ചങ്ങനാശേരി: സീറോമലബാർ സിനഡിനും സഭാതലവനും ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗണ്‍സിൽ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 28 ശനി,എസ്ബി കോളജിലെ മോണ്‍.കല്ലറക്കൽ ഹാളിൽ നടന്ന അതിരൂപതയുടെ 15-ാം പാസ്റ്ററൽ കൗണ്‍സിലിന്റെ ഉദ്ഘാടനസമ്മേളനത്തിൽ പാസാക്കിയ പ്രമേയമാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
അതിരൂപത പിആർഒ അഡ്വ.ജോജി ചിറയിൽ പ്രമേയം അവതരിപ്പിച്ചു. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുവാദകനായിരുന്നു. സഭയിലെ പ്രതിസന്ധികൾ അടിയന്തരമായി പരിഹരിച്ച് ഐക്യവും അച്ചടക്കവും പുലരുന്നതിനു സത്വര നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സീറോമലബാർ സിനഡിനോട് അഭ്യർഥിച്ചു.സീറോമലബാർ സഭയിലെ ഒരു അതിരൂപതയിൽ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സഭയെ മുഴുവൻ പ്രതിസന്ധിയിലാക്കിയതിലും പൊതുസമൂഹത്തിൽ വലിയ ഉതപ്പിനു കാരണമാക്കിയതിലും പാസ്റ്ററൽ കൗണ്‍സിൽ ഉത്കണ്ഠയും ആകുലതയും രേഖപ്പെടുത്തി.
പ്രശ്ന പരിഹാരത്തിനു വിവിധ തലങ്ങളിൽ നടന്ന ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള ചിലയാളുകളുടെ നീക്കങ്ങളിലും വിഷയം തെരുവ് പ്രതിഷേധങ്ങൾക്കും മാധ്യമവിചാരണയ്ക്കും അവസരമൊരുക്കിയതിലും അതിരൂപതാ കാര്യാലയത്തിൽ സമരം നടത്തിയതിലും സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.