കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രതിസന്ധികൾക്കു ശാശ്വത പരിഹാരം കാണാൻ വത്തിക്കാനിൽനിന്നുള്ള നിർദേശപ്രകാരം ഓഗസ്റ്റ് മാസത്തിലെ സീറോ മലബാർ സഭയുടെ സിനഡ് നിശ്ചയിച്ചിട്ടുള്ളതിനാൽ ബന്ധപ്പെട്ടവർ എല്ലാ വിവാദങ്ങളിൽനിന്നും മാറിനിന്നു സഭയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ ആത്മസംയമനം പാലിക്കണമെന്നു കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു.
വിശ്വാസികൾക്കു മാതൃകയാകേണ്ട വൈദികർ വത്തിക്കാന്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ തയാറാകണം. കത്തോലിക്കാ സഭയുടെ അന്തസും അഭിമാനവും പവിത്രതയും തകർക്കുന്ന പ്രവർത്തനങ്ങൾ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അല്മായർ ഒറ്റക്കെട്ടായി നേരിടും. അഭിഷിക്തരിൽനിന്നു നിലവാരം കുറഞ്ഞ പ്രതികരണങ്ങളും പ്രതിഷേധങ്ങളും വിശ്വാസികൾ ഉൾക്കൊള്ളില്ല. കത്തോലിക്കാ സഭയെയും ഫ്രാൻസിസ് മാർപാപ്പയെയും ധിക്കരിച്ചു സഭയെ തകർക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല.
രണ്ടായിരം വർഷത്തെ പാരന്പര്യങ്ങളെയും വിശ്വാസമൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാൻ, ഉത്തരവാദിത്വപ്പെട്ടവരിൽനിന്നുണ്ടാകുന്ന നീക്കങ്ങൾ അങ്ങേയറ്റം ഖേദകരമാണ്. ക്രൈസ്തവ മൂല്യങ്ങളിൽനിന്നു വ്യതിചലിച്ചും നിയമലംഘനങ്ങൾ ആവർത്തിച്ചും ആരും മുന്നോട്ടുപോകുന്നതു ഭൂഷണമല്ല. കത്തോലിക്കാസഭയെ പൊതുസമൂഹത്തിൽ മോശമാക്കും വിധത്തിലുള്ള എല്ലാ വിമതപ്രവർത്തനങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും കത്തോലിക്കാ കോണ്ഗ്രസ് ആവശ്യപ്പെട്ടു .