വണ്ണമുള്ള സ്ത്രീകൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല എന്ന് ബ്രസീലിലെ സാവോപോളോയിൽ ഒരു വൈദികൻ പറഞ്ഞു എന്നും ആ വൈദികനെ ഇത് കേട്ട ഒരു സ്ത്രീ വചനപ്രഘോഷണത്തിനിടയിൽ സ്റ്റേജിൽ കയറി തള്ളിയിട്ടു എന്നും വ്യാജവാർത്തകൾ കഴിഞ്ഞദിവസം പത്രങ്ങളിലും മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇത് വ്യാജമാണെന്ന് പിന്നീട് എല്ലാവരും മനസ്സിലാക്കി. ഇന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്നത് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ ഇടുങ്ങിയ വാതിലിലൂടെ കടക്കണം എന്നാണ്. ഇടുങ്ങിയ വാതിലിലൂടെ കടക്കാൻ തീർച്ചയായും വണ്ണമുള്ളവർക്ക് പ്രയാസമായിരിക്കും അതുകൊണ്ട് വണ്ണം കുറയ്ക്കേണ്ട അത്യാവശ്യം തന്നെയാണ്. വണ്ണം കൂടുന്നത് ദുർമേദസ്സ് ഉള്ളതുകൊണ്ടാണ്. നമ്മൾ ഭൗതികതയിൽ’ മുഴുകി കഴിയുമ്പോൾ അതിന്റെ ദുർമേദസ് നമ്മുടെ ആത്മീയതയേയും ബാധിക്കുന്നു. സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കണമെങ്കിൽ നമ്മൾ ശോഷിച്ചവരായി മാറണം. ഈ ശോഷണം സംഭവിക്കുന്നത് നമ്മുടെ ജീവിതം കർത്താവിനു വേണ്ടി വ്യയം ചെയ്യുമ്പോഴാണ്. സ്വർഗ്ഗ രാജ്യത്തിനുവേണ്ടി അധ്വാനിക്കുമ്പോൾ നമ്മൾ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ യോഗ്യരായ തീരുന്നു. ഭൗതികതയിൽ മാത്രം മുഴുകി കഴിയുമ്പോൾ ദുർമേദസ്സ് കൊണ്ട് നമ്മൾ സ്ഥൂല ശരീരികളായി തീരുന്നു.
ഇടുങ്ങിയ വാതിലും വണ്ണമുള്ളവരും (ജൂലൈ 21 ഞായർ)
