മത്താ 22:15-22

സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവാനാണ് ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്നത്. നമ്മൾ ഒരേ സമയം സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരും ഈ ഭൗതിക രാഷ്ട്രത്തിലെ പൗരന്മാരുമാണ്. രണ്ടിടങ്ങളിലും നമുക്ക് ഭാഗധേയത്വമുണ്ട്. ദൈവത്തിന് നമ്മൾ ആരാധന സ്തുതികളർ പ്പിക്കുവാൻ കടപ്പെട്ടവരാണ്,ദൈവീക നിയമങ്ങൾ പാലിക്കാനും കടപ്പെട്ടവരാണ്. അതോടൊപ്പം അവിടുത്തോട് നമ്മൾ അനുഗ്രഹങ്ങൾ യാചിക്കുന്നു. രാഷ്ട്രത്തിന് നമ്മൾ നികുതി കൊടുക്കുവാനും രാഷ്ട്രത്തിന്റെ നിയമങ്ങൾ അനുസരിക്കുവാനും ബാധ്യസ്ഥരാണ്. രാഷ്ട്രത്തോട് നമുക്ക് കടമകൾ ഉള്ളതുപോലെതന്നെ രാഷ്ട്രത്തിൽ നിന്ന് നമുക്ക് അവകാശങ്ങളുമുണ്ട്. ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും ഒക്കെ ഭരണഘടന നമുക്ക് അനുവദിച്ച തരുന്നതാണ്. അവയൊക്കെ ഭരണാധികാരികളോട് സംഘടിതമായി ചോദിച്ചു വാങ്ങിക്കുവാനും സമൂഹത്തിലെ ഓരോ വ്യക്തിക്കും ഉപകാരപ്പെടുന്ന വിധത്തിൽ അവയൊക്കെ ലഭ്യമാക്കാനും നമുക്ക് കടമയുണ്ട്. സീസറിനുള്ളത് സീസറിന് കൊടുക്കുന്നതു പോലെ തന്നെ സീസറിൽ നിന്ന് ലഭിക്കേണ്ടത് സീസറിൽ നിന്ന് ചോദിച്ചു വാങ്ങാനും നമുക്ക് കടമയുണ്ട് എന്ന് ഓർത്തിരിക്കുന്നത് നല്ലതാണ്. അത് നമുക്കു വേണ്ടി മാത്രമല്ല അനന്തര തലമുറകൾക്ക് വേണ്ടിയും ഈ സമൂഹത്തിന്റെ നിലനിൽപ്പിനു വേണ്ടിയുമാണ്.”