഈ വോട്ടവകാശം ഇല്ല