ഭരണങ്ങാനം: വിശുദ്ധിയുടെ വഴിയിലൂടെ ആയിരക്കണക്കിനു വിശ്വാസികൾ ഭരണങ്ങാനത്തേക്ക്. ഭാരതത്തിന്റെ ലിസ്യു ഇന്നും നാളെയും ജനനിബിഡമാകും. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായുള്ള മഠം ചാപ്പലിലേക്കുള്ള ജപമാല- മെഴുകുതിരി പ്രദക്ഷിണം ഇന്നു വൈകുന്നേരം നടക്കും. കത്തിച്ച മെഴുകുതിരികളുമായി വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം യാചിച്ച് ആയിരങ്ങൾ അണിനിരക്കും.
വൈകുന്നേരം 6.30ന് ഇടവക ദേവാലയത്തിൽനിന്നും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവുമായി ആരംഭിക്കുന്ന പ്രദക്ഷിണം തീർഥാടന ദേവാലയത്തിന്റെ മുന്പിൽ എത്തി അൽഫോൻസിയൻ വേയിലൂടെ മെയിൻ റോഡിൽ പ്രവേശിച്ച് അൽഫോൻസാമ്മ ജീവിച്ചു മരിച്ച മഠത്തിലെ ചാപ്പലിലെത്തും. റവ.ഡോ. ജോസഫ് കടുപ്പിൽ സന്ദേശം നൽകും. തുടർന്ന് മെയിൻ റോഡിലൂടെ എത്തുന്ന പ്രദക്ഷിണം ഇടവക ദേവാലയം ചുറ്റി തീർഥാടനകേന്ദ്രത്തിൽ സമാപിക്കും.