ഭരണങ്ങാനം: സഹനമെന്ന സമസ്യയുടെ മുന്പിൽ ഇന്ന് ആധുനികലോകം വഴിമുട്ടി നിൽക്കുകയാണെന്നും സഹനം സ്നേഹമാണെന്ന് ജീവിതംകൊണ്ട് മൊഴിമാറ്റം നടത്തിയവളാണു വിശുദ്ധ അൽഫോൻസാമ്മയെന്നും കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ. ഭരണങ്ങാനത്ത് അൽഫോൻസാ തിരുനാളിന്റെ എട്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ.
ലോകം വെറുക്കുന്ന സഹനത്തെ അൽഫോൻസാമ്മ സ്നേഹമെന്നാണു വിളിക്കുന്നത്. അൽഫോൻസാമ്മ കുരിശിൻചുവട്ടിലിരുന്നു ധ്യാനിച്ചു പഠിച്ച വിശുദ്ധ രഹസ്യങ്ങൾ ജീവിതം വ്യാഖ്യാനിച്ചാണ് സഹനങ്ങൾ സ്നേഹമാണെന്ന് ലോകത്തെ പഠിപ്പിച്ചതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു. ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. തോമസ് വലിയവീട്ടിൽ, ഫാ. മാത്യു ചീരാംകുഴി സിഎംഐ, ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ. അഗസ്റ്റിന്റെ തെരുവത്ത്, ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം ഫാ. മാത്യു പാറത്തൊട്ടി ആഘോഷമായ റംശ പ്രാർഥനയ്ക്കു നേതൃത്വം നൽകി. ജപമാല- മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോസഫ് കുറുപ്പശേരിയിൽ കാർമികത്വം വഹിച്ചു.