വത്തിക്കാൻ സിറ്റി: 2018ൽ മാത്രം പീഡിപ്പിക്കപ്പെട്ടത്‌ 21.5 കോടി ക്രൈസ്തവർ, ഒരു മാസം ശരാശരി 250 ക്രൈസ്തവർ രക്തസാക്ഷികളാകുന്നു, ലോകത്ത് പീഡിപ്പിക്കപ്പെടുന്നവിൽ 80%വും ക്രൈസ്തവർ- ആഗോളതലത്തിൽ ക്രൈസ്തവർ നേരിടുന്ന മതപീഡനത്തെക്കുറിച്ച് ബ്രിട്ടൻ നിയോഗിച്ച സ്വതന്ത്ര അന്വേഷണ കമ്മീഷനാണ് നടുക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്.വത്തിക്കാനിലെ വിശുദ്ധ ബർത്തലോമിയോ ബസിലിക്കയിൽ വത്തിക്കാനിലെ ബ്രിട്ടീഷ് എംബസി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു റിപ്പോർട്ട് പുറത്തുവിട്ടത്.

റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്നു പ്രസിദ്ധീകരണ ചടങ്ങിൽ വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസഡർ സാലി ആക്‌സ്വർത്തി പറഞ്ഞു. ബ്രിട്ടീഷ് സർക്കാരിന്റെ നിർദേശപ്രകാരം ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടാണ്, ട്രൂറോയിലെ ആംഗ്ലിക്കൻ ബിഷപ്പ് ഫിലിപ്പ് മൗസ്റ്റെഫെന്റെ അധ്യക്ഷതയിലുള്ള കമ്മീഷന് രൂപം കൊടത്തത്. ഇറാഖ്, സിറിയ, പാക്കിസ്ഥാൻ, ശ്രീലങ്ക, ചൈന, നൈജീരിയ എന്നിവിടങ്ങളിലെ പീഡനങ്ങളാണ് കമ്മീഷൻ പ്രധാനമായും പഠനവിധേയമാക്കിയത്.

ക്രിസ്തുവിശ്വാസത്തെപ്രതി 2018ൽ ആഗോളതലത്തിൽ 21.5 കോടി ക്രൈസ്തവർ പീഡനത്തിനിരയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വിശ്വാസത്തിന്റെ പേരിൽ ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരിൽ 80% വരുമിത്. മധ്യപൂർവേഷ്യയിൽനിന്ന് ക്രിസ്ത്യാനികൾ തുടച്ചു നീക്കപ്പെടുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2011ൽ 14 ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്ന സിറിയയിൽ ഇപ്പോഴുള്ളത് 4,50,000 ക്രിസ്ത്യാനികളാണ്. ഇറാഖ് ഉൾപ്പെടുന്ന നിനവേ സമതലത്തിൽ 2003ൽ 15 ലക്ഷം ക്രൈസ്തവരുണ്ടായിരുന്നെങ്കിൽ ഇന്നത് 1, 20,000 ആയി ചുരുങ്ങി. കുട്ടികളും സ്ത്രീകളുമാണ് ഇതിന്റെ ദുരിതങ്ങൾ കൂടുതൽ അനുഭവിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.