തൃശൂർ: കത്തോലിക്കാ അല്മായപ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും സെന്റ് തോമസ് കോളജ് മുൻ അധ്യാപകനുമായ ഷെവലിയർ എൻ.എ. ഒൗസേഫ് മാസ്റ്റർ (91) അന്തരിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ പിതാവാണ്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം.
ഇന്നു രാവിലെ 8.30 മുതൽ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.30നു തൃശൂർ ബിഷപ്സ് ഹൗസിനു സമീപമുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് 3.15ന് ലൂർദ്ദ് കത്ത്രീഡലിൽ പൊതുദർശനത്തിനു വയ്ക്കും. 3.45നു അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് മൃതസംസ്കാര ശുശ്രൂഷകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.
ഭാര്യ: മേരി(തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂൾ മുൻ അധ്യാപിക). മക്കൾ: മാർ ടോണി നീലങ്കാവിൽ, ആനി ജോസ് (അധ്യാപിക), ഡോ. ജോഷി ജോസഫ് നീലങ്കാവിൽ (സീനിയർ ഗൈനക്കോളജിസ്റ്റ്, രാജഗിരി ആശുപത്രി, ആലുവ), ഡോ. ബെന്നി ജോസഫ്(ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ജൂബിലി മിഷൻ ഹോസ്പിറ്റൽ, മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്), ഡെന്നി ജോസഫ്(പ്രിൻസിപ്പൽ കൺസൾട്ടന്റ്, ഏണസ്റ്റ് ആൻഡ് യംഗ് കന്പനി). മരുമക്കൾ: ജോസ് ടി. ലൂയീസ്, പണ്ടാരവളപ്പിൽ കണ്ടശാംകടവ്, ഡോ. സീന, ഡിന്പിൾ ബെന്നി, അനു ഡെന്നി.