കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഫാ. ജോസഫ് പാറേക്കാട്ടിൽ അതിരൂപതാ ആസ്ഥാനത്ത് നടത്തി വന്ന നിരാഹാര സമരം വിശ്വാസികൾക്കും പൊതു സമൂഹത്തിനും ഏറെ ദുഖവും വേദനയും ഉളവാക്കിയ സംഭവമായിരുന്നു. പെർമനൻറ് സിനഡിൻറെ അംഗങ്ങളായ അഭി. പിതാക്കന്മാരുമായി എറണാകുളം-അങ്കമാലി അതിരൂപതയിലെ 9 വൈദികർ സഭാ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിൽ നടത്തിയ ചർച്ചയെത്തുടർന്ന് ഈ നിരാഹാര സമരം അവസാനിപ്പിച്ചതിൽ മീഡിയാ കമ്മീഷൻ സന്തോഷം രേഖപ്പെടുത്തുന്നു. തുടർന്നും സഭാത്മകമായ രീതിയിൽ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
നിരാഹാരം അവസാനിപ്പിക്കുന്നതിന് കാരണമായ ജൂലൈ 19 ന് നടത്തിയ ചർച്ചയിൽ സംയുക്തമായി രൂപപ്പെടുത്തിയ തീരുമാനങ്ങൾ താഴെപ്പറയുന്നവയാണ്.
1. വ്യാജരേഖ കേസിന്റെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി സത്യം കണ്ടെത്തണമെന്നും പ്രകോപനപരമായ നടപടികൾ ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുവാൻ യോഗം തീരുമാനിച്ചു.
2. സഹായമെത്രാന്മാരെ സസ്പെൻഡ് ചെയ്ത കാര്യത്തിൽ തങ്ങളുടെ വികാരവും വേദനയും അതിരൂപതയിലെ വൈദിക പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഈ വികാരം ആഗസ്റ്റ് മാസത്തിലെ സിനഡിൽ അറിയിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത സ്ഥിരം സിനഡിലെ അംഗങ്ങളായ പിതാക്കന്മാർ ഉറപ്പുനൽകി.
3. മുൻ അപ്പസ്തോലിക്ക് അഡ്മിനിട്രേറ്റർ റോമിന് നല്കിയ റിപ്പോർട്ടുകളുടെ ഉള്ളടക്കം പരസ്യപ്പെടുത്തുവാനുള്ള അഭ്യർത്ഥന പരി. സിംഹാസനത്തിന് നല്കുവാനുള്ള വൈദിക പ്രതിനിധികളുടെ നിർദ്ദേശം ചർച്ച ചെയ്യുവാൻ തീരുമാനിച്ചു.
4. അതിരൂപതയുടെ സാധാരണ ഭരണ കാര്യങ്ങൾ നിർവ്വഹിക്കുവാൻ പ്രത്യേക അധികാരമുള്ള മെത്രാനെ ഉടൻ നിയമിക്കുവാൻ സിനഡിനോട് ശുപാർശ ചെയ്യുമെന്ന് അഭി. പിതാക്കന്മാർ ഉറപ്പു നല്കി.
5. മേൽപ്പറഞ്ഞ തീരുമാനങ്ങളുടെ വെളിച്ചത്തിൽ എറണാകുളം മേജർ ആർച്ചുബിഷപ്പ്സ് ഹൗസിൽ ഫാ. ജോസഫ് പാറേക്കാട്ടിൽ നടത്തിവരുന്ന ഉപവാസ പ്രാർത്ഥനാ യജ്ഞം സഭയുടെയും അതിരൂപതയുടെയും പൊതു നന്മയെക്കരുതി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അഭി. പിതാക്കന്മാർ വൈദിക പ്രതിനിധികളോട് ആവശ്യപ്പെട്ടു.
പെർമനൻറ് സിനഡിലെ അംഗങ്ങളായ അഭി. പിതാക്കന്മാരും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക പ്രതിനിധികളും തമ്മിൽ ധാരണയായ കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പങ്ങളും തെറ്റിദ്ധാരണകളും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ ഈ കുറിപ്പ് നല്കുന്നത്.
സെക്ര്രട്ടറി, മീഡിയാ കമ്മീഷൻ