സിംഗപ്പൂർ അതിരൂപത കാത്തോലിക്കാ യുവജനദിനം ആചരിച്ചു. “എല്ലാ നാമങ്ങൾക്കും ഉപരിയായി യേശുവിന്‍റെ നാമം” എന്ന പ്രമേയം ആസ്പദമാക്കി കത്തോലിക്കാ വിശ്വാസത്തിന്‍റെ കേന്ദ്രമായ യേശു ക്രിസ്തുവിനെ ആഘോഷിക്കുകയായിരുന്നു. യുവജനങ്ങൾക്കായുള്ള കാര്യാലയം സംഘടിപ്പിച്ച ഈ സംരംഭം 16 നും 35 വയസ്സിനും ഇടയിലുള്ള യുവാക്കൾക്ക് ഏകവും, വിശുദ്ധവും, കാതോലികവും അപ്പോസ്തോലികവുമായ സഭയുടെ ഭാഗമാവുക, യേശു ക്രിസ്തുവിൽ ജീവിക്കുകയെന്നാൽ എന്തെന്ന് അനുഭവിക്കാനുള്ള ഒരു ക്ഷണമായിരുന്നു. രണ്ടു ഭാഗങ്ങളായി ദിവസത്തെ പരിപാടികൾ ക്രമീകരിച്ചിരുന്നു. ആരാധനയോടും സ്തുതിപ്പോടും കൂടിയാരംഭിച്ച ആദ്യഭാഗത്തു ഫാ.ബ്രയന്‍റെ പ്രസംഗവും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരിശീലന കളരികളും നടത്തി. വൈകിട്ട് സിംഗപ്പൂരിലെ മെത്രാപോലിത്താ വില്യം ഗോയുടെ മുഖ്യകാർമ്മീകത്വത്തിൽ ദിവ്യബലിയും അർപ്പിക്കപ്പെട്ടു. സായാഹ്ന ഭക്ഷണത്തിനു ശേഷം യുവജനകാര്യാലയം യുവജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അവതരിപ്പിക്കുകയും, യുവജനഞാൾക്കായുള്ള ചാപ്ലിൻ ഫാ. ജൂഡ് ഡേവിഡിന്‍റെ പ്രസംഗവും ഉണ്ടായിരുന്നു. പരിശുദ്ധ കുർബ്ബാനയുടെ മുന്നിൽ 10.30ന് ജാഗരണത്തിനായി ഒന്നിച്ചുവന്ന യുവാക്കളെ പ്രാർത്ഥനയിൽ വിവിധ യുവജന സമൂഹങ്ങൾ നയിച്ചു. അനുരജ്ഞനകൂദാശയ്ക്കുള്ള സൗകര്യവും ഒരുക്കിയിരുന്നു. കത്തോലിക്കാ യുവജനദിനം കത്തോലിക്കാ യുവാക്കൾക്കു സുവിശേഷവൽക്കരണത്തിൽ ഭാഗഭാക്കാകാനുള്ള ഒരു ക്ഷണമാണെന്നും, യേശുവിനെ അറിയാത്ത അല്ലെങ്കിൽ സഭയിൽ നിന്നകന്നുപോയ ഒരു ചെറുപ്പക്കാരനെയെങ്കിലും ക്ഷണിക്കാനുള്ള സന്ദര്‍ഭമാണെന്നും, അത് ചെറുപ്പക്കാരോടോത്തു വിശ്വാസം ആഘോഷിക്കാനും, ജീവിതത്തിന്‍റെ ഉറവയും അർത്ഥവുമായ യേശു ക്രിസ്തുവിനെ മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള അവസരവുമാണെന്നും യുവജന കാര്യാലയത്തിന്‍റെ ചാപ്ലിൻ ഫാ. ബ്രയാൻ ഡിസൂസ ഫിഡെസ് ന്യൂസിനോടു പറഞ്ഞു.
സിംഗപ്പൂരില്‍ യുവജന ദിനം ആചരിച്ചു
