ഭരണങ്ങാനം: ഭരണങ്ങാനത്തേക്കു വിശ്വാസികളുടെ പ്രവാഹം. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ അഭൂതപൂർവമായ തിരക്കാണ് ഭരണങ്ങാനത്ത് അനുഭവപ്പട്ടെത്. രാവിലെ 11ന് സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശംനൽകി. അൽഫോൻസാമ്മ വിശുദ്ധിയുടെ പ്രകാശം പരത്തുന്ന നക്ഷത്രമാണെന്ന് മാർ അത്തിക്കളം പറഞ്ഞു.
ദൈവത്തിന്റെ വിശുദ്ധിയാണ് വിശുദ്ധർ നമുക്കു കാട്ടിത്തരുന്നത്. നാമെല്ലാവരും ഈ വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടവരാണെന്ന് അൽഫോൻസാമ്മ നമ്മെ പഠിപ്പിക്കുകയാണെന്നും മാർ അത്തിക്കളം ഉദ്ബോധിപ്പിച്ചു.
ഇന്നലെ വിവിധ സമയങ്ങളിലായി ഫാ. മൈക്കിൾ ഒൗസേപ്പറന്പിൽ, റവ.ഡോ. സൈറസ് വേലംപറന്പിൽ, റവ.ഡോ. ഡൊമിനിക് വെച്ചൂർ, ഫാ.വർഗീസ് കുളംപള്ളിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം അഞ്ചിന് പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്ന വൈദികരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം നടന്ന ജപമാല, മെഴുകുതിരി പ്രദക്ഷിണത്തിലും നൂറുകണക്കിനു വിശ്വാസികളാണ് പങ്കെടുത്തത്.
ഇന്നു രാവിലെ 11ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. പുലർച്ചെ 5.15നും 6.30നും 8.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം.