ഭരണങ്ങാനം: ജീവിതനാളുകളിൽ പരിധിയില്ലാതെ സ്നേഹിച്ചവളും പരാതിയില്ലാതെ സഹിച്ചവളുമാണു വിശുദ്ധ അൽഫോൻസാമ്മയെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ആറാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഇഷ്ടപ്പെട്ടവരെ മാത്രം സ്നേഹിക്കുന്നത് പരിധിയുള്ള സ്നേഹമാണ്. എന്നാൽ, അൽഫോൻസാമ്മ പരിധി വയ്ക്കാതെ സ്നേഹിച്ച വ്യക്തിയാണ്. തന്നെ വേദനിപ്പിച്ചവരെയും കുറ്റം പറഞ്ഞവരെയുമെല്ലാം അൽഫോൻസാമ്മ പ്രത്യേകമായി സ്നേഹിച്ചു. അതുകൊണ്ട് പരാതികളില്ലാതെ സഹിക്കാൻ അമ്മയ്ക്ക് കഴിഞ്ഞു. ഈശോയോടുള്ള സ്നേഹംമൂലമാണ് അൽഫോൻസാമ്മയ്ക്കു ഇതിനു കഴിഞ്ഞത്. അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചാൽ മാത്രം പോരാ നാം അൽഫോൻസാമ്മയുടെ മാതൃക അനുകരിക്കാനും കടപ്പെട്ടവരാണെന്നും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ബോധിപ്പിച്ചു.
ഇന്നലെ വിവിധ സമയങ്ങളിൽ ഫാ. ജോസഫ് കിഴക്കേക്കര, ഫാ.മൈക്കിൾ പനച്ചിക്കൽ വിസി, ഫാ. തോമസ് കിഴിക്കേക്കൊല്ലിത്താനം, ഫാ. തോമസ് തയ്യിൽ, ഫാ. സെബാസ്റ്റ്യൻ പടിയ്ക്കക്കുഴുപ്പിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിനു ഫാ. ജോസഫ് അന്പാട്ട് മുഖ്യകാർമികത്വം വഹിച്ചു.
ഇന്നു രാവിലെ 11ന് സത്ന ബിഷപ് മാർ മാത്യു വാണിയകിഴക്കേൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.പുലർച്ചെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും അഞ്ചിനും വിശുദ്ധ കുർബാന. 6.30ന്് ജപമാല, മെഴുകുതിരി പ്രദക്ഷിണം.