ഹൂസ്റ്റൺ: ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ഹൂസ്റ്റൺ ആതിഥേയത്വം വഹിക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനിൽ നാലായിരത്തിൽപ്പരം വിശ്വാസികൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ റഗുലർ രജിസ്ട്രേഷൻ ക്ലോസ് ചെയ്തതായി രജിസ്‌ട്രേഷൻ ചെയർമാൻ സുനിൽ കുര്യൻ പറഞ്ഞു. കൺവെൻഷനു വേദിയൊരുക്കുന്ന ഹിൽട്ടൺ അമേരിക്കാസും അതിനോട് ചേർന്നുള്ള മാരിയോട്ടിലെയും ആയിരത്തിൽ പ്പരം മുറികൾ നേരത്തെ തന്നെ നിറഞ്ഞതിനാലാണിത്.

വിശ്വാസികളുടെ സൗകര്യാർഥം താമസസൗകര്യമില്ലാതെയുള്ള രജിസ്‌ടേഷൻ ഇനിയും തുടരും. നാല് ദിവസങ്ങളിൽ 15 സ്റ്റേജുകളിലായി പരിപാടികൾ സമാന്തരമായി നടക്കുമെന്ന് ഇവന്റ് കോർഡിനേറ്റർ അനീഷ് സൈമൺ. 35 പ്രഭാഷകരാണ സെഷനുകൾ നയിക്കാനെത്തുന്നത്. കൂടാതെ, മ്യൂസിക് കൺസേർട്ട് ഉൾപ്പെടെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്.പ്രീ കെ , മിഡ് സ്‌കൂൾ, യൂത്ത്, മുതിർന്നവർ തുടങ്ങി വിവിധ കാറ്റഗറികളിലും മിക്‌സഡ് കാറ്റഗറികളിലുമാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി പോൾ ജോസഫ് പറഞ്ഞു.