ഉപവിക്കു സാക്ഷ്യം വഹിക്കുകയെന്നത് കത്തോലിക്കാ സര്‍വ്വകലാശാലകളുടെ സത്താപരമായ കത്തോലിക്കാ അനന്യതകളില്‍ ഒന്നാണെന്ന് കത്തോലിക്കാവിദ്യഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മേധാവി, അഥവാ, പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജുസേപ്പെ വെര്‍സാല്‍ദി.

തെക്കെ അമേരിക്കന്‍ നാടായ പെറുവിന്‍റെ തലസ്ഥാനമായ ലീമയിലെത്തിയ അദ്ദേഹം അന്നാട്ടിലെ കത്തോലിക്കാ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയുടെ പുതിയ മേധാവി കാര്‍ലോസ് ഗരത്തേയ ഗ്രാവുവിന്‍റെ സ്ഥാനാരോഹണച്ചടങ്ങില്‍ അടുത്തയിടെ പങ്കെടുക്കവെയാണ് ഇതു ചൂണ്ടിക്കാട്ടിയത്.

സത്യാന്വേഷണത്തില്‍ വിശ്വാസവും യുക്തിയും തമ്മിലുള്ള സംവാദം, അനീതിയും അപരനെ പുറന്തള്ളുന്നതും ഇല്ലായ്മ ചെയ്യുന്ന യഥാര്‍ത്ഥ സമഗ്ര മാനവപുരോഗതിക്കുതകുന്ന വിധത്തില്‍ സഭയ്ക്കും സമൂഹത്തിനുമുള്ള സേവനം എന്നിവയാണ് കത്തോലിക്കാ സര്‍വ്വകലാശാലകളുടെ തനിമയുടെ ഇതര ഘടകങ്ങള്‍ എന്ന് കര്‍ദ്ദിനാള്‍ വെര്‍സാല്‍ദി വിശദീകരിച്ചു.

സര്‍വ്വകലാശലകളുടെ ദൗത്യത്തെ കേവലം ആപേക്ഷികവും വൈക്തികവുമാക്കി മാറ്റുന്നതായ ലൗകിക ഭാവം കലാലയങ്ങള്‍ക്കു പകരാനുള്ള പ്രലോഭനത്തിനെതിരെ മുന്നറിയിപ്പു നല്കിയ അദ്ദേഹം യഥാര്‍ത്ഥ സംവാദത്തിനു വിഘാതം സൃഷ്ടിക്കുന്ന ഒരുതരം പ്രതിരോധ വീക്ഷണം ഒഴിവാക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തു.