ബാൾട്ടിമൂർ: ജീസസ് യൂത്തിൽനിന്ന് ഹെയ്ത്തി മിഷൻ വഴി പൗരോഹിത്യ വിളിയിലേക്ക്- ഇക്കഴിഞ്ഞ ദിവസം ഡീക്കൻ പട്ടം (ഡയക്കണേറ്റ്) ലഭിച്ച, ബാൾട്ടിമൂർ സെന്റ് അൽഫോൻസാ ഇടവകാംഗം ബ്രദർ മെൽവിൻ പോൾ മംഗലത്തിന്റെ ദൈവവിളിയെ ഇപ്രകാരം വിശേഷിപ്പിക്കാം. ബ്രദർ മെൽവിൽ ഡീക്കൻ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് പുതിയൊരു വിശേഷണംകൂടി സമ്മാനിക്കാം- പ്രവാസ മലയാളിസഭയിലെ ദൈവവിളി വയൽ!

കോട്ടയം എരുമേലി മംഗലത്ത് പോൾ- ഡോളി ദമ്പതിമാരുടെ രണ്ടു മക്കളിൽ മൂത്ത മകൻ 27 വയസുകാരനായ ബ്രദർ മെൽവിൻ ചിക്കാഗോ സെന്റ് തോമസ് ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ കൈവെപ്പിലൂടെയാണ് ഡീക്കൻ ശുശ്രൂഷയിലേക്ക് പ്രവേശിച്ചത്. അമേരിക്കയിൽ ജനിച്ചു വളർന്ന മെൽവിൻ പൗരോഹിത്യ വിളി സ്വീകരിക്കുമ്പോൾ ഇടവകയ്‌ക്കൊപ്പം ജീസസ് യൂത്തിനും അഭിമാനിക്കാം.

ജീസസ് യൂത്തിനൊപ്പമുള്ള പ്രവർത്തനവും അതിലൂടെ കൈവന്ന ഹെയ്ത്തി മിഷൻ അനുഭവങ്ങളാണ് മെൽവിനിൽ പൗരോഹിത്യ ശുശ്രൂഷയിലേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയത്. ഹെയ്ത്തിയിലെ ഒരു മാസക്കാലം മെൽവിന് സമ്മാനിച്ചത് സങ്കൽപ്പിക്കാനാവുന്നതിനും അപ്പുറമുള്ള അനുഭവമാണ്. അവിടെവെച്ച് പരിചയപ്പെട്ട ഫാ. ഐസയ, മെൽവിന്റെ ജീവിതവും പൗരോഹിത്യ വിളി സ്വീകരണത്തിൽ പ്രചോദനമായിട്ടുണ്ട്.

ഹെയ്ത്തിയിലെ സേവനത്തിനിടെ നിരവധി വൈദികരുമായും ശുശ്രൂഷകരുമായും ഇടപഴകിയെങ്കിലും ഇറ്റാലിയൻ സ്വദേശിയായ ഫാ. ഐസയ ശുശ്രൂഷാമേഖലയിൽ തന്നെ ഒരുപാട് സ്വാധീനിച്ചെന്നും മെൽവിൻ പറയുന്നു. ‘ചിന്തിക്കാവുന്നതിനുമപ്പുറത്തേയ്ക്ക് സ്വാധീനിച്ച ഒരു കാലഘട്ടമായിരുന്നു ഹെയ്ത്തിയിലെ മിഷൻ പ്രവർത്തന നാളുകൾ. യഥാർത്ഥ സഹനം, ശുശ്രൂഷയിലെ സത്യസന്ധത, യഥാർത്ഥ മിഷണറിയിലുണ്ടാകേണ്ട ദൗത്യബോധ്യം ഇവയൊക്കെ എന്താണെന്ന് ആ നാളുകളിൽ അനുഭവിച്ചറിഞ്ഞു,’ മെൽവിൻ തുടർന്നു:

‘കത്തോലിക്കാ സഭയോടും ക്രിസ്തുവിനോടുമുള്ള എന്റെ സ്നേഹം അനുദിനം ദിവവ്യബലി അർപ്പിക്കുന്ന ഈ പുരോഹിതരോളം വരില്ലെന്നും ഞാൻ തിരിച്ചറിഞ്ഞു. കുടുംബത്തിൽനിന്നും ജീസസ് യൂത്തിൽനിന്നും ലഭിച്ച ആത്മീയ, ഭൗതിക രൂപീകരണം പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കണമെന്ന തീരുമാനത്തിലേക്കെത്താൻ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.’

തന്നെക്കുറിച്ചുള്ള ദൈവഹിതം പൗരോഹിത്യവിളിയാണെന്ന് തിരിച്ചറിഞ്ഞതോടെ മെൽവിൻ അക്കാര്യം വീട്ടുകാരെ അറിയിച്ചു. ആദ്യം അവർക്ക് അത് ഉൾക്കൊള്ളാനായില്ല. മകനെക്കുറിച്ചുള്ള ദൈവഹിതം അവർകൂടി ഉൾക്കൊണ്ടതോടെ സെമിനാരി പ്രവേശനത്തിന് വഴി തുറന്നു. ചിക്കാഗോ സെന്റ് ജോസഫ് സെമിനാരിയിലായിരുന്നു ഫിലോസഫി പഠനം, തിയോളജി പഠനം റോമിലും. ആലുവ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിലായിരിക്കും തുടർപഠനം. അവിടെയായിരിക്കും ആറു മാസത്തെ പാസ്റ്ററൽ ട്രയിനിംഗ്.

വരും വർഷം പൗരോഹിത്യം സ്വീകരിക്കുമ്പോൾ, ചിക്കാഗോ സീറോ മലബാർ രൂപതയിൽനിന്നുള്ള അഞ്ചാമത്തെ വൈദികനായിരിക്കും ഡീക്കൻ മെൽവിൽ. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ മൂന്നു പേരാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്, ഒരാൾ ഡീക്കൻ ശുശ്രൂഷയിലേക്കും. ഇനിയും രൂപതയ്ക്കുവേണ്ടി സെമിനാരി അർത്ഥികൾ ഒരുക്കത്തിലാണെന്നത് പരിഗണിക്കുമ്പോൾ, ചിക്കാഗോ സെന്റ് തോമസ് രൂപത വൈദിക വിളികളാൽ സമ്പന്നമാകുന്നു എന്നത് വ്യക്തം. അതുകൊണ്ടുതന്നെ ‘പ്രവാസ മലയാളിസഭയിലെ ദൈവവിളി വയൽ’ എന്ന വിശേഷണം ചിക്കാഗോയ്ക്കു ചേരും.