തെക്കൻ സുഡാനിലെ വടക്കൻ പ്രവിശ്യയിൽ ആയുധധാരികളായ പ്രതിപക്ഷ വിഭാഗം ജൂലൈ 24ന് 32 കുട്ടികളെ വിട്ടയച്ചതായി യൂണിസെഫ് അറിയിച്ചു. ഏറ്റവും കൂടുതൽ സംഘർഷമുള്ള ഈ സ്ഥലത്ത് നിന്നു കുട്ടികളെ ഇതാദ്യമായാണ് വിട്ടയക്കുന്നത്. വിട്ടയക്കപ്പെട്ടവര്‍ 13 നും 17 നും ഇടയിലുള്ള ആൺകുട്ടികളാണ്. സംഘർഷം തുടങ്ങിയ നാൾ മുതൽ ഏതാണ്ട് 3143 കുട്ടികളുടെ മോചനത്തിന് യൂണിസെഫ് സഹായം ചെയ്തിട്ടുണ്ട്. ലെയറിലെ ആയുധധാരികളിൽ നിന്ന് ബന്ധുക്കളുടെയും സമൂഹത്തിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ ഔദ്യോഗീകമായി വേർപെടുത്തിയ കുട്ടികളിൽ പലരെയും 2016 മുതൽ രക്ഷിതാക്കള്‍ കണ്ടിട്ടില്ലായിരുന്നു. കുട്ടികളെ സായുധ പടയാളികളായി ഉപയോഗിക്കുന്നത് അവരുടെ അവകാശങ്ങൾക്കെതിരാണെന്നും, ഇക്കൂട്ടത്തിൽ പലകുട്ടികളും വളരെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പിടിച്ചുകൊണ്ടുപോകപ്പെട്ടവരാണെന്നും, കുട്ടികള്‍ കാണാൻ പാടില്ലാത്ത പലതും കണ്ടതായും അനുഭവിച്ചതായും, എന്നാൽ അവർക്കു ഒരു പുതുഭാവി നൽകാൻ ഇനിയും വൈകരുതെന്നും യൂണിസെഫിന്‍റെ തെക്കൻ സുഡാനിലെ പ്രതിനിധി മുഹമ്മദ് അഗ് അയോയാ അറിയിച്ചു. വിട്ടയക്കപ്പെട്ട കുട്ടികളെ യൂണിസെഫ് നടത്തുന്ന 3വർഷത്തെ ഒരു ഉദ്‌ഗ്രഥന പരിപാടിയിൽ പങ്കെടുപ്പിക്കും. അവിടെ ഔദ്യോഗീകവും, മാനസീകവുമായ വിദ്യാഭ്യാസവും നൽകി മുന്നോട്ടുള്ള അവരുടെ ജീവിതത്തിന്‍റെ ഉന്നമനത്തിനാവശ്യമുള്ള സഹായങ്ങളും നൽകുകയും ചെയ്യും. ഒരു സാമൂഹീക പ്രവർത്തകൻ ഓരോകുട്ടിക്കും പിന്തുണ നൽകാനുണ്ടാവുകയും ചെയ്യും. യൂണിസെഫിന്‍റെ കണക്കനുസരിച്ച് തെക്കൻ സുഡാനിലെ സംഘർഷത്തിൽ ഏകദേശം 19000 കുട്ടികളെയെങ്കിലും യുദ്ധത്തിനായി ഉപയോഗിക്കുന്നുണ്ട്.
തെക്കൻ സുഡാനിൽ അക്രമികൾ 32 കുട്ടികളെ വിട്ടയച്ചു
