കുഴിക്കാട്ടുശേരി (മാള): ദിവ്യകാരുണ്യ ഉപാസകനും കുടുംബ കേന്ദ്രീകൃത അജപാലന ശുശ്രൂഷയുടെ മധ്യസ്ഥനുമായ ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണ ദിനാചരണം കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർഥാടന കേന്ദ്രത്തിൽ നടത്തി. ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ 55-ാം ചരമവാർഷികവും 154-ാം ജന്മദിനവുമാണ് വിതയത്തിലച്ചന്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്ന ഇവിടെ ഇന്നലെ അനുസ്മരിച്ചത്. ഇന്നലെ തിരുക്കർമങ്ങൾക്കു മുന്നോടിയായി ദീപം തെളിച്ചു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ, ഫാ. വർഗീസ് വിതയത്തിൽ സിഎംഐ, ഫാ. ജോസ് കാവുങ്ങൽ, ഹോളിഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ ഉദയ സിഎച്ച്എഫ്, റവ. ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് ഗോപുരം, സിസ്റ്റർ ഇസബെൽ സിഎച്ച്എഫ്, ജോജോ പോൾ വിതയത്തിൽ, ജോസ് വിതയത്തിൽ എന്നിവർ ദീപങ്ങൾ തെളിച്ചു. തുടർന്നുനടന്ന ആഘോഷമായ സമൂഹബലിയിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകി. ദിവ്യബലിയെത്തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർഥനാ ശുശ്രൂഷകൾ നടന്നു. തുടർന്ന് നേർച്ച ഉൗട്ടും ഉണ്ടായിരുന്നു. ഹോളിഫാമിലി സന്യാസസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ഉദയ സിഎച്ച്എഫ് നന്ദി പ്രകാശിപ്പിച്ചു.
ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണം നടത്തി
