വാർത്തകൾ

🗞🏵 *എൽദോ എബ്രഹാം എം എൽ എയെ പോലീസ് മർദിച്ച സംഭവത്തിൽ മന്ത്രിസഭായോഗത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സി പി ഐ മന്ത്രിമാർ.* കണ്ടാലറിയുന്ന എം എൽ എയെ ലോക്കൽ പോലീസ് തല്ലിയത് നിയമവാഴ്ച തകർന്നതിന്റെ ഉദാഹരണമാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

🗞🏵 *വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടർക്ക് ജില്ലാ കളക്ടറുടെ മാതൃകാപരമായ ശിക്ഷ.* ശിശുഭവനിലെ കെയർ ടേക്കറായി പ്രവർത്തിക്കാനാണ് മലപ്പുറം ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുള്ളത്.

🗞🏵 *അമ്പൂരിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്.* തിരുവനന്തപുരം പൂവാർ സ്വദേശിനി രാഖിമോളുടെ മൃതദേഹമാണ് ബുധനാഴ്ച രാവിലെ അമ്പൂരിയിലെ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് യുവാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായക വഴിത്തിരിവായത്.

🗞🏵 *നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ മൂന്ന് പോലീസുകാർകൂടി അറസ്റ്റിൽ.* നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന റോയ് പി വർഗീസ്, സിവിൽ പോലീസ് ഓഫീസർ ജിതിൻ കെ ജോർജ്, ഹോം ഗാർഡ് ജയിംസ് എന്നിവരുടെ അറസ്റ്റാണ് ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയത്.

🗞🏵 *മധ്യപ്രദേശ് നിയമസഭയിൽ രണ്ട് ബി ജെ പി എം എൽ എമാർ കമൽനാഥ് സർക്കാരിന് അനുകൂലമായി വോട്ട്
ചെയ്തു* ക്രിമിനൽ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനിടെയാണ് ബി ജെ പി എം എൽഎമാരായ നാരായൺ ത്രിപാഠി, ശരദ് കോൾ എന്നിവർ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്തത്.

🗞🏵 *രാഹുൽഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോൺഗ്രസ് അധ്യക്ഷന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവർത്തക സമിതി യോഗംചേരും.* മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തതാണ് ഇക്കാര്യം. വരുന്ന ആഴ്ചകളിൽ കോൺഗ്രസ് പ്രവർത്തക സമിതി തീരുമാനത്തിലെത്തുമെന്ന് നേതാക്കൾ പറഞ്ഞു.

🗞🏵 *പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലും യു.എ.പി.എ. ഭേദഗതി ബിൽ ലോക്സഭ പാസാക്കി.* എട്ടിനെതിരെ 287 വോട്ടുകൾക്കാണ് ഭീകരവിരുദ്ധ നിയമഭേദഗതി ലോക്സഭയിൽ പാസായത്. കോൺഗ്രസ് വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി.

🗞🏵 *യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസ് പ്രതിയുടെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ വിചിത്രവാദവുമായി എൽ ഡി എഫ് കൺവീനർ എ. വിജയരാഘവൻ.* ഉത്തരമെഴുതാത്ത കടലാസിനെയാണ് മാധ്യമങ്ങൾ ഉത്തരക്കടലാസെന്നു പറയുന്നത്. അതിന് വെള്ളക്കടലാസിന്റെ വിലയേ ഉള്ളൂ- വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
പിടിച്ചെടുത്തുവെന്ന് പറയുന്ന സീലിൽ അക്ഷരങ്ങൾ നേരെയാണെന്നും സാധാരണ സീലിൽ തിരിച്ചാണെഴുതുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

🗞🏵 *ജൂലൈ 25,26,27,28 തിയതികളിൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.*

🗞🏵 *എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർഥി സംഘർഷം.* എസ്.എഫ്.ഐ. പ്രവർത്തകരും ഫ്രറ്റേണിറ്റി പ്രവർത്തകരും ക്യാമ്പസിൽ ഏറ്റുമുട്ടി. പരിക്കേറ്റ ഫ്രറ്റേണിറ്റി പ്രവർത്തകർ ആശുപത്രിയിൽ ചികിത്സ തേടി. അടച്ചിട്ട യൂണിയൻ ഓഫീസ് എസ്.എഫ്.ഐ. പ്രവർത്തകർ പൂട്ടു പൊളിച്ച് തുറന്നതാണ് സംഘർഷത്തിന് കാരണമായതെന്ന് വിദ്യാർഥികൾ പറഞ്ഞു.

🗞🏵 *ലോക്സഭയിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് തൃണമൂൽ എം.പി. മഹുവ മോയിത്ര.* യു.എ.പി.എ. നിയമത്തിൽ ഭേദഗതി നിർദേശിക്കുന്ന ബില്ലിൽ നടന്ന ചർച്ചയിലാണ് തൃണമൂലിന്റെ പെൺപുലി കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്.

🗞🏵 *ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആൾക്കൂട്ട ആക്രമണമടക്കം സമീപകാലത്തായി രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളിൽ ശ്രദ്ധപതിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവർത്തകരായ 49 പ്രമുഖരുടെ കത്ത്.* നടി അപർണാ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ എന്നിവരടക്കമുള്ള പ്രമുഖർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

🗞🏵 *രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) പുറത്തുവിട്ടു.* എട്ട് വ്യാജന്മാരുമായി ഉത്തർ പ്രദേശും ഏഴെണ്ണമുള്ള ഡൽഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ആകെ 23 സർവകലാശാലകളുടെ പേരുവിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ കേരളത്തിൽനിന്നുള്ള ഒരു സർവകലാശാലയുമുണ്ട്. കഴിഞ്ഞ പത്തുവർഷത്തിലേറെയായി വ്യാജ സർവകലാശാലകളുടെ പട്ടികയിൽ സ്ഥാനംപിടിക്കുന്ന സെന്റ് ജോൺസ് സർവകലാശാല, കിഷനാട്ടം തന്നെയാണ് ഇത്തവണയും കേരളത്തിൽനിന്ന് പട്ടികയിലുള്ളത്. ഇങ്ങനെയൊരു സർവകലാശാലയെപ്പറ്റിയോ സ്ഥലത്തെപ്പറ്റിയോ മലയാളികൾക്കൊന്നും വലിയ പിടിപാടില്ല. എന്നാൽ സംഗതി സത്യമാണെന്നാണ് യുജിസിയുടെ മുന്നറിയിപ്പ്.

🗞🏵 *പി.എസ്.സിയെ തകർക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* പി.എസ്.സിയെക്കുറിച്ച് യുവജനങ്ങളിൽ അങ്കലാപ്പ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

🗞🏵 *പുൽവാമ ഭീകരാക്രമണത്തിൽ വിവാദ പരാമർശവുമായി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.* പുൽവാമ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും തദ്ദേശീയനായ യുവാവാണ് ആക്രമണം നടത്തിയതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ത്യയിലും ജെയ്ഷെ മുഹമ്മദ് പ്രവർത്തിക്കുന്നുണ്ടെന്നും അമേരിക്കൻ സന്ദർശനത്തിനിടെ നടത്തിയ പ്രസ്താവനയിൽ ഇമ്രാൻ ഖാൻ പറഞ്ഞു.

🗞🏵 *ക്യൂബയിൽ ജോലി ചെയ്ത 40 അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ തലച്ചോറിന് ദുരൂഹമായ സാഹചര്യത്തിൽ പരിക്കേറ്റെന്ന് പഠന റിപ്പോർട്ട്.* 40 പേരുടെയും മസ്തിഷ്കം സ്കാൻ ചെയ്തതിൽ നിന്നാണ് ഈ കണ്ടെത്തൽ. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

🗞🏵 *ജോസ്.കെ മാണിയും പി.ജെ ജോസഫും വെവ്വേറെ സ്ഥാനാർഥികളുമായി അധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടന്നില്ല.* കേരള കോൺഗ്രസിലെ രണ്ട് വിഭാഗങ്ങളുമായും കോൺഗ്രസ് നേതൃത്വം ചർച്ചനടത്തിയെങ്കിലും രണ്ട് കൂട്ടരും വഴങ്ങിയില്ല

🗞🏵 *കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കാൻ സാധ്യതയുള്ള വിമതരുടെ പട്ടികയിൽ ആർ.ശങ്കറിന്റെ പേരും ഇടംപിടിച്ചു.* ആർ.ശങ്കർ സ്വതന്ത്രനല്ലെന്നും ഇയാളുടെ പാർട്ടിയായ കെ.പി.ജെ.പി. കോൺഗ്രസിൽ ലയിച്ചതാണെന്നും കോൺഗ്രസ് സ്പീക്കറെ അറിയിച്ചതോടെയാണിത്.

🗞🏵 *വിശ്വാസവോട്ടെടുപ്പിൽ കോൺഗ്രസ്-ജനതാ ദൾ (എസ്) സർക്കാർ താഴെവീണ സാഹചര്യത്തിൽ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി.* യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്

🗞🏵 *10 ദിവസത്തെ ഇടവേളക്ക് ശേഷം മുംബൈയിൽ വീണ്ടും കനത്ത മഴ.* ഇരുട്ട് മൂടിയ അന്തരീക്ഷവും കനത്ത മഴയേയും തുടർന്ന് നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. ഇന്ന് രാവിലെ അന്ധേരിയിൽ മൂന്ന് കാറുകൾ തമ്മിൽ കൂട്ടിയിച്ച് എട്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി മുഴുവൻ പെയ്ത മഴയിൽ നഗരത്തിന്റെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി.

🗞🏵 *ജപ്പാനീസ് വാഹന നിർമാതാക്കളായ നിസ്സാൻ ആഗോള വ്യാപകമായി 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു.*

🗞🏵 *കർണാടകയിലെ കോൺഗ്രസ്-ജനതാദൾ സർക്കാരിനെ പുറത്താക്കിയ ബിജെപിയുടെ നടപടിക്കെതിരെ വിമർശനവുമായി പ്രിയങ്കാ ഗാന്ധി.* എല്ലാവരേയും വിലക്ക് വാങ്ങാൻ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബിജെപിക്ക് വരുമെന്ന് അവർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ വിമർശനം.

🗞🏵 *2019-20 വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി.* ഓഗസ്റ്റ്-31 ആണ് പുതുക്കിയ തീയതി. ജൂലായ് 31 ആയിരുന്നു നേരത്തേ നൽകിയ സമയപരിധി.

🗞🏵 *വൈകിയോടുന്നതിനു പിന്നാലെ ട്രെയിനുകളിലെ കോച്ചുകൾ കുറച്ചും റയിൽവേ യാത്രക്കാരെ വലയ്ക്കുന്നതായി പരാതി* ഏറെ തിരക്കുള്ള പരശുറാം എക്സ്പ്രസിൽ നിന്ന് നാലു കോച്ചുകളാണ് ഇന്നലെ പിൻവലിച്ചത്. പാലരുവി എക്സ്പ്രസിൽ 4 കോച്ചുകൾ കൂടി അനുവദിച്ചതായി പ്രഖ്യാപനം വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പഴയപടി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു.

🗞🏵 *സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിൽനിന്നു ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി.* 2019ൽ ഇൻസ്റ്റഗ്രാമിൽനിന്നു കൂടുതൽ പണം സമ്പാദിച്ച പത്തു കായിക താരങ്ങളുടെ പട്ടികയാണു പുറത്തുവന്നിരിക്കുന്നത്. പട്ടികയിലുള്ള ഒരേയൊരു ക്രിക്കറ്റ് താരവും ഇന്ത്യക്കാരനും സാക്ഷാല്‍ കോലി തന്നെ!. ഇന്‍സ്റ്റഗ്രാം പോസ്റ്റുകൾക്കായി താരം ഈടാക്കുന്നത് 1,96,000 ഡോളറാണ്. ഏകദേശം 1.36 കോടി രൂപ.

🗞🏵 *കേരളത്തിലെ കസ്റ്റഡി മരണങ്ങളിൽ പ്രതികളാകുന്നത് പി.എസ്.സി. വഴി അനധികൃത നിയമനം ലഭിച്ച പോലീസുകാരാണെന്ന ആരോപണവുമായി പി.ടി.തോമസ്.* ഇടതു സർക്കാരിന്റെ കാലത്ത് 2007-08ൽ എസ്ഐ സെലക്ഷനിൽ ഭീകരമായ തട്ടിപ്പ് നടന്നു. 2013-14ൽ ഈ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനവും നൽകി. കേരളത്തിൽ കുപ്രസിദ്ധിയാർജിച്ച വരാപ്പുഴ, നെടുങ്കണ്ടം കസ്റ്റഡി മരണങ്ങളിൽ പ്രതികളായിരിക്കുന്നത് ഈ റാങ്ക് ലിസ്റ്റിൽ നിന്നുള്ളവരാണ്. ഇതൊക്കെ കൂട്ടിവായിക്കേണ്ടതുണ്ടെന്നും പി.ടി.തോമസ് എംഎൽഎ പറഞ്ഞു.

🗞🏵 *30,000 മുതൽ 40,000 വരെ ഭീകരവാദികൾ ഇപ്പോഴും പാകിസ്താനിലുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.* പരിശീലനം നേടിയ ഇവർ അഫ്ഗാനിസ്താനിലും കശ്മീരിലും ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും അമേരിക്ക സന്ദർശനത്തിനിടെ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കവെ ഇമ്രാൻ തുറന്നു സമ്മതിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ടുചെയ്തു

🗞🏵 *ക്രിക്കറ്റിന്റെ മക്കയായ ലോർഡ്സിലെ തങ്ങളുടെ ആദ്യ ടെസ്റ്റ് ഗംഭീരമാക്കി അയർലൻഡ്.* ആതിഥേയരായ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിങ്സിൽ അയർലൻഡ് വെറും 85 റൺസിന് ഓൾഔട്ടാക്കി

🗞🏵 *പോക്സോ നിയമഭേദഗതി ബിൽ സംബന്ധിച്ച ചർച്ചയ്ക്കിടെ കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവം വിവരിച്ച് രാജ്യസഭാംഗം.* തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനാണ് കാര്യങ്ങൾ തുറന്നു പറഞ്ഞത്.

🗞🏵 *രണ്ടായിരത്തിയറുനൂറോളം തടവുപുള്ളികൾക്ക് മാപ്പു നൽകാൻ തീരുമാനം എടുത്ത സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്തു ക്യൂബയിലെ സഭാനേതൃത്വം.* തടവുപുള്ളികളുടെ കുടുംബങ്ങളുടെ സന്തോഷത്തോടൊപ്പം മെത്രാന്മാരും, വൈദികരും, ഡീക്കൻമാരും സന്യാസ്തരും അൽമായരും, തടവുപുള്ളികളുടെ ഇടയിൽ അജപാലന ശുശ്രൂഷ നിർവഹിക്കുന്ന തങ്ങളും പങ്കുചേരുന്നതായി ക്യൂബയിലെ മെത്രാൻ സമിതിയുടെ കമ്മീഷൻ ഏജൻസിയ ഫിഡെസ് എന്ന മാധ്യമത്തിന് നൽകിയ കുറിപ്പിൽ പറഞ്ഞു

🗞🏵 *തീവ്ര യഹൂദ സംഘടനകൾ പ്രാദേശിക ക്രൈസ്തവ സമൂഹങ്ങൾക്ക് നേരെ നടത്തുന്ന ആക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി വിശുദ്ധ നാട്ടിലെ മെത്രാന്മാര്‍.* ക്രൈസ്തവർക്ക് നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്നാണ് മെത്രാന്മാർ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഗലീലിയില്‍ ക്രൈസ്തവ വിശ്വാസികളുടെ വാഹനങ്ങളിൽ അജ്ഞാതർ ഹീബ്രു ഭാഷയിൽ ക്രിസ്ത്യന്‍ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ സംഭവമാണ് തീവ്ര യഹൂദ നിലപാട് ഉയര്‍ത്തുന്നവര്‍ നടത്തിയ ഒടുവിലത്തെ ആക്രമണം.
 
🗞🏵 *ബ്രസീൽ ഫുട്ബോളിലെ പേരുകേട്ട മധ്യനിര താരം ഫിലിപ്പ് കുട്ടീഞ്ഞോയുടെ മകളുടെ മാമോദീസ സ്വീകരണത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു.* ഇൻസ്റ്റാഗ്രാമിൽ താരം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഭാര്യയോടും രണ്ടു കുട്ടികളോടും ഒപ്പം വെളുത്ത വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമാണ് അദേഹം പോസ്റ്റ് ചെയ്തത്. “ഞങ്ങളുടെ രാജ്ഞിയുടെ മാമ്മോദീസ സ്വീകരണം, ദൈവം എപ്പോഴും എന്റെ പെൺ മക്കളോടൊപ്പം ഉണ്ടാകട്ടെ, ദൈവമേ എല്ലാറ്റിനും നന്ദി” എന്ന വാക്കുകളോടെയാണ് പോസ്റ്റ്. ആറരലക്ഷത്തോളം ആളുകളാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്

🗞🏵 *സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിലെ ക്രൈസ്തവ ഗ്രാമമായ അല്‍-യാക്കൂബിയയില്‍ താമസിച്ചിരിന്ന അറുപതു വയസ്സുള്ള ക്രിസ്ത്യന്‍ സ്ത്രീയെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ട ബലാത്സംഗം ചെയ്ത ശേഷം കല്ലെറിഞ്ഞു കൊലപ്പെടുത്തി.* അര്‍മേനിയന്‍ സ്വദേശിനിയായ സൂസന്‍ ഡെര്‍ കിര്‍കോര്‍ എന്ന സ്ത്രീയാണ് ‘ജാബത് അല്‍-നസ്ര’ ഇസ്ലാമിക സംഘടനയില്‍പ്പെട്ട തീവ്രവാദികളുടെ കൊടുംക്രൂരതക്കിരയായത്. ജൂലൈ 8 തിങ്കളാഴ്ച ഉച്ചക്ക് ശേഷം മുതല്‍ ജൂലൈ 9 പുലര്‍ച്ചെ വരെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയ ശേഷമാണ് തീവ്രവാദികള്‍ സൂസനെ കല്ലെറിഞ്ഞു കൊന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 9നു ഇടവകാംഗങ്ങളാണ് വയോധികയുടെ മൃതദേഹം കണ്ടെത്തുന്നത്.
 
🗞🏵 *വാഹന ലോകം ഉറ്റുനോക്കുന്നത് ഇന്ന് നടക്കാനിരിക്കുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലേക്കാണ്.* ധനമന്ത്രി നിര്‍മല സീതാരാമനാണ് അദ്ധ്യക്ഷ. യോഗത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ തീരുമാനം ഉണ്ടായേക്കും.

🗞🏵 *രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗംചേരും.* മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.

🗞🏵 *പാക്കിസ്ഥാനിലെ തീവ്രവാദികളുടെ എണ്ണം കൃത്യമായി വെളിപ്പെടുത്തി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.* നാല്‍പ്പതിനായിരത്തോളം തീവ്രവാദികള്‍ തന്റെ രാജ്യത്തുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാക്ക് പ്രധാനമന്ത്രി ഒരു പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
🇨🇮🇹🇩🇫🇷🇨🇮🇹🇩🇫🇷🇨🇮🇹🇩🇫🇷🇨🇮🇹🇩
*ഇന്നത്തെ വചനം*

അപ്പോള്‍, സെബദീപുത്രന്‍മാരുടെ മാതാവ്‌ തന്‍െറ പുത്രന്‍മാരോടുകൂടെ വന്ന്‌ അവന്‍െറ മുമ്പില്‍യാചനാപൂര്‍വം പ്രണമിച്ചു.
അവന്‍ അവളോടു ചോദിച്ചു: നിനക്ക്‌ എന്താണു വേണ്ടത്‌? അവള്‍ പറഞ്ഞു: നിന്‍െറ രാജ്യത്തില്‍ എന്‍െറ ഈ രണ്ടു പുത്രന്‍മാരില്‍ ഒരുവന്‍ നിന്‍െറ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്‍പിക്കണമേ!
യേശു മറുപടി നല്‍കി: നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ക്കു കഴിയും.
അവന്‍ അവരോടു പറഞ്ഞു: എന്‍െറ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്‍െറ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത്‌ എന്‍െറ പിതാവ്‌ ആര്‍ക്കുവേണ്ടി സജ്‌ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്‌.
ഇതു കേട്ടപ്പോള്‍ ബാക്കി പത്തുപേര്‍ക്കും ആ രണ്ടു സഹോദരന്‍മാരോട്‌ അമര്‍ഷംതോന്നി.
എന്നാല്‍, യേശു അവരെ അടുത്തുവിളിച്ച്‌ ഇപ്രകാരം പറഞ്ഞു: വിജാതീയരുടെ ഭരണകര്‍ത്താക്കള്‍ അവരുടെമേല്‍യജമാനത്വം പുലര്‍ത്തുന്നുവെന്നും അവരുടെ പ്രമാണികള്‍ അവരുടെമേല്‍ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങള്‍ക്കറിയാമല്ലോ.
എന്നാല്‍, നിങ്ങളുടെയിടയില്‍ അങ്ങനെയാകരുത്‌.
നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ.
മത്തായി 20 : 20-28
🇨🇮🇹🇩🇫🇷🇨🇮🇹🇩🇫🇷🇨🇮🇹🇩🇫🇷🇨🇮🇹🇩

*വചന വിചിന്തനം*
ഇന്ന് സഭയിൽ യാക്കോബ് ശ്ലീഹായുടെ തിരുനാൾ ആചരിക്കുന്നു. കർത്താവിനോട് ഏറ്റവും അടുപ്പം പുലർത്തിയ ശിഷ്യന്മാരിൽ ഒരാളായിരുന്നു യാക്കോബ്. ഈശോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിക്കുവാൻ ഈശോ കൂട്ടിക്കൊണ്ടു പോകാറുള്ളത് പത്രോസ്, യാക്കോബ് ,യോഹന്നാൻ എന്നിവരെ ആയിരുന്നു. ഈശോയോടുള്ള ഈ അടുത്ത ബന്ധം യാക്കോബ് ശ്ലീഹാ തന്റെ രക്തസാക്ഷിത്വത്തിലും പ്രകടമാക്കി. ശ്ലീഹന്മാരുടെ ഇടയിൽനിന്നും ആദ്യം രക്തസാക്ഷിത്വം വരിക്കുന്നത് യാക്കോബ് ശ്ലീഹായാണ്. യാക്കോബ് എന്ന വാക്കിന് കുതികാലിൽ പിടിക്കുന്നവൻ എന്ന ഒരു അർത്ഥം ഉണ്ടെങ്കിലും ഉപ്പൂറ്റി കൊണ്ട് അനുഗമിക്കുന്നവൻ എന്നൊരു അർത്ഥം കൂടി പറയപ്പെടുന്നുണ്ട്. എന്നുപറഞ്ഞാൽ ഉറച്ച കാൽവെയ്പ്പോടെ അനുഗമിക്കുന്നവൻ എന്നാണ് അർത്ഥം. യാക്കോബ് ശ്ലീഹായെ പോലെ ഉറച്ച കാൽവെപ്പോടുകൂടി കർത്താവിനെ അനുഗമിക്കുവാൻ ഉള്ള കൃപയ്ക്കായി നമുക്ക് അദ്ദേഹത്തിൻറെ മാധ്യസ്ഥം അപേക്ഷിക്കാം.

🇨🇮🇹🇩🇫🇷🇨🇮🇹🇩🇫🇷🇨🇮🇹🇩🇫🇷🇨🇮🇹🇩

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*