കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കത്തോലിക്ക കോണ്‍ഗ്രസ് സമുദായ നേതാക്കളുമായി നടത്തിയ സംഭാഷണത്തെ ദുഷ്ടലാക്കോടെ ചിലർ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലനീയമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം.
കത്തോലിക്ക കോണ്‍ഗ്രസിന്റ നേതൃത്വത്തിൽ പിഒസിയിൽ ചേർന്ന സമുദായ നേതൃസംഗമം ഒറ്റക്കെട്ടായി സഭാതലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും സഭാ സിനഡിനും പിന്തുണ പ്രഖ്യാപിക്കുകയും തുടർന്നു സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി കർദിനാളിനെ നേരിട്ടു കാണുകയുമായിരുന്നു. സഭയുടെ നന്മയ്ക്കും കൂട്ടായ്മയ്ക്കുംവേണ്ടി കത്തോലിക്ക കോണ്‍ഗ്രസ് എടുത്ത നിലപാടുകളെ അഭിനന്ദിച്ച കർദിനാൾ ചിലർ നടത്തുന്ന സഭാവിരുദ്ധ പ്രവർത്തനങ്ങളിലുള്ള തന്റെ വിഷമവും പങ്കുവച്ചു.
ആരെയും മുറിവേൽപ്പിക്കുന്ന രീതിയിലുള്ള വാക്കുകളോ പ്രവർത്തനങ്ങളോ ഉണ്ടാകരുതെന്നും എല്ലാവരെയും സംയോജിപ്പിച്ചു സഭയുടെ ഗാത്രത്തിലേക്കു ചേർത്തുനിർത്തുന്ന സമീപനമാണ് ഉണ്ടാകേണ്ടതെന്നും കർദിനാൾ ഓർമിപ്പിച്ചു. സഭയെ സ്നേഹിക്കുന്ന ആരും ഒരുതരത്തിലുള്ള വിഭാഗീയതയോ, പ്രകോപനമോ ഉണ്ടാക്കരുതെന്നും തെറ്റായ ബോധ്യങ്ങളിലൂടെ സഭയെ വേദനിപ്പിക്കുന്നവരുടെ മാനസാന്തരത്തിനായി എല്ലാവരും ഒന്നുചേർന്നു പ്രാർത്ഥിക്കണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സമുദായ നേതൃസംഗമത്തെയും തുടർന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി സമുദായ നേതാക്കൾക്കു നൽകിയ സന്ദേശത്തെയും അപമാനിക്കുന്ന രീതിയിലുള്ള ചിലരുടെ പ്രസ്താവനകൾ മര്യാദകളുടെ സീമകൾ ലംഘിക്കുന്നതും അതിര് കടക്കുന്നതുമാണെന്നും ഇത്തരം തരംതാണ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും ബിജു പറയന്നിലം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.