യേശു ദൈവപുത്രൻ

 

പ്രധാനപുരോഹിതന്‍ ദൈവനാമത്തില്‍ ആണയിട്ട് യേശുവിനോടു ചോദിച്ചത് ”നീ ദൈവപുത്രനായ ക്രിസ്തുവാണോ” എന്നായിരുന്നു (മത്താ 26,63). ദൈവപുത്രത്വവും മിശിഹാത്വവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയാണ്. യഹൂദവീക്ഷണത്തില്‍, ഈ ചിന്തയ്ക്ക് ആധാരമായി നിലകൊണ്ടത് ദാവീദുപരമ്പരയില്‍നിന്ന് ഇസ്രായേല്‍രാജാവാകുന്നവന്‍ തന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടും എന്ന് നാഥാന്‍പ്രവാചകനിലൂടെ ദൈവം അരുള്‍ചെയ്ത സംഭവമായിരുന്നു (2സാമു 7,14. രള. സങ്കീ 89,26.27). ഇതിനാലാണ് രാജാവിനെ വാഴിക്കുന്ന സമയത്ത് ഇസ്രായേല്‍ രണ്ടാം സങ്കീര്‍ത്തനഭാഗം ആലപിച്ചിരുന്നത്: ”നീ എന്റെ പുത്രനാണ്; ഇന്നു ഞാന്‍ നിനക്കു ജന്മംനല്കി” (സങ്കീ 2,7).

 

6 . 1 ബൈബിളിൽ നിറയുന്ന ‘ പുത്രൻ ‘

ബൈബിളിന്റെ ആദ്യഗ്രന്ഥംമുതല്‍ അവസാനഗ്രന്ഥംവരെ പരന്നുകിടക്കുന്ന പ്രതീക്ഷ സന്തതിയെക്കുറിച്ചുള്ളതാണ്. ”നീയും സ്ത്രീയും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും; നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും” (ഉത്പ 3,15). ഉത്പത്തിപ്പുസ്തകത്തിലുള്ള ഈ ദൈവികവാഗ്ദാനത്തിന്റെ പൂര്‍ത്തീകരണമാണ് സമ്പൂര്‍ണ ബൈബിളില്‍ ആകമാനം നമുക്കു കാണാനാവുന്നത്. സെര, ബേന്‍, ബ്‌കോര്‍, ബര്‍ എന്നീ ഹീബ്രുപദങ്ങളിലൂടെ പുത്രനെക്കുറിച്ചുള്ള ഈ വാഗ്ദാനം പ്രതീകാത്മകമായി അബ്രാഹത്തോടും (ഉത്പ 15,4; 17,16.19) ദാവീദിനോടും (2സാമു 7,12.13; സങ്കീ 132,11) ആഹാസിനോടും (ഏശ 7,14) ജനത്തോടും (ഏശ 9,6.7; സഖ 12,10; സങ്കീ 2,7.12) ദൈവം തുടര്‍ന്നുകൊണ്ടുപോകുന്നതായി കാണാം.

വെളിപാടുപുസ്തകത്തിലുമുണ്ട് സന്തതീപരാമര്‍ശം (‘ഹുയോസ്’, വെളി 2,18; ‘തെക്‌നോണ്‍’, വെളി 12,4.5).
ചുരുക്കിപ്പറഞ്ഞാല്‍, ബൈബിള്‍ ആദ്യന്തം യേശുവെന്ന സന്തതിയില്‍ കേന്ദ്രീകൃതമാണ്. യേശുതന്നെയും അതു തെളിച്ചുപറഞ്ഞിട്ടുണ്ട്: ”മോശയുടെ നിയമത്തിലും പ്രവാചകന്മാരിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേണ്ടിയിരിക്കുന്നു എന്നു ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ പറഞ്ഞിട്ടുണ്ടല്ലോ” (ലൂക്കാ 24,44). യഹൂദര്‍ തങ്ങളുടെ ബൈബിളിനെ (ഠമചമഗ) തോറാ (നിയമം), നെബിയീം (പ്രവാചകന്മാര്‍), കെത്തുബീം (ലിഖിതങ്ങള്‍) എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തിരിച്ചിരുന്നതുകൊണ്ടാണ് യേശു അങ്ങനെ പ്രസ്താവിച്ചത്.

6.2 അതുല്യനായ പുത്രന്‍

”ഇസ്രായേല്‍ എന്റെ പുത്രനാണ്, എന്റെ ആദ്യജാതന്‍” എന്ന് ദൈവജനത്തെക്കുറിച്ച് പുറ 4,22-ല്‍ പറയുന്ന അര്‍ഥത്തിലോ ”എഫ്രായിം എന്റെ വത്സലപുത്രനല്ലേ; എന്റെ ഓമനക്കുട്ടന്‍” എന്ന് ഇസ്രായേല്‍രാജ്യത്തെക്കുറിച്ച് ജറെ 31,20-ല്‍ പറയുന്ന അര്‍ഥത്തിലോ ”നിങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ മക്കളാണു നിങ്ങള്‍” എന്ന് നിയ 14,1-ല്‍ പൊതുവായി പറയുന്ന അര്‍ഥത്തിലോ ”സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” എന്നു മത്താ 5,9-ല്‍ പറയുന്ന അര്‍ഥത്തിലോ ”തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്കി” എന്ന് വിശ്വാസികളെക്കുറിച്ച് യോഹ 1,12-ല്‍ പറയുന്ന അര്‍ഥത്തിലോ അല്ല യേശുവിനെ ‘ദൈവപുത്രന്‍’ എന്നു വിളിക്കുന്നത്. ഇപ്പറഞ്ഞകൂട്ടരെല്ലാം വെറും മനുഷ്യര്‍മാത്രമാണ്.

ബൈബിള്‍ അവരെ ‘ദൈവമക്കള്‍’ എന്നു വിശേഷിപ്പിക്കുന്നത്, ദൈവത്തിന്റെ ച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരോടും (ഉത്പ 1,26) ഒരു ജനമായി തെരഞ്ഞെടുക്കപ്പെട്ടവരോടും (പുറ 19,6) ദൈവത്തിനുള്ള സ്‌നേഹവും കരുതലും വ്യക്തമാക്കാന്‍വേണ്ടിയാണ്. എന്നാല്‍, യേശുക്രിസ്തുവിനെ പുതിയനിയമം നാല്പത്തൊന്നുപ്രാവശ്യം ‘ദൈവപുത്രന്‍’ എന്നു വിളിക്കുന്നത് ത്രിയേകദൈവത്തിലെ രണ്ടാമത്തെ ആളായ ‘ഏകപുത്രന്‍’ എന്ന അര്‍ഥത്തിലാണ് യേശു ദൈവപുത്രനാണെന്ന സത്യം പുതിയനിയമത്തില്‍ വളരെ വ്യക്തമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ”പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍വഴി അവിടന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു” (ഹെബ്രാ 1,1.2); ”തന്റെ ഏകപുത്രന്‍വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെലോകത്തിലേക്കയച്ചു” (1 യോഹ 4,9); ”ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പൂലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത്” (യോഹ 1,18).

യേശുതന്നെയും ദൈവപിതാവിനെക്കുറിച്ച് ‘എന്റെ പിതാവ്’ (മത്താ 10,32.33; 11,27; 15,13; 16,17.27; 18,11.14.19.35; 20,23; 25,34; 26,29.53; ലൂക്കാ 2,49; 22,29; 24,49; യോഹ 2,16; യോഹ 5,43; 6,32.40; 8,19.28.38.49.55; 10,18.25.29.37; 14,2.7.20.21; 15,1.10.15.23.24; 20,17) എന്നും ‘നിങ്ങളുടെ പിതാവ്’ (മത്താ 5,16.45.48; 6,1.8.14.15.26.32; 7,11; 10,20.29; മര്‍ക്കോ 11,26; ലൂക്കാ 6,36; 12,30.32; യോഹ 20,27) എന്നും വ്യതിരിക്തതയോടെ മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നതും ‘നമ്മുടെ പിതാവ്’ എന്ന് ഒരിക്കല്‍പോലും പറഞ്ഞിട്ടില്ലെന്നതും അവിടത്തെ ദൈവപുത്രത്വത്തിന്റെ അനന്യതയല്ലേ വ്യക്തമാക്കുന്നത്?

6.3 പുത്രന്റെ ആധികാരികത

യേശുവിന്റെ അധികാരത്തെക്കുറിച്ച് പലരും ചോദ്യങ്ങളുന്നയിക്കുന്നത് സുവിശേഷങ്ങളില്‍ കാണാം (മര്‍ക്കോ 2,12; 4,41; 6,50; 11,28). പുത്രന്‍ എന്നനിലയില്‍ തന്റെ ആധികാരികതയെക്കുറിച്ച് ഈശോയ്ക്ക് വ്യക്തമായ അവബോധമുണ്ടായിരുന്നു. ദൈവപുത്രത്വബോധമാണ് യേശുക്രിസ്തുവിന്റെ കാമ്പും കഴമ്പും. പന്ത്രണ്ടാം വയസ്സുമുതല്‍ (ലൂക്കാ 2,49) ഉത്ഥാനശേഷം വരെയും (യോഹ 20,17) ക്രിസ്തുവിന്റെ ദൈവപുത്രാവബോധത്തില്‍ അല്പംപോലും ചാഞ്ചല്യം കാണാന്‍ നമുക്കു കഴിയില്ല. മാമ്മോദീസയിലും രൂപാന്തരീകരണവേളയിലും പിതാവുതന്നെ പുത്രത്വത്തെ (സങ്കീ 2,7) യേശുവിന്റെ വ്യക്തിത്വസാരമായി പ്രഖ്യാപിച്ചുവല്ലോ. മരുഭൂമിയില്‍ സാത്താന്‍ ഉലയ്ക്കാന്‍ ശ്രമിച്ചത് യേശുവിന്റെ ദൈവപുത്രത്വബോധ്യത്തെയായിരുന്നു. ”നീ ദൈവപുത്രനാണെങ്കില്‍…” എന്നാവര്‍ത്തിച്ചുള്ള വെല്ലുവിളിയാണ് പ്രലോഭനങ്ങള്‍! യേശുവിന് തന്റെ പുത്രത്വബോധ്യത്തില്‍ അല്പമെങ്കിലും ചാഞ്ചാട്ടം ഉണ്ടായിരുന്നെങ്കില്‍ മരുഭൂമി ബേക്കറിയായി മാറിയേനെ! ദേവാലയാങ്കണം സര്‍ക്കസ് കൂടാരമായും!! പുത്രന്റെ അധീനതയിലുള്ള ഭൂമി (സങ്കീ 2,8; മത്താ 28,18) തന്റേതെന്നവകാശപ്പെട്ട സാത്താനുമുമ്പില്‍ (ലൂക്കാ 4,6) ‘തന്റേടം’ (തന്റെ + ഇടം) വ്യക്തമാക്കിയ പുത്രന്‍!!! ദൈവപുത്രന്റെമുമ്പില്‍ പിടിച്ചുനില്ക്കാന്‍ കഴിയാതെപോയവന്‍ പിന്നീട് പ്രിയ ശിഷ്യന്റെ സ്‌നേഹവചസ്സിലൂടെ വീണ്ടും പ്രത്യക്ഷനായപ്പോഴും അതു സാത്താനാണെന്നു തിരിച്ചറിയാന്‍ പുത്രന് യാതൊരു ക്ലേശവുമുണ്ടായില്ല. മരിക്കാനായി അഭിഷിക്തനായ പുത്രന്‍ കുരിശില്‍ ആരൂഢനായപ്പോള്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിക്കപ്പെട്ടു: ”നീ ദൈവപുത്രനാണെങ്കില്‍…” (മത്താ 27,40).

6.4 ദാസനും പുത്രനും

മനുഷ്യരക്ഷയ്ക്കുവേണ്ടിയുള്ള ദൈവികപദ്ധതി ഉത്പ 3,15-ല്‍ ആദ്യമായി വെളിപ്പെടുന്നത്, കുതികാലില്‍ പരുക്കേറ്റുവാങ്ങുന്ന സന്തതിയെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണ്. മനുഷ്യനായി അവതരിക്കുന്ന ദൈവപുത്രന്‍ പീഡാസഹന-മരണങ്ങള്‍ക്കു വിധേയനാകുമെന്ന പ്രവചനമായിരുന്നു അത്. സന്തതിയും സഹനവും കൈകോര്‍ക്കുന്ന കാഴ്ചയാണ് ഇവിടെയും തുടര്‍ന്നുള്ള പല ഭാഗങ്ങളിലും കാണുന്നത്. അബ്രഹാമിന്റെ ബലിയും (ഉത്പ 22; രള. യോഹ 1,29) പുറപ്പാടിലെ പെസഹാ ആചരണവും (12,21-28; രള. 1കോറി 5,7) ലേവ്യരുടെ ഗ്രന്ഥത്തിലെ പാപപരിഹാരദിനാചരണവും (16,1-34; രള. ഹെബ്രാ 4,16) സംഖ്യ 21-ലെ പിത്തളസര്‍പ്പവുമെല്ലാം (രള. യോഹ 3,14.15; 8,28; 12,32) സഹിക്കാനിരിക്കുന്ന സന്തതിയുടെ പ്രതീകങ്ങളാണ്. ഏശയ്യാപ്രവാചകന്റെ ഗ്രന്ഥത്തില്‍ കര്‍ത്താവിന്റെ ദാസനെക്കുറിച്ചുള്ള നാലു ഗീതങ്ങള്‍ (ഏശ 42,19; 49,1-9; 50,4-11; 52,13-53,12) പരാര്‍ത്ഥസഹനം ഏറ്റെടുക്കുന്ന ദൈവപുത്രനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കേണ്ട കാര്യമായി പരിഗണിക്കാതെ ദാസന്റെ രൂപം സ്വീകരിച്ച യേശുവാണ് (രള. ഫിലി 2,6.7) ”എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ!” (ലൂക്കാ 22,42) എന്നു പ്രാര്‍ത്ഥിച്ചത്. കുരിശില്‍ അലറിവിളിച്ചു മരിച്ച യേശു തെളിയിച്ചത് താന്‍ സഹിക്കുന്ന ദൈവപുത്രന്‍തന്നെയാണ് എന്നാണ്. അതിനാലാണ് അവിടത്തേക്ക് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍ അവിടന്ന് ഇപ്രകാരം മരിച്ചതു കണ്ട് പറഞ്ഞത്: ”സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു” (മര്‍ക്കോ 15,39). പിതാവ് ഏല്പിച്ച സഹനദൗത്യം ശിരസ്സാവഹിച്ച പുത്രനെ’ദാസന്‍’/’പരിശുദ്ധദാസന്‍’ എന്ന് വിശുദ്ധഗ്രന്ഥം വിശേഷിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ് (അപ്പ 3,13.26; 4,27.30).