തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ മൂന്നാം വർഷ ബിരുദവിദ്യാർഥിയെ കുത്തിപരിക്കേൽപിച്ച സംഭവത്തിൽ എസ്എഫ്ഐക്കെതിരായ പ്രതിഷേധങ്ങൾ സംസ്ഥാന വ്യാപകമായി കനക്കുന്നതിനിടെ സംഘടനയുടെ കൂടുതൽ വിദ്യാർഥി പീഡനങ്ങളുടെ തെളിവുകൾ പുറത്ത്. തിരുവനന്തപുരം ആർട്സ് കോളജിൽ വിദ്യാർഥിനികളെ യൂണിയൻ ഓഫീസിലേക്ക് വിളിച്ചു വരുത്തി എസ്എഫ്ഐ നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ ഉൾപ്പെടെയുള്ള തെളിവുകളാണ് പുറത്ത് വന്നത്.
പ്രകടനത്തിലും വനിതാമതിലിന്റെ പ്രചാരണപ്രവർത്തനങ്ങളിലും മറ്റും പങ്കെടുക്കാതിരുന്നതിനാണ് വിദ്യാർഥിനികളെ നേതാക്കൾ ശകാരിക്കുന്നത്. കോളജ് യൂണിയൻ ചെയർമാൻ സമീറിന്റെ നേതൃത്വത്തിലായിരുന്നു ഭീഷണി. ഇതേക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ഇവിടെയെല്ലാം തങ്ങളാണ് തീരുമാനിക്കുന്നതെന്നും നേതാക്കൾ പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.