ലൂക്ക14:1-14
എളിമയുടെ പാഠങ്ങളാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത് .സ്വയം എളിമപ്പെടുത്തുകയും വിനീതരാവുകയും ചെയ്യുന്നവർക്കാണ് ദൈവസന്നിധിയിൽ മഹത്വം ഉണ്ടാകുന്നത്. മറ്റുള്ളവരുടെ മുമ്പിൽ എളിമ പ്രകടിപ്പിക്കാനും എളിമയോടെ പെരുമാറാനും എളുപ്പമാണ്. പക്ഷേ നമ്മൾ അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ അഹം പുറത്തുവരും. അവിടെയൊക്കെ നമ്മിൽ പലർക്കും പൊരുത്തപ്പെടുവാൻ സാധിക്കില്ല. അപ്പോൾ നമ്മൾ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും പ്രതികാരം ചെയ്യുകയും ഒക്കെ ചെയ്യും. ഈശോയുടെ പീഡാനുഭവ സംഭവങ്ങൾ നൽകുന്ന വലിയ മാതൃക എളിമയുടെ ഈ ആഴമാണ്. അപമാനത്തിന്റെ അവസരങ്ങളിൽ എളിമ പ്രകടിപ്പിക്കുക വളരെയേറെ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് എളിമയെ ഏറ്റവും പ്രയാസകരമായ സുകൃതം എന്ന് വിളിക്കുന്നത്. ഏറ്റവും പ്രയാസകരമായ ഈ സുകൃതം അഭ്യസിപ്പിക്കണമേ എന്ന് നമുക്ക് ഈശോയോട് പ്രാർത്ഥിക്കാം.