തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ കാലവർഷം കലിതുള്ളിയെത്തിയപ്പോൾ സംസ്ഥാനത്തു പരക്കെ നാശനഷ്ടം. ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാ ധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചില പ്രദേശങ്ങളിൽ 24 സെന്റിമീറ്റർ വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കാണ് സാധ്യത. കാസ ർഗോഡ്, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ശനിയാഴ്ച കൂടി തെക്കൻ കേരളത്തിൽ മഴ തുടരും.
വടക്കൻ കേരളത്തിലാണ് കാലവർഷം പലേടത്തും നാശം വിതച്ചത്. കാസർഗോഡ്, മലപ്പുറം ജില്ലകളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. ചിലേടങ്ങളിൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. മരങ്ങൾ വീണും മണ്ണിടിഞ്ഞും പലേടത്തും നാശനഷ്ടമുണ്ടായി. കാസർഗോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നൽകി.
വിഴിഞ്ഞത്തുനിന്നും നീണ്ടകരയിൽനിന്നുമായി കടലിൽ പോയ ഏഴു മത്സ്യത്തൊഴിലാളികളെ കാണാതായി. തിരുവല്ലയിൽ മീൻപിടിക്കാൻ ഇറങ്ങിയ ആൾ പു ഴയിൽ മുങ്ങിമരിച്ചു. വള്ളംകുളം സ്വദേശി വർഗീസ് കോശി (54)യാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്. കോട്ടയത്ത് മീനച്ചിലാറ്റിൽ കിടങ്ങൂർ കാവാലിപ്പുഴ കടവിൽ ഒഴുകിയെത്തിയ തടി പിടിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. കോട്ടയത്ത് ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്റെ മകൻ മനീഷിനെയാണ് (33) കാണാതായത്.