തിരുവനന്തപുരം: സീസണിലെ ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തിയ ആഴ്ചയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലെ വടകര മേഖലയിലെന്ന് കണക്കുകള്‍. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ കണക്കുകള്‍ പ്രകാരം. ജൂലൈ 19 മുതല്‍ 23 വരെ തുടര്‍ച്ചയായി 5 ദിവസം മഴ കണക്കില്‍ വടകര സെഞ്ച്വറി അടിച്ചിരുന്നു. 100 മില്ലിമീറ്ററിലേറെ മഴയാണ് ഈ ദിവസങ്ങളില്‍ ഇവിടെ രേഖപ്പെടുത്തിയത്. ഇതില്‍ ജൂലൈ 22-ന് മാത്രം 200 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്തു. ആറ് ദിവസം കൊണ്ട് 853 മില്ലി മീറ്റര്‍ മഴയാണ് വടകരയില്‍ പെയ്തത്. ജൂലൈ 19 മുതല്‍ കേരളത്തില്‍ ശക്തമായിരുന്ന കാലവര്‍ഷം ഇന്നലെയോടെയാണ് ദുര്‍ബലമായത്. ഈ ആറ് ദിവസങ്ങളിലും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു.