കാലം കാത്തിരുന്ന മിശിഹാ

 

ലയാളത്തില്‍ നാം പ്രയോഗിക്കുന്ന ‘ക്രിസ്തു’, ‘മിശിഹാ’ എന്നീ പദങ്ങള്‍ക്ക് ‘അഭിഷേകം ഹചെയ്യപ്പെട്ടവന്‍’ എന്നാണ് അര്‍ഥം. അവ ക്രമത്തില്‍, ‘ക്രിസ്‌തോസ്’ എന്ന ഗ്രീക്കുപദത്തില്‍നിന്നും ‘മഷീഅഹ്’ എന്ന ഹീബ്രുപദത്തില്‍നിന്നുമാണ് ഉദ്ഭവിക്കുന്നത്. തൈലാഭിഷേകം ചെയ്യപ്പെട്ടിരുന്നതിനാല്‍, രാജാക്കന്മാരെയും (1സാമു 24,6.10; 2സാമു 19,21; 23,1; വിലാ 4,20; ഹബ 3,13 രള. ഏശ 45,1) പ്രവാചകന്മാരെയുമാണ് (ലേവ്യ 4,3.5.16; 6,22) ഈ പദംകൊണ്ടു വിശേഷിപ്പിച്ചിരുന്നത്. ഇതില്‍ പ്രവാചന്മാര്‍ക്കായുള്ള ഉപയോഗം നാമവിശേഷണമായി മാത്രമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ദാവീദിന്റെ രാജ്യം സുസ്ഥിരമാക്കുന്ന രാജാവിനെക്കുറിച്ചുള്ള പ്രതീക്ഷ ഇസ്രായേല്യര്‍ക്കു ലഭിച്ചത് നാഥാന്‍പ്രവാചകനിലൂടെയാണ് (2സാമു 7,12). ദാവീദിന്റെ അന്തിമവചനങ്ങള്‍ (2സാമു 23, 1-7) ഈ പ്രവചനം സമ്മാനിച്ച ശോഭ വെളിവാക്കുന്നുണ്ട്. ഭാവിയിലെ അസാധാരണനായ രാജാവിനെക്കുറിച്ച് ആദ്യം പരാമര്‍ശിച്ച പ്രവാചകഗ്രന്ഥം ഏശയ്യയായുടേതാണ് (ഏശ 9,6-7; 11,1-9; രള. 7,14; 8,8). അദ്ദേഹത്തിന്റെ സമകാലീനനായ മിക്കായിലും സമാനമായ സൂചനകള്‍ കാണാം (മിക്കാ 5,2). ഇവര്‍ക്കുശേഷം ദാവീദുരാജവംശത്തിന്റെ ക്ഷയകാലമായിരുന്നു. ദാവീദുവംശജനായ രാജാവിനെക്കുറിച്ച് സെഫാനിയാ, നാഹും, ഹബക്കുക്ക് എന്നീ പ്രവാചകന്മാര്‍ ഒരു പരാമര്‍ശവും നടത്തുന്നില്ല. എന്നാല്‍ ജറെമിയായും (23,5-8; 30,9) എസെക്കിയേലും (21,27; 34,23; 37,24) ദാവീദുകുടുംബത്തില്‍നിന്നുള്ള രാജാവിനെക്കുറിച്ചുള്ള പ്രതീക്ഷയ്ക്കു വീണ്ടും തിരികൊളുത്തി. പിന്നീടുള്ള വിപ്രവാസകാലം സ്വാഭാവികമായും അത്തരം ചിന്തകളെല്ലാം കെട്ടടങ്ങിയ കാലമായിരുന്നു. എന്നാല്‍, ദാവീദുവംശജനും ദേവാലയം പുനരുദ്ധരിക്കാന്‍ മുഖ്യപങ്കു വഹിച്ചവനും കര്‍ത്താവിന്റെ ‘മുദ്രമോതിരംപോലെ’യാകുമെന്നു (ഹഗ്ഗാ 2,23) കരുതപ്പെട്ടവനുമായ സെറുബാബേലില്‍ വിപ്രവാസാനന്തര ഇസ്രായേല്‍ പ്രതീക്ഷയര്‍പ്പിച്ചു. ദേവാലയകേന്ദ്രീകൃതമായ ഇസ്രായേല്‍ജീവിതത്തില്‍ മെസയാനികരാജാവിനെക്കുറിച്ചുള്ള പ്രതീക്ഷ പ്രധാനപുരോഹിതനു വഴിമാറിക്കൊടുക്കുന്ന കാഴ്ച സഖറിയായുടെ ഗ്രന്ഥത്തില്‍ കാണാം (സഖ 3,8). എങ്കിലും അതേ ഗ്രന്ഥംതന്നെ, കുതിരപ്പുറം വെടിഞ്ഞ്, പ്രതാപവാനും ജയശാലിയും വിനയാന്വിതനും സമാധാനദാതാവുമായി കഴുതപ്പുറത്തു വരുന്ന രാജാവിനെചിത്രീകരിച്ചത് (സഖ 9,9.10) മിശിഹാധാരണയുടെ അതിസുന്ദരമായ പരിണാമത്തിന്റെ നാഴികക്കല്ലാണ്.

വരാനിരിക്കുന്ന മിശിഹായെപ്പറ്റിയുള്ള പ്രത്യാശ പുതിയനിയമകാലഘട്ടത്തിലും ഉണ്ടായിരുന്നു (യോഹ 1,41; 4,25). ”വരാനിരിക്കുന്നവന്‍ നീതന്നെയോ? അതോ, ഞങ്ങള്‍ മറ്റൊരുവനെപ്രതീക്ഷിക്കണമോ?” എന്ന സ്‌നാപകശിഷ്യരുടെ ചോദ്യം (മത്താ 11,3; ലൂക്കാ 7,19) സമകാലീന യഹൂദരുടെ കാത്തിരിപ്പിനെയാണ് വെളിവാക്കുന്നത്. ഈ കാത്തിരുപ്പ് ഫലമണിഞ്ഞതിന്റെ നേര്‍ക്കാഴ്ചയാണ് യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയപ്രവേശനം (മാര്‍ക്കോ 11:1-11). എന്നാല്‍, ഈശോമിശിഹാ ജറുസലേമിലേക്ക് എത്തിയത് കുതിരപ്പുറത്തല്ല, കഴുതപ്പുറത്താണ്. ഒരു രാജ്യം കീഴടക്കിയതുകൊണ്ടോ യുദ്ധങ്ങള്‍ ജയിച്ചതുകൊണ്ടോ അല്ല ജനം യേശുവിന് ഓശാനപാടിയത്; മറിച്ച്, തങ്ങളുടെ ഇടയിലേക്കു കടന്നുവരാനുള്ള മിശിഹാ ഇവന്‍തന്നെ എന്നു ബോധ്യപ്പെട്ടതുകൊണ്ടാണ്. താന്‍തന്നെയാണ് മിശിഹാ എന്ന് യേശു നേരിട്ടും (യോഹ 4,26) അല്ലാതെയും മര്‍ക്കോ 8,27-30; മത്താ 16,13-20; ലൂക്കാ 9,18-21) വ്യക്തമാക്കിയിരുന്നല്ലോ.
എന്നാല്‍ ജനം പ്രതീക്ഷിച്ച മിശിഹാ ആയിരുന്നില്ല ഈശോ! റോമാക്കാരുടെ ആധിപത്യത്തില്‍നിന്ന് തങ്ങളെ മോചിപ്പിച്ച്, ദാവീദിന്റെ കാലത്തെന്നതുപോലെ, വലിയ ഒരു ശക്തിയായി തങ്ങളെ പരിവര്‍ത്തിപ്പിക്കുന്ന രാഷ്ട്രീയമിശിഹായെയാണ് അവര്‍ പ്രതീക്ഷിച്ചതെങ്കിലും ഈശോ അഭിഷിക്തനായിരുന്നത് വ്യത്യസ്തമായ ഒരു ദൗത്യത്തിനുവേണ്ടിയായിരുന്നു… തന്റെ മിശിഹാത്വം ഏറ്റുപറഞ്ഞ ശിഷ്യപ്രമുഖനോട് (മത്താ 16,16-20) താന്‍ കടന്നുപോകാനിരിക്കുന്ന പീഡാസഹനമരണോത്ഥാനങ്ങളെക്കുറിച്ച് ഉടനെതന്നെ അവിടന്ന് സംസാരിച്ചത് (മത്താ 16,21) ഈശോയുടെ മിശിഹാദൗത്യം എന്തെന്നു വ്യക്തമാക്കുന്നു.

5.1 കേവലം ‘ദാവീദിന്റെ പുത്രന്‍’ അല്ല!

മിശിഹാ ആരാണ് എന്ന ചോദ്യത്തിന്, പൊതുവേ എല്ലാ യഹൂദരുടെയും മനസ്സിലുള്ള ഉത്തരം, ‘ദാവീദിന്റെ പുത്രന്‍’ എന്നതായിരുന്നു (മത്താ 22,42). എന്നാല്‍, അവരുടെ ധാരണയെ തകിടംമറിക്കുന്നതായിരുന്നു സങ്കീ 110,1 ഉദ്ധരിച്ചുകൊണ്ടുള്ള യേശുവിന്റെ മറുപടി: ”അങ്ങനെയെങ്കില്‍, ദാവീദ് ആത്മാവിനാല്‍ പ്രേരിതനായി അവനെ കര്‍ത്താവ് എന്നു വിളിക്കുന്നതെങ്ങനെ?” (മത്താ 22,43). യേശുക്രിസ്തു വാഗ്ദാനപ്രകാരം ദാവീദിന്റെ പുത്രനാണെങ്കിലും, അവിടത്തെ വെറും ഒരു മനുഷ്യനായി കാണുക അസാധ്യം എന്നുതന്നെയാണ് യേശുവിന്റെ ഈ ചോദ്യത്തില്‍നിന്നു വ്യക്തമാകുന്നത്. എങ്കില്‍ പിന്നെ, അവിടന്ന് ആര്? യേശുവിന്റെ ആധികാരികത വെറുമൊരു പ്രവാചകന്റെയോ മിശിഹായുടെയോ ആധികാരികതയല്ല, പുത്രന്റെ ആത്മവിശ്വാസമാണ്.