തങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വത്തിന് മതനേതാക്കള്‍ പരിശ്രമിക്കണമെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി, മോണ്‍സീഞ്ഞോര്‍ ആന്‍റോണ്‍ കമിലേരി പ്രസ്താവിച്ചു. റോമില്‍ പ്രസിദ്ധപ്പെടുത്തിയ ക്രൈസ്തവ പീഡനത്തെ സംബന്ധിച്ച ആഗോള അവലോകനത്തിലാണ് മതങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിനായി പരിശ്രമിക്കണമെന്ന് മോണ്‍. കമിലേരി അഭ്യര്‍ത്ഥിച്ചത്.

രക്തസാക്ഷിയായ അപ്പസ്തോലന്‍ ബര്‍ത്തലോമ്യോയുടെ നാമത്തില്‍ റോമിലെ ടൈബര്‍ ദ്വീപിലുള്ള ബസിലിക്കയില്‍വച്ചാണ് ക്രൈസ്തവപീഡനത്തെക്കുറിച്ചുള്ള അവലോകനം മോണ്‍. കവലിയേരി പ്രസിദ്ധപ്പെടുത്തിയത്. വിശ്വാസത്തെപ്രതി ദേഹത്തെ തോല്‍ ഉരിയപ്പെട്ടു രക്തസാക്ഷിത്ത്വം വരിച്ച വിശുദ്ധ ബര്‍ത്തലോമ്യോയുടെ നാമത്തിലുള്ള ബസിലിക്കയില്‍വച്ച് ക്രൈസ്തവ പീഡനത്തെക്കുറിച്ചുള്ള അവലോകനം പ്രസിദ്ധപ്പെടുത്തിയതു പ്രതീകാത്മകമായെന്നു മോണ്‍. കമലേരി പ്രസ്താവിച്ചു.

ലാഘവത്തോടെ ആവര്‍ത്തിക്കപ്പെടുന്ന അതിക്രമങ്ങള്‍
മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ നിര്‍ദ്ദോഷികളായ മനുഷ്യരോടു കാട്ടുന്ന അനീതിപരമായ വിവേചനം, അതിക്രമങ്ങള്‍, പീ‍ഡനങ്ങള്‍ എന്നിവ ധാര്‍മ്മികമായി അസ്വീകാര്യവും നിന്ദ്യവുമാണ്. തങ്ങളില്‍നിന്നും വ്യത്യസ്ത മതസ്ഥരായതുകൊണ്ടു മാത്രം ജീവനോടു യാതൊരു ആദരവുമില്ലാതെ ഭീകരവാദികള്‍ കൊന്നൊടുക്കുകയും, അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന സമൂഹങ്ങളും വ്യക്തികളും സ്ഥാപനങ്ങളും നിരവധിയാണ്. ചുറ്റും നടമാടുന്ന ഭീകരതയുടെ ദാരുണമായ യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മതസമൂഹങ്ങളും, സ്ഥാപനങ്ങളും വ്യക്തികളും വ്യാപകമായി നേരിടുന്ന പീഡനങ്ങള്‍ അവഗണിക്കാനാവുന്നതല്ല. മതപീഡനത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന കൂട്ടക്കൊലകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കാതെയും, രാജ്യാന്തര സമൂഹങ്ങളില്‍നിന്നുമുള്ള ചെറിയ ലജ്ജയുടെ മുഖത്തുടിപ്പു മാത്രം പ്രകടമാക്കിക്കൊണ്ട് അവ കടന്നുപോകുന്നു. എന്നാല്‍ ലാഘവത്തോടെ ആവര്‍ത്തിക്കപ്പെടുന്ന ഇപ്രകാരമുള്ള അതിക്രമങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് വളരെ ഖേദകരമായ നിരീക്ഷണമാണ്.

മതപീഡനം മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധം
വത്തിക്കാന്‍റെ ഈ ദുഃഖവും ഖേദപ്രകടനവും ക്രൈസ്തവരെ ഓര്‍ത്തു മാത്രമല്ല, മറ്റു മതങ്ങളിലും വിശ്വസത്തിന്‍റെ പേരില്‍ ആയിരങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളെയും ഓര്‍ത്തു കൂടിയാണ്. മതപീഡനം മനുഷ്യന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ്. അതിനാല്‍ അകാരണമായി എവിടെയും പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവരുടെ വേദന അവരുമായി ആത്മീയബന്ധമുള്ള ലോകത്തിന്‍റെ ഇതര ഭാഗങ്ങളിലുള്ള സകല ക്രൈസ്തവരുടെയും മനോവ്യഥയും പീഡനവുമാണ്.

സമാധാന വഴികള്‍ തേടേണ്ട രാഷ്ട്രനേതാക്കളും മതനേതാക്കളും
പൗരന്മാരെയും അവരിലെ എല്ലാ മതസമൂഹങ്ങളെയും സംരക്ഷിക്കേണ്ട ചുമതല ഓരോ രാഷ്ട്രത്തിന്‍റേതുമാണ്. അതുപോലെ അതാതു സ്ഥലങ്ങളില്‍ മതങ്ങള്‍ക്കിടയില്‍ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വം വളര്‍ത്താന്‍ സംവാദത്തിന്‍റെയും ധാരണയുടെയും രീതികളിലൂടെ മതനേതാക്കള്‍ പരിശ്രമിക്കുകയും, പുകയുന്ന വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും ചിന്തകള്‍ ഇല്ലാതാക്കാന്‍ പരിശ്രമിക്കേണ്ടതുമാണ്.

മതങ്ങളും മതനേതാക്കളും ചേര്‍ന്നു വളര്‍ത്തേണ്ട സമാധാന മാര്‍ഗ്ഗങ്ങള്‍ക്കു ഉദാരഹണമായി 2019 ഫെബ്രുവരിയില്‍ അബുദാബിയില്‍വച്ച് പാപ്പാ ഫ്രാന്‍സിസും അവിടെ സമ്മേളിച്ച ഇസ്ലാമിക മതനേതാക്കളും ചേര്‍ന്നിറക്കിയ സമാധാനത്തിന്‍റെ സംയുക്ത പ്രസ്താവന (Christian-Islamic Joint Declaration of Abu Dabhi) തന്‍റെ അവലോകനത്തില്‍ മതസൗഹാര്‍ദ്ദത്തിന് മാതൃകയായി മോണ്‍. ആന്‍റോണ്‍ കമിലേരി ചൂണ്ടിക്കാട്ടി. മതാചാരങ്ങളുടെയും വിശ്വാസ ജീവിതരീതികളുടെയും വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യാന്തസ്സ് മാനിക്കാനായാല്‍ വിവിധ മതവിശ്വാസികള്‍ക്ക് എവിടെയും സാഹോദര്യത്തിലും സമാധാനത്തിലും ജീവിക്കാന്‍ സാധിക്കും എന്ന പ്രസ്താവത്തോടെയാണ് ദൈര്‍ഘ്യമുള്ള അവലോകനം മോണ്‍. കമലേരി ഉപസംഹരിച്ചത്.