പ്രവാചകനും ഉപരിയായ യേശു

യേശുവിന്റെ ആധികാരികത വെറുമൊരു പ്രവാചകന്റെ ആധികാരികതയല്ല. ”നിയമത്തെയോ പ്രവാചകന്മാരെയോ… അസാധുവാക്കാനല്ല, പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്” (മത്താ 5,17) എന്ന പ്രസ്താവനയിലൂടെ യേശു തന്റെ ആധികാരികതനിറഞ്ഞ സ്വത്വബോധം പ്രകടമാക്കുകയായിരുന്നു. വെറും പ്രവാചകരില്‍ ഒരുവനല്ല താന്‍ എന്ന പ്രഖ്യാപനമാണ് മലയിലെ പ്രസംഗത്തില്‍ നിറഞ്ഞുനില്ക്കുന്നത്. യേശു തന്റെ ആധികാരികത ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രകടമാക്കുന്ന 6 വാക്യങ്ങള്‍ ഈ ഭാഗത്തുണ്ട്: ”…എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു…” (മത്താ 5, 21.22. 27.28. 31.32. 33.34. 38.39. 43.44).

”കര്‍ത്താവ് അരുള്‍ചെയ്യുന്നു” എന്ന ആമുഖത്തോടെയാണ് പ്രവാചകന്മാര്‍ സംസാരിച്ചിരുന്നതെങ്കില്‍ ”ഞാന്‍ നിങ്ങളോടു/നിന്നോടു പറയുന്നു” എന്ന ആമുഖത്തോടുകൂടിയ, സ്വന്തം ആധികാരികത വ്യക്തമാക്കുന്ന പ്രഭാഷണമായിരുന്നു യേശുവിന്റേത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍മാത്രം 58 പ്രാവശ്യം ഈ ആധികാരിക പ്രസ്താവനകാണാം (3,9; 5,18.20.22.26.28.32.34.39.44; 6,2.5.16.25.29; 8,10.11; 10,15.23.42; 11,9.11.22.24; 12,6.31.36; 13,17; 16,18.28; 17,12.20; 18,3.11.13.18.19.22; 19,9.23.24.28; 21,21.31.43; 23,36.39; 24,2.34.47; 25,12.40.45; 26,13.21.29.34.64).

മഹാപ്രവാചകന്മാരായ മോശയും ഏലിയായും യേശുവിന്റെ രൂപാന്തരീകരണവേളയില്‍ അവിടത്തെപക്കല്‍ കാണപ്പെടുന്നതുതന്നെ (മത്താ 17,3; മര്‍ക്കോ 9,2-4; ലൂക്കാ 9,29.30) പ്രവാചകന്മാരുടെ പ്രവാചകനാണ് അവിടന്ന് എന്നതിന്റെ അനിഷേധ്യമായ തെളിവാണ്. യേശുവിനു മുമ്പോ പിമ്പോ ഉള്ള ഒരു പ്രവാചകനും അവിടത്തേക്കു സമനല്ല. ”മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്” (മത്താ 12,18) എന്നോ ”മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്ത്വത്തില്‍ തന്റെ ദൂതന്മാരോടൊത്തു വരാനിരിക്കുന്നു” (മത്താ 16,27) എന്നോ മറ്റൊരു പ്രവാചകനും പറഞ്ഞിട്ടില്ല. ”ഞാനാകുന്നു വഴിയും സത്യവും ജീവനും” (യോഹ 14,6) എന്നോ ”ഞാനാകുന്നു പുനരുത്ഥാനവും ജീവനും” (യോഹ 11,25) എന്നോ ഒരു പ്രവാചകനും ഒരിക്കലും പറഞ്ഞിട്ടില്ല.