വാർത്തകൾ
🗞🏵 വിഴിഞ്ഞത്ത് ആഴക്കടലിൽ കാണാതായ നാല് മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി കരയ്ക്കെത്തി*. പുല്ലുവിള സ്വദേശികളായ യേശുദാസന്‍, ആന്‍റണി, പുതിയതുറ സ്വദേശികളായ ബെന്നി, ലൂയിസ് എന്നിവരാണ് തിരിച്ചെത്തിയത്. ബോട്ടിന്റെ യന്ത്രത്തകരാറിനെ തുടർന്ന് മൂന്ന് ദിവസമായി കടലിൽ കുടുങ്ങിയ ഇവർ ഇന്നലെ ഉച്ചയോടെയാണ് തീരത്തെത്തിയത്.
🗞🏵 *ചങ്ങനാശ്ശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽന് ഓണററി ഡോക്ടറേറ്റ്.* വിദ്യാഭ്യാസ തലത്തിലും സാമൂഹിക മേഖലകളിലും സമാദാനത്തിനുള്ള മൗലികവും സമഗ്രമായ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരം . വടവാതൂർ പൗരസ്ത്യ വിദ്യാപീഠം ആണ് ഡോക്ടറേറ്റ് നൽകി ആദരിക്കുന്നത്
🗞🏵 *സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ സർക്കാർ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ*. ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ മുൻകരുതൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *കനത്ത മഴയിൽ കാസർഗോഡ് കുമ്പളയിൽ പാലം തകർന്നു. ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകർന്നത്*. കുമ്പളയിൽ നിന്നും കൊടിയമ്മയിലേക്കുള്ള റോഡാണിത്. ഈ റോഡിലൂടെ ബസടക്കം നിരവധി വാഹനങ്ങൾ സ്ഥിരമായി പോകാറുണ്ട്. സ്കൂൾ ബസും സർവീസ് നടത്തുന്നുണ്ട്.
🗞🏵 *ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു*. ജില്ലയില്‍ 22-ന് റെഡ് അലര്‍ട്ട് ഉള്ള സാഹചര്യത്തിലാണിത്. ദുരന്തപ്രതിരോധ – നിവാരണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
🗞🏵 *പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴ തുടരുന്നതിനാൽ പമ്പ നദിയിലും കക്കാട്ട് ആറിലും ജലനിരപ്പ് ഉയരാൻ സാധ്യത*. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ.
🗞🏵 *കോട്ടയം മുണ്ടക്കയം വെള്ളനാടി കൊടുകപ്പലം ക്ഷേത്രത്തിലെ ആൽമരം മറിഞ്ഞ് വീണ് വയോധികയ്ക്ക് പരിക്കേറ്റു*. വീട് പൂർണമായും തകർന്നു. പാറയ്ക്കൽ സുകുമാരന്റെ ഭാര്യ സരോജിനിക്കാണ് (75) പരിക്കേറ്റത്. സംഭവ സമയത്ത് ഇവർ രണ്ട് പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 100 വർഷത്തിന് മേൽ പഴക്കമുള്ള വൻആൽമരമാണ് കടപുഴകി വീണത്.
🗞🏵 *ആലപ്പുഴ ജില്ലയിൽ രൂക്ഷമായ കടലാക്രമണം. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു*. ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാമ്പുകൾ തുറന്നിരിക്കുന്നത്. രണ്ടിടത്തുമായി 25 കുടുംബങ്ങളിലെ 99 പേരാണുള്ളത്. ആറാട്ടുപുഴ ജി.പി.എൽ.പി.സ്കൂളിൽ 10 കുടുംബങ്ങളിലെ 43 പേരുണ്ട്. കാട്ടൂർ ലൊയോള ഹാളിൽ 15 കുടുംബങ്ങളിലെ 56 പേരുണ്ട്.
🗞🏵 *21/07/ 2019 – രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു*.
🗞🏵 *കൊല്ലം ശക്തിക്കുളങ്ങര ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നുപേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്*. രാജു, ജോൺ ബോസ്കൊ, സഹായരാജു എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ ശക്തമാക്കിയത്. വള്ളത്തിലുണ്ടായിരുന്ന തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിൻ എന്നിവർ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപ്പെട്ട സ്റ്റാലിന്‍റെ ഉടമസ്ഥതയിലുള്ള സാഗര മാതാ എന്ന ബോട്ടാണ് മറിഞ്ഞത്. തകർന്ന വള്ളം നീണ്ടകരയിൽ തീരത്ത് അടിഞ്ഞിട്ടുണ്ട്.
🗞🏵 *മുൻ ദില്ലി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു*. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ദില്ലിയുടെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഷീലാ ദീക്ഷിത്. കേരളാ ഗവർണറായും ഷീലാ ദീക്ഷിത് ചുമതല വഹിച്ചിട്ടുണ്ട്. ദില്ലി പിസിസി അധ്യക്ഷയായി തുടരുകയായിരുന്നു അവർ.
🗞🏵 *ലോകാദ്ഭുതങ്ങളിലൊന്നായ താജ് മഹലിൽ സൈനിക സുരക്ഷ വർദ്ധിപ്പിച്ചു*. ഇവിടെ പൂജ നടത്തുമെന്ന് ശിവസേന ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം സുരക്ഷ വർദ്ധിപ്പിച്ചത്.
🗞🏵 *ഉത്തർപ്രദേശിലെ സോന്‍ഭദ്ര കൂട്ടക്കൊലയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരില്‍ കണ്ടതിന് പിന്നാലെ പ്രിയങ്ക ഗാന്ധി പ്രതിഷേധം അവസാനിപ്പിച്ച് തിരികെ മടങ്ങി*. സംഘർഷഭരിതമായ സോൻഭദ്രയിലെത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞതിനെത്തുടർന്നാണ് 24 മണിക്കൂറോളം അവർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ”എനിക്ക് എവിടെ വേണമെങ്കിലും പോകാമെന്നാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണുന്നതില്‍ നിന്ന് എന്നെ വിലക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.
🗞🏵 *കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം അവസാനിപ്പിച്ചു*. വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചര്‍ച്ചയ്‍ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഇടപെടുമെന്ന് സിനഡ് വൈദികര്‍ക്ക് ഉറപ്പ് നല്‍കി.
🗞🏵 *നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്‍റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു*. രാജ്കുമാറിനെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്ത എസ്പി, ഡിവൈഎസ്പി എന്നിവർക്കെതിരെ നടപടിവേണമെന്നും ഹർജിയിൽ കുടുംബം ആവശ്യപ്പെട്ടു.
🗞🏵 *ആന്തൂർ വിഷയത്തിൽ നിലപാട് തിരുത്തി സിപിഎം കണ്ണൂർ ജില്ലാനേതൃത്വം*. നഗരസഭാ ഭരണസമിതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന സംസ്ഥാന സമിതി നിലപാട് ജില്ലാകമ്മിറ്റി അംഗീകരിച്ചു.നഗരസഭാധ്യക്ഷയ്ക്ക് വീഴ്ച പറ്റിയെന്നായിരുന്നു നേരത്തെ ജില്ലാസെക്രട്ടേറിയറ്റിന്‍റെ നിലപാട്.
🗞🏵 *ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മരണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ഗാന്ധിയുമടക്കമുള്ള പ്രമുഖര്‍*. അഗാധ ദു:ഖമെന്ന് കുറിച്ച മോദി, ദില്ലിയുടെ വികസനത്തിന് നിർണായക സംഭാവന ചെയ്ത വ്യക്തിയെയാണ് നഷ്ടമായതെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കി.
🗞🏵 *ഇറ്റലിയിലെ സജീവ അഗ്നിപർവ്വതമായ എറ്റ്നയിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നു*. ഇതേ തുടർന്ന് ഇറ്റലിയിലെ രണ്ട് വിമാനത്താവളങ്ങൾ അടച്ചു. ഇറ്റലിയിലെ സിസിലി നഗരത്തിലാണ് ഈ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. നിലവിൽ യൂറോപ്പിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതമാണ് എറ്റ്ന.
🗞🏵 *ദക്ഷിണേന്ത്യയെ ഞെട്ടിച്ച അതിക്രൂരനായ ഒരു പരമ്പര കൊലയാളി, സയനൈഡ് മോഹൻ*. കേരളത്തിലെയും കർണ്ണാടകത്തിലെയും 20 യുവതികളെ തന്റെ മോഹവലയത്തിൽ പെടുത്തി നാടുകടത്തിയ ശേഷം സയനൈഡ് ചേർത്ത മരുന്ന് നൽകി കൊലപ്പെടുത്തി കടന്നുകളയുന്നയാൾ. കാസര്‍കോട് പൈവളിഗെ സ്വദേശിനിയായ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് വീണ്ടുമൊരു ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു.
🗞🏵 *വാളയാറിൽ എക്സൈസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവും പട്ടാമ്പിയിൽ 40 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി*. കഞ്ചാവ് കടത്താൻ ശ്രമിച്ചയാളുകൾ ഓടിരക്ഷപ്പെട്ടു. വാളയാർ ടോൾ പ്ലാസക്ക് സമീപം എക്സൈസിന്റെ സ്ഥിരം വാഹന പരിശോധനക്കിടെയാണ് നാലുപേരുണ്ടായിരുന്ന കാർ നിർത്താതെ പാഞ്ഞുപോയത്.
🗞🏵 *ബഹിരാകാശത്തെത്തിയ ആദ്യ അറബ് വംശജന്‍, ആദ്യത്തെ മുസ്ലിം, ആദ്യത്തെ രാജകുടുംബാംഗം തുടങ്ങിയ പദവികള്‍ക്കുടമയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രണ്ടാമത്തെ മകനായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍*. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അപ്പോളോ ദൗത്യത്തിന്റെ അന്‍പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഹൂസ്റ്റണിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിലൊരാളാണ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍.
🗞🏵 *കൊല്ലം ശാസ്താംകോട്ടയ്ക്ക് അടുത്ത് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുള്ളതിനാൽ തീവണ്ടികൾ വൈകുമെന്ന് റെയിൽവേ*. കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയിൽ 25 കെവി വൈദ്യുത ലൈനിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.
🗞🏵 *പൊതുതോട് കയ്യേറി മതില്‍കെട്ടി നീരൊഴുക്ക് തടസപ്പെടുത്തിയതോടെ പ്രദേശത്തെ വീടുകള്‍ വെള്ളത്തിലായി*. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ ആര്യപ്പള്ളി ഏഴരയില്‍ തോടാണ് വ്യക്തി കൈയ്യേറി മതില്‍കെട്ടിയത്. തോട് കൈയ്യേറിയപ്പോള്‍ തന്നെ നാട്ടുകാര്‍ തടഞ്ഞെങ്കിലും കൂട്ടാക്കാതെ നികത്തുകയായിരുന്നു.
🗞🏵 *അർത്തുങ്കൽ ആയിരംതൈയില്‍ തിമിംഗലം തീരത്തടിഞ്ഞു. മഴയും കാറ്റും ശക്തി പ്രാപിച്ചതോടെയാണ് അടിയൊഴുക്കിൽ പെട്ട് തിമിംഗലം തീരത്ത് ഒഴുകിയെത്തിയത്*. ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപത്തെ മത്സ്യത്തൊഴിലാളികളാണ് കരയ്ക്കടിഞ്ഞ നിലയില്‍ തിമിംഗലത്തെ കണ്ടെത്തിയത്.
🗞🏵 *സിഎംഐ സഭാംഗവും ധർമാരാം പൊന്തിഫിക്കൽ അത്തനേയം സഭാചരിത്ര അധ്യാപകനുമായ റവ. ഡോ. ഫ്രാൻസിസ് തോണിപ്പാറ സിഎംഐയെ വത്തിക്കാനിലെ ശാസ്ത്രീയ ചരിത്രപഠന കമ്മിറ്റി അംഗമായി ഫ്രാൻസിസ് മാർപാപ്പ നാമനിർദേശം ചെയ്തു*. അഞ്ചു വർഷത്തേക്കാണു നിയമനം.
🗞🏵 *അനുസരണം പുലർത്താത്ത സമീപനം സഭയുടെ കെട്ടുറപ്പിനെയും വളർച്ചയെയും മുരടിപ്പിക്കുമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്*. സഭാഗാത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കരുതപ്പെട്ടു പോരുന്നത് വിശ്വസ്തതയാണെന്നിരിക്കെ ഇക്കാലത്തെ അച്ചടക്കരാഹിത്യം സഭയിൽ വളരെയേറെ ബുദ്ധിമുട്ടുകളുണ്ടാക്കും. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിൽ സന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്.
🗞🏵 *ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റി*. ആയിരക്കണക്കിനു വിശ്വാസികൾ ഭരണങ്ങാനത്തേക്ക് ഒഴുകിത്തുടങ്ങി.
🗞🏵 *ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആത്മീയനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാൽസിംഗ്ഹാം തീർത്ഥാടന തിരുനാളിന് ഒരുക്കം പൂർണമായി*. ജൂലൈ 20 രാവിലെ 9.00 നാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. രാവിലെ 9.00 ആരംഭിക്കുന്ന ആരാധനാ സ്തുതിശുശ്രുഷയ്ക്ക് ഫാ. ജോസ് അന്ത്യാംകുളം എം.സി.ബി.എസ്, ഫാ. ടോമി എടാട്ട് എന്നിവർ നേതൃത്വം നൽകും.
🎗🎗🎗🎗🎗🎗🎗🎗🎗🎗
*ഇന്നത്തെ വചനം*
പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലെമിലേക്കുയാത്രചെയ്യുകയായിരുന്നു.
ഒരുവന്‍ അവനോടുചോദിച്ചു: കര്‍ത്താവേ, രക്‌ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു:
ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.
വീട്ടുടമസ്‌ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല.
അപ്പോള്‍ നിങ്ങള്‍ പറയും: നിന്‍െറ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍.
അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്‍മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും.
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവ രാജ്യത്തില്‍ വിരുന്നിനിരിക്കും.
അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
ലൂക്കാ 13 : 22-30
🎗🎗🎗🎗🎗🎗🎗🎗🎗🎗
*വചന വിചിന്തനം*
വണ്ണമുള്ള സ്ത്രീകൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് ബ്രസീലിലെ സാവോപോളോയിൽ ഒരു വൈദികൻ പറഞ്ഞു എന്നും ആ വൈദികനെ ഇത് കേട്ട ഒരു സ്ത്രീ വചനപ്രഘോഷണത്തിനിടയിൽ സ്റ്റേജിൽ കയറി തള്ളിയിട്ടു എന്നും വ്യാജവാർത്തകൾ കഴിഞ്ഞദിവസം പത്രങ്ങളിലും മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് എല്ലാവരും മനസ്സിലാക്കി. ഇന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്നത് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ ഇടുങ്ങിയ വാതിലിലൂടെ കടക്കണം എന്നാണ്. ഇടുങ്ങിയ വാതിലിലൂടെ കടക്കാൻ തീർച്ചയായും വണ്ണമുള്ളവർക്ക് പ്രയാസമായിരിക്കും അതുകൊണ്ട് വണ്ണം കുറയ്ക്കേണ്ട അത്യാവശ്യം തന്നെയാണ്. വണ്ണം കൂടുന്നത് ദുർമേദസ്സ് ഉള്ളതുകൊണ്ടാണ്. നമ്മൾ ഭൗതികതയിൽ’ മുഴുകി കഴിയുമ്പോൾ അതിന്റെ ദുർമേദസ് നമ്മുടെ ആത്മീയതയേയും ബാധിക്കുന്നു. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നമ്മൾ ശോഷിച്ചവരായി മാറണം. ഈ ശോഷണം സംഭവിക്കുന്നത് നമ്മുടെ ജീവിതം കർത്താവിനു വേണ്ടി വ്യയം ചെയ്യുമ്പോഴാണ്. സ്വർഗ്ഗ രാജ്യത്തിനുവേണ്ടി അധ്വാനിക്കുമ്പോൾ നമ്മൾ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ യോഗ്യരായ തീരുന്നു. ഭൗതികതയിൽ മാത്രം മുഴുകി കഴിയുമ്പോൾ ദുർമേദസ്സ് കൊണ്ട് നമ്മൾ സ്ഥൂല ശരീരികളായി തീരുന്നു.
🎗🎗🎗🎗🎗🎗🎗🎗🎗🎗
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും