ഭരണങ്ങാനം: ആധുനിക ലോകത്തിനു പ്രത്യാശയുടെ വാതിലാണു വിശുദ്ധ അൽഫോൻസാമ്മയെന്നു സത്നാ രൂപത മുൻ ബിഷപ് മാർ മാത്യു വാണിയക്കിഴക്കേൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായി ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവവിളിയിൽ നേരിട്ട കഠിനമായ തടസങ്ങളെ ദൈവത്തിലുള്ള പ്രത്യാശയോടെ നേരിട്ടു വിജയിച്ചവളാണു അൽഫോൻസാമ്മ. നമ്മെ ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിലും ശാന്തത വെടിയാതെ പ്രത്യാശയോടെ നീങ്ങുവാൻ അൽഫോൻസാമ്മ പഠിപ്പിക്കുകയാണെന്നും മാർ മാത്യു വാണിയക്കിഴക്കേൽ ഉദ്ബോധിപ്പിച്ചു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, റവ.ഡോ.ജോസഫ് പുരയിടത്തിൽ, റവ.ഡോ.ആന്റണി പെരുമാനൂർ, വികാരി ജനറാൾ റവ.ഡോ.ജോസഫ് മലേപ്പറന്പിൽ, ഫാ. ജോസഫ് ഇടത്തുംപറന്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടന്ന ആഘോഷമായ റംശാ പ്രാർഥനയ്ക്കു ഫാ. ചെറിയാൻ മൂലയിൽ മുഖ്യകാർമികത്വം വഹിച്ചു. ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു. ഫാ. ജോർജ് ഈറ്റയ്ക്കക്കുന്നേൽ കാർമികത്വം വഹിച്ചു. ഇന്നു പുലർച്ചെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. വൈകുന്നേരം 6.30ന് ജപമാല മെഴുകുതിരി പ്രദക്ഷിണം.