കൊച്ചി: കാലവർഷം ശക്തിപ്പെട്ടതോടെ നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടും കുഴികളും രൂപപ്പെട്ടു ഗതാഗതക്കുരുക്ക് രൂക്ഷമായി. നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കലൂർ-കതൃക്കടവ് റോഡിൽ രാവിലെയും വൈകുന്നേരവും കനത്ത ഗതാഗതക്കുരക്കാണ് അനുഭവപ്പെടുന്നത്. കലൂരിൽനിന്ന് വൈറ്റിലയിലേക്കും കടവന്ത്രയിലേക്കുമെല്ലാം നഗരത്തിനുള്ളിലൂടെ സഞ്ചരിക്കാതെ വേഗമെത്തുന്നതിനായി ഈ റോഡിനെ ആശ്രയിക്കുന്നവരിലധികവും മണിക്കൂറുകളോളം കുരുക്കിൽപ്പെടുന്നു.
കതൃക്കടവ് പാലത്തിലേക്ക് പ്രവേശിക്കുന്നയിടത്തെ ചെറിയൊരു കുഴിയാണ് ഈ ഭാഗത്തു കുരുക്കിന് കാരണമാകുന്നത്. ഈ കുഴിയിൽ ചാടാതിരിക്കാനായി വാഹനങ്ങൾ വേഗം കുറയ്ക്കുന്നതോടെ ഇവിടെ വലിയ ബ്ലോക്കിന് കാരണമാകുന്നു. ദീർഘദൂര ബസുകളടക്കം പോകുന്ന റോഡിലാണ് ചെറിയൊരു കുഴി കാരണം ദീർഘനേരത്തെ കുരുക്കുണ്ടാകുന്നത്. കലൂർ ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങളും തമ്മനം പുല്ലേപ്പടി റോഡിൽനിന്നെത്തുന്ന വാഹനങ്ങളും കൂടി ഒരുമിച്ചു പാലത്തിലേക്കു കയറുന്നയിടത്താണ് കുരുക്കിന്റെ പ്രധാനകേന്ദ്രം.