ലണ്ടൻ: പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച നസ്രത്തിലെ ദേവാലയം യ കെയിലേക്ക് മാതൃനിർദ്ദേശത്തിൽ സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മരിയൻ പുണ്യ കേന്ദ്രമായ വാല്‍ത്സിംഗ്ഹാമിൽ സീറോ മലബാർ സഭ നടത്തുന്ന മൂന്നാമത് തീർഥാടനം ജൂലൈ 20ന് (ശനി) നടക്കും. വൻ ജനാവലി തീർഥടനത്തിനു എത്തുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങളും വോളണ്ടിയേഴ്സ് നല്കുന്ന നിർദ്ദേശങ്ങളും പാലിക്കണമെന്ന് കോൾചെസ്റ്ററിലെ തീർഥാടന സംഘാടക സമിതി പ്രത്യേകം അഭ്യർഥിച്ചു.

തീർഥാടനത്തിൽ പങ്കു ചേരുവാൻ എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ സ്ലിപ്പർ ചാപ്പലിന്‍റെ തൊട്ടടുത്ത സ്ഥലത്തായി (ആറേക്കർ) സൗജന്യ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സംഘാടകര് തയാറാക്കിയിട്ടുള്ള കോച്ച് പാർക്കിംഗിലേക്കുള്ള റൂട്ട് മാപ്പ് കോച്ചിൽ വരുന്നവർ പാലിക്കണം. ഗതാഗത നിർദ്ദേശങ്ങളുമായി റോഡരികിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സഹായവും നിർദ്ദേശവുമായി വോളണ്ടിൻയേഴ്‌സും വഴിയിൽ ഉണ്ടായിരിക്കും.

പരിസരം മലീമസമാക്കാതെ ഓരോ തീർഥടകരും ശ്രദ്ധിക്കേണ്ടതാണ്. തങ്ങളുടെ വേസ്റ്റ് ബിന്നുകളിൽ തന്നെ നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. മരുന്നുകൾ അവരവരുടെ കൈവശം കരുതുവാൻ മറക്കരുത്. തീർഥാടകർക്കായി പ്രാഥമിക ചികിത്സക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.