1981 ൽ ജോണ്‍ പോൾ രണ്ടാമൻ ഹിരോഷിമയിൽ നടത്തിയ സമാധാനത്തിനായുള്ള ആഹ്വാനത്തെ തുടർന്ന് ഓരോവർഷവും ജപ്പാനിലെ സഭ നടത്തിവരുന്ന 10 ദിവസത്തെ പ്രാർത്ഥനാചരണം ഈ വര്‍ഷവും ആഗസ്റ്റ് 6 മുതല്‍ 15 വരെ ലോകസമാധാനത്തിനായി ആചരിക്കപ്പെടുന്നതിനെ ഓർമിപ്പിച്ച ജപ്പാനിലെ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷനും നാഗസാക്കി അതിരൂപത മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മിത്സുവാക്കി തകാമി, എല്ലാ ജനങ്ങളുടെയും സമഗ്രവികസനത്തിന്‍റെ പരിണതഫലമാണ് സമാധാനമെന്ന് വിശദീകരിച്ചു. 1981 ൽ ജോണ്‍ പോൾ രണ്ടാമൻ പാപ്പായുടെ ഹിരോഷിമ സമാധാന അപ്പീലിന് 38 വർഷവും 9 മാസവും കഴിഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ ഈ നവംബറിൽ ജപ്പാൻ സന്ദർശിക്കുമെന്നും, അങ്ങനെ ലോകത്തിന് ഒരു പുതിയ സമാധാന സന്ദേശം അയയ്‌ക്കാൻ ജപ്പാനിലെ മെത്രാൻ സമിതി ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി.
മാർപ്പാപ്പയായതിനുശേഷം ഫ്രാൻസിസ് മാർപാപ്പാ കാലാകാലങ്ങളിൽ സമാധാനത്തെക്കുറിച്ചും ആണവായുധങ്ങൾ നിർത്തലാക്കുന്നതിനെക്കുറിച്ചും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ആണവായുധ നിരോധനത്തെക്കുറിച്ചുള്ള ചരിത്രപരമായ ഉടമ്പടി 2017 ജൂലൈ 7 ന് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം അംഗീകരിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 23ന് പൊതു സമ്മേളത്തില്‍ ഒരു സന്ദേശം പാപ്പാ നൽകുകയും ചെയ്തു. തീവ്രവാദം, വ്യത്യസ്ഥ സൈനിക ശക്തിയുള്ളവർ തമ്മിലുള്ള സംഘർഷങ്ങൾ, വിവരങ്ങളുടെ സുരക്ഷ, പാരിസ്ഥിതിക പ്രശ്നങ്ങൾ, ദാരിദ്ര്യം തുടങ്ങിയവ സങ്കീർണ്ണമായരീതിയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ആധുനിക ലോകത്തിന്‍റെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്നും വ്യക്തമാക്കിയതായി ജപ്പാന്‍ മെത്രാൻ സമിതി വെളിപ്പെടുത്തി.