ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 പേടകത്തിന്റെ രണ്ടാംഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ.എസ്.ആര്.ഒ. വെള്ളിയാഴ് പുലര്‍ച്ചെ 1.08നാണ് ഭൂമിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ ദൂരമായ 251 കിലോമീറ്റര്‍ പരിധിയിലേക്കും കൂടിയ ദൂരമായ 54829 കിലോമീറ്റര്‍ പരിധിയിലേക്കും പേടകത്തെ വിജയകരമായി എത്തിച്ചത്. ഇതിനായി പേടകത്തിലെ ലിക്വിഡ് അപോജി മോട്ടോര്‍ 883 സെക്കന്‍ഡ് ജ്വലിപ്പിച്ചു.
മൂന്നാംഘട്ട ഭ്രമണപഥം (281.6×71,341) ഉയര്‍ത്തല്‍ ജൂലൈ 29ന് ഉച്ചക്ക് 2.30നും 3.30നും ഇടക്ക് നടക്കും. നാല്, അഞ്ച് ഘട്ടങ്ങള്‍ ആഗസ്റ്റ് രണ്ട് (262.1×89,743), ആഗസ്റ്റ് ആറ് (233.2 x 1,43,953) എന്നീ തീയതികളിലും ഭ്രമണപഥം ഉയര്‍ത്തും.ആഗസ്റ്റ് 14ന് ഉച്ചക്കു ശേഷം മൂന്നിനും നാലിനുമിടയിലായിരിക്കും ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റുന്ന പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ഗതിമാറ്റ ദൗത്യം (ട്രാന്‍സ് ലൂനാര്‍ ഇന്ജക്ഷന്) നടക്കുക. പേടകത്തിന്റെ ഗതിമാറ്റുന്ന ഘട്ടം ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഏറെ നിര്‍ണായകമാണ്. ട്രാന്‍സ് ലൂനാര്‍ ഇന്‍ജക്ഷനു ശേഷം ആഗസ്റ്റ് 20നായിരിക്കും (ദൗത്യത്തിെന്റ 30ാം ദിവസം) ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുക.