ഡബ്ളിൻ: അയർലൻഡിന്‍റെ അപ്പസ്റ്റോലനായ വിശുദ്ധ പാട്രിക്കിന്‍റെ അനുഗ്രഹം തേടി നൂറുകണക്കിന് പേർ ക്രോഗ് പാട്രിക് മല കയറി. മേയോ കൗണ്ടിയിൽ വെസ്റ്റ് പോർട്ടിനടുത്താണ് ക്രോഗ് പാട്രിക് തീർഥാടന കേന്ദ്രം. എഡി 441 ൽ വിശുദ്ധ പാട്രിക് ഈ മല മുകളിൽ 40 ദിവസം ഉപവാസമനുഷ്ഠിച്ച് പ്രാർഥനയിൽ മുഴുകി. നാല്പതാം ദിവസം മലമുകളിൽ നിന്നും വിശുദ്ധൻ ഒരു മണി താഴേക്ക് എറിഞ്ഞതിനേത്തുടർന്ന് രാജ്യത്തു നിന്നും പാന്പുകളും ഇഴജന്തുക്കളും അപ്രത്യക്ഷമായെന്നാണ് വിശ്വാസം. ഇതോടെ ലോകത്ത് പാന്പുകളില്ലാത്ത രാജ്യമായി അയർലൻഡ് മാറി. 1905 ൽ ഇവിടെ നിർമിച്ച ചാപ്പലാണ് പിൽക്കാലത്ത് പ്രമുഖ തീർഥാടനകേന്ദ്രമായി മാറിയത്. തീർഥാടന ശുശ്രൂഷകൾക്ക് റ്റുയാം ആർച്ച് ബിഷപ് മാർ മൈക്കിൾ നിയറി മുഖ്യകാർമികത്വം വഹിച്ചു.20 വൈദികർ സഹകാർമികരായിരുന്നു. പലരും നഗ്നപാദരായാണ് മല കയറിയത്.ജൂലൈ മാസത്തെ അവസാന ഞായറാഴ്ചയാണ് തീർഥാടകർ ഇവിടെ മലകയറ്റം നടത്തുന്നത്.