വാൽസിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആത്മീയനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വാൽസിംഗ്ഹാം തീർത്ഥാടന തിരുനാളിന് ഒരുക്കം പൂർണമായി. ജൂലൈ 20 രാവിലെ 9.00 നാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. രാവിലെ 9.00 ആരംഭിക്കുന്ന ആരാധനാ സ്തുതിശുശ്രുഷയ്ക്ക് ഫാ. ജോസ് അന്ത്യാംകുളം എം.സി.ബി.എസ്, ഫാ. ടോമി എടാട്ട് എന്നിവർ നേതൃത്വം നൽകും.

തുടർന്ന് കുട്ടികളുടെ അടിമസമർപ്പണം. 11. 00ന് ഫാ. തോമസ് അരത്തിൽ എം.എസ്. ടി മരിയൻ പ്രഭാഷണം നടത്തും. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ 12.45ന് പ്രസിദ്ധമായ മരിയൻ പ്രദക്ഷിണം ആരംഭിക്കും. ജപമാലചൊല്ലിയാകും വിശ്വാസികൾ പങ്കുചേരുക. തുടർന്ന് പൊന്തിഫിക്കൽ ദിവ്യബലി അർപ്പണം. മുതൽ ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. രൂപതാ വികാരി ജനറൽമാരും ഇതര വൈദികരും സഹകാർമികരായിരിക്കും.

ദിവ്യബലിയുടെ സമാപനത്തിൽ, അടുത്ത വർഷത്തെ തിരുനാൾ ഏറ്റെടുത്ത ഹേവർഹിൽ കമ്മ്യൂണിറ്റിയെയും പ്രീസ്റ്റ് ഇൻ ചാർജ് ഫാ. തോമസ് പാറക്കണ്ടത്തിലിനെയും തിരുനാൾ ഏൽപ്പിക്കുന്ന പ്രാർത്ഥനാശുശ്രുഷകൾ നടക്കും. തുടർന്ന് നടക്കുന്ന സമാപന പ്രാർത്ഥനകളോടും ആശീർവാദത്തോടുംകൂടി ഈ വർഷത്തെ തിരുനാളിനു സമാപനമാകും.

തിരുനാൾ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരുനാൾ ഏറ്റു നടത്തുന്ന കോൾചെസ്റ്റർ കമ്മ്യൂണിറ്റി ഡയറക്ടർ റെവ. ഫാ. തോമസ് പാറക്കണ്ടത്തിൽ, തിരുനാൾ പ്രസുദേന്തിമാർ എന്നിവർ അറിയിച്ചു. രൂപത ഗായകസംഘം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുക്കർമങ്ങൾക്ക് ഗാനങ്ങൾ ആലപിക്കുന്നത്.