ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹം തേടി ഭരണങ്ങാനത്തേക്കു തീർഥാടകരുടെ പ്രവാഹം. പുണ്യവതിയുടെ കബറിടം സ്ഥിതിചെയ്യുന്ന ചാപ്പലിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും ഫ്രാൻസിസ്കൻ ക്ലാരമഠത്തിലും വിശ്വാസികളുടെ പ്രവാഹം തുടങ്ങി. സഹനത്തിലൂടെ സ്വർഗം നേടിയ പുണ്യവതിയുടെ ആത്മീയ സാന്നിധ്യമുള്ള ഭാരത ലിസ്യു ഇനിയുള്ള ദിവസങ്ങളിൽ ജനസാഗരമായി മാറും.
10 ദിവസം നീണ്ടു നിൽക്കുന്ന തിരുനാളിനു ഇന്നു കൊടിയേറും. രാവിലെ 10.45നു പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറ്റും. തുടർന്ന് 11ന് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണം. തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.15നും 6.30നും 8.30നും 11നും ഉച്ചകഴിഞ്ഞ് 2.30നും അഞ്ചിനും വിശുദ്ധ കുർബാനയും വൈകുന്നേരം നാലിന് ആഘോഷമായ റംശയും 6.30ന് ജപമാല, മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. എല്ലാ ദിവസവും 11ന് വിവിധ ബിഷപ്പുമാർ വിവിധ റീത്തുകളിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.