സിറിയയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയില്‍ മാര്‍പ്പാപ്പാ ആശങ്ക പ്രകടിപ്പിക്കുന്നു.സമഗ്രമാനവപുരോഗതിക്കായുള്ള റോമന്‍കൂരിയാവിഭാഗത്തിന്‍റെ തലവനായ കര്‍ദ്ദിനാള്‍ പീറ്റര്‍ കോദ്വൊ അപ്പിയ ടര്‍ക്ക്സണ്‍ വശം കൊടുത്തയച്ചതും തിങ്കളാഴ്ച (22/07/19) രാവിലെ സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസ്സില്‍ വച്ച് അന്നാടിന്‍റെ പ്രസിഡന്‍റ് ബഷാര്‍ ഹഫെസ് അല്‍ അസ്സാദുമായി നടത്തിയ കൂടിക്കാഴ്ചാവേളയില്‍ അദ്ദേഹത്തിനു കൈമാറിയതുമായ കത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ ആശങ്ക അറിയച്ചതെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയത്തിന്‍റെ, പ്രസ്സ് ഓഫീസിന്‍റെ പുതിയ മേധാവി മത്തേയൊ ബ്രൂണി ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി. പ്രസ്സ് ഓഫീസിന്‍റെ പുതിയ മേധാവിയായി മത്തേയൊ ബ്രൂണിയെ പാപ്പാ പതിനെട്ടാം തീയതി വ്യാഴാഴ്ചയാണ് (18/07/19) നിയമിച്ചതെങ്കിലും തിങ്കളാഴ്ചയാണ് തന്‍റെ ദൗത്യം അദ്ദേഹം ഔദ്യോഗികമായി ആരംഭിച്ചത്.
സംഘര്‍ഷം മൂലം സിറിയയിലെ ഇദ്ലിബില്‍ പൗരന്മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കാനും ചിതറിപ്പോയവരുടെ തിരിച്ചുവരവിന് സുരക്ഷാനടപടികള്‍ ഒരുക്കാനും തടവുകാരെ വിട്ടയക്കാനും രാഷ്ട്രീയ തടവുകാര്‍ക്ക് മനുഷ്യോചിതമായ അവസ്ഥകള്‍ സംജാതമാക്കാനും കത്തില്‍ ആവശ്യപ്പെടുന്ന പാപ്പാ സമാധാന സംഭാഷണവും ചര്‍ച്ചകളും അന്താരാഷ്ട്രസംഘടനകളുടെ സഹായത്തോടെ പുനരാരംഭിക്കാനുള്ള അഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയും ചെയ്യുന്നു.പ്രസിഡന്‍റ് ബഷാര്‍ അല്‍ അസ്സാദുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ കര്‍ദ്ദിനാള്‍ ടര്‍ക്സണോടൊപ്പം സിറിയയിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ കര്‍ദ്ദിനാള്‍ മാരിയൊ ത്സെനാറിയും സമഗ്രമാനവപുരോഗതിക്കായുള്ള റോമന്‍കൂരിയാവിഭാഗത്തിന്‍റെ ഉപകാര്യദര്‍ശിയായ വൈദികന്‍ നിക്കോള റിക്കാര്‍ദിയുമുണ്ടായിരുന്നു.