മൂവാറ്റുപുഴ: കത്തോലിക്കാ സഭാ വിശ്വാസികൾ ഒരുമിച്ച് നിൽക്കുന്നതാണ് സഭയുടെ ശക്തിയെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപതാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിൽ സഭയിലുണ്ടായ പ്രശ്നം താൽക്കാലികമാണ്. അതിന് ഉടൻ പരിഹാരമുണ്ടാക്കും. സഭാ മക്കളെ ഒറ്റക്കൊടിക്കീഴിലാക്കി സഭയെ ശക്തമാക്കുകയെന്നതാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ കടമ. കോതമംഗലം രൂപതയിൽ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കണം. ഇടവകതോറും പ്രവർത്തന പദ്ധതികൾ തയാറാക്കി നടപ്പാക്കണം. പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങളിൽകൂടി നാം പങ്കാളികളാകണം. രൂപതയുടെ അതിർത്തി പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരേ പ്രതികരിച്ച് വന്യമൃഗ ആക്രമണം തടയുന്നതിനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ബിഷപ് പറഞ്ഞു.
ജലദൗർലഭ്യം നാം നേരിടാൻ പോകുന്ന വലിയ ഒരു വിപത്താണ്. പാഴായിപ്പോകുന്ന ജലം സംഭരിക്കാൻ വടുകൾതോറും സംവിധാനമുണ്ടാക്കാൻ ഇടവക യൂണിറ്റുകൾ നേതൃത്വം നൽകണം. മാലിന്യ സംസ്ക്കരണം, പരിസ്ഥിതി സംരക്ഷണം, അടുക്കളത്തോട്ട വികസനം, മുതലായ വിഷയങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ കത്തോലിക്ക കോണ്‍ഗ്രസിന് ഉത്തരവാദിത്വമുണ്ട്.
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രതിനിധി സമ്മേളനത്തിന് മുന്നോടിയായി വാഴക്കുളം ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് കൊടകല്ലിൽ പാതാക ഉയർത്തി. രൂപതാ പ്രസിഡന്റ് ഐപ്പച്ചൻ തടിക്കാട് അധ്യക്ഷത വഹിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. രൂപതാ ജനറൽ സെക്രട്ടറി ജോസ് പുതിയിടം, സെക്രട്ടറി ജോസുകുട്ടി ജെ. ഒഴുകയിൽ, രൂപതാ വൈസ് പ്രസിഡന്റുമാരായ ജോയി പോൾ പീച്ചാട്ട്, മാത്യു ജോണ്‍ മലേക്കുടി, രൂപത ട്രഷറർ ജോണ്‍ മുണ്ടൻകാവിൽ, ഫൊറോന പ്രസിഡന്റ് ജോസ് കൊട്ടുപ്പിള്ളിൽ, യൂണിറ്റ് പ്രസിഡന്റ് ജിജി പാറയിൽ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്കാ സഭാ വിശ്വാസികൾ ഒരുമിച്ച് നിൽക്കുന്നതാണ് സഭയുടെ ശക്തിയെന്നു കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
