ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് ഫൊറോനാ ദൈവാലയത്തിൽ അജപാലന സന്ദർശനത്തിനെത്തിയ സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഇടവക സമൂഹം. ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മാർ ആലഞ്ചേരി.
മാർ ആലഞ്ചേരിയെയും അദ്ദേഹത്തെ അനുഗമിച്ച സീറോ മലബാർ ചാൻസിലർ ഫാ. വിൻസെന്റ് ചെറുവത്തൂരിനെയും വൈദികരോടും ഇടവക സമൂഹത്തോടുമൊപ്പം സി.എം.എൽ കുട്ടികൾ ദൈവാലയത്തിലേക്ക് ആനയിച്ചു. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരൻ സ്വാഗതം ആശംസിച്ചു.തുടർന്ന്, മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ഫാ. വിൻസെന്റ് ചെറുവത്തൂർ, ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയകാരൻ, ഫാ. പീറ്റർ അക്കനത്ത്, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പോളി തെക്കൻ, ഫാ. മാത്യു കുന്നത്ത്, ഫാ. ജിന്റോ പള്ളത്തുകുഴി എന്നിവർ സഹകാർമികരായി.
ദിവ്യബലി മധ്യേ, ഇടവകസമൂഹത്തെയും ഇടവക വികാരിയേയും മാർ ആലഞ്ചേരി പ്രത്യേകം അഭിനന്ദിച്ചു. ദിവ്യബലിക്കുശേഷം ഇടവകയിലെ ഓരോ കുടുംബാംഗങ്ങളെയും കർദിനാൾ പ്രത്യേകം ആശീർവദിച്ചു. ഇടവക സമൂഹത്തോടൊപ്പം സമീപ ഇടവകകളിൽനിന്നുള്ളവരും മാർ ആലഞ്ചേരിയെ സ്വീകരിക്കാൻ എത്തിയിരുന്നു.ഇടവകയിലെ ഭക്ത സംഘടനകളായ ജോസഫ് ഫാതേഷ്സും മരിയൻ മതേഷ്സും യുവജനങ്ങളുമാണ് ഒരുക്കങ്ങൾ നടത്തിയത്. സി.എം.ൽ കുട്ടികളെ പ്രതിനിധീകരിച്ച് ആൻസൻ ഏറത്ത് മാർ ആലഞ്ചേരിക്ക് നന്ദി പറഞ്ഞു. ഇടവക ട്രസ്ടിമാരെ പ്രതിനിധീകരിച്ചു മനോജ് പാട്ടത്തിൽ ഇടവക സമൂഹത്തിനും നന്ദി പറഞ്ഞു.