യേശു എന്ന പ്രവാചകൻ

താന്‍ പ്രവാചകനാണെന്ന് യേശുതന്നെ അംഗീകരിക്കുന്നത് അവിടത്തെ വാക്കുകളില്‍നിന്നുതന്നെ നമുക്കു വായിച്ചെടുക്കാനാകും: ”പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല” (മത്താ 13,57; cf. മര്‍ക്കോ 6,4; ലൂക്ക 4,24). യേശുവിന്റെ ജീവിതശൈലിതന്നെ പ്രവാചകത്വം നിറഞ്ഞതായിരുന്നു – കരുണയെ, അഥവാ സ്വയബലിയെ, അള്‍ത്താരബലിക്കുമീതേ സ്ഥാപിക്കുന്ന പ്രവാചകത്വം (ഹോസി 6,6; രള. മത്താ 9,13; 12,7). അതുകൊണ്ടുതന്നെ, ജനങ്ങള്‍ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു (മത്താ 21,46; രള മര്‍ക്കോ 6,15; 8,28). യോനാപ്രവാചകന്റെ അടയാളം യേശുവിന്റെ അടയാളമായിത്തീര്‍ന്നതും (മത്താ 12:38-40) അവിടത്തെ പ്രവാചകവ്യക്തിത്വത്തിന്റെ തെളിവുതന്നെ.
എന്തുകൊണ്ടാണ് സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്നതിലുപരി ജനം യേശുവിനെ പ്രവാചകനായി കരുതിയത്? വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് പഴയനിയമത്തില്‍ സൂചനയുണ്ടോ? ഉണ്ട്. വീണ്ടും വരാനിരിക്കുന്ന രണ്ടു പ്രവാചകന്മാരെക്കുറിച്ചുള്ള പ്രതീക്ഷ പഴയനിയമം പുലര്‍ത്തുന്നുണ്ട്: മോശയും (നിയ 18,15-18) ഏലിയായും (മലാ 4,5) ആണവര്‍. മലാക്കി പരാമര്‍ശിക്കുന്ന വരാനിരിക്കുന്ന ഏലിയ സ്‌നാപകയോഹന്നാനാണെന്ന് പുതിയനിയമത്തില്‍ വ്യക്തമായ സൂചനകളുണ്ട് (മത്താ 11,14; 17,10-13; ലൂക്കാ 1,17).

3.1. യേശു വരാനിരിക്കുന്ന മോശ

”നിന്റെ ദൈവമായ കര്‍ത്താവു നിന്റെ സഹോദരങ്ങളുടെ ഇടയില്‍നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണു നീ ശ്രവിക്കേണ്ടത്” (നിയ 18,15) എന്ന പ്രവചനത്തിനു സമാനമാണ് നിയ 18,18: ”അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കുവേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും”. ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണം യേശുക്രിസ്തുവിലാണുണ്ടായത്. യേശുവിന്റെ മുഖ്യശിഷ്യനായ വി. പത്രോസ് തന്റെ ആദ്യപ്രഭാഷണത്തിലും (അപ്പ 3,22-26) ക്രിസ്തുവിശ്വാസത്തെപ്രതിയുള്ള ആദ്യത്തെ രക്തസാക്ഷിയായ വി. സ്‌തെഫാനോസ് തന്റെ അന്ത്യപ്രഭാഷണത്തിലും (അപ്പ 7,37) ഇതു വ്യക്തമാക്കുന്നുണ്ട്. യേശുക്രിസ്തുവിനു സാക്ഷ്യംവഹിച്ചുകൊണ്ടാണ് അപ്പ 3,22.23-ല്‍ വി. പത്രോസ് നിയ 18,15.16.19 ഉദ്ധരിച്ചത്. യേശുക്രിസ്തുവിനെ ശ്രവിക്കാത്തവരെല്ലാം ജനത്തിന്റെ ഇടയില്‍നിന്നു പൂര്‍ണമായും വിച്ഛേദിക്കപ്പെടും. 26-ാം വാക്യത്തില്‍ ഒരിക്കല്‍കൂടി ഇത് അദ്ദേഹം ഉറപ്പിച്ചുപറയുന്നു: ‘ദൈവം തന്റെ ദാസനെ ഉയിര്‍പ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങള്‍ ഓരോരുത്തരെയും ദുഷ്ടതയില്‍നിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാന്‍ വേണ്ടിയാണ് അത്’. യേശുക്രിസ്തുവിനെ സ്വീകരിച്ച് മാനസാന്തരപ്പെടണം എന്നുതന്നെ സന്ദേശം. ഇവിടെ ‘ദാസന്‍’ എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധേയമാണ്. മോശയ്ക്കായി പഴയനിയമം സമൃദ്ധമായി പ്രയോഗിക്കുന്ന ഒരു പദമാണത് (പുറ 4,10; 14,31; സംഖ്യ 11,11; 12,7.8; നിയ 3,24; 34,5; ജോഷ്വ 1,1.2.7.13.15; 8,31.33; 9,24; 11,12.15; 12,6; 14,7; 22,2.4.5.9) ‘മോശയെപ്പോലുള്ള പ്രവാചകന്‍’ എന്ന നിയമാവര്‍ത്തനഗ്രന്ഥപ്രയോഗം യേശുവില്‍ പൂര്‍ത്തിയായതായി യേശുവിന്റെ സമകാലീനനും മുഖ്യശിഷ്യനുമായവന്‍ പ്രഘോഷിച്ചത് വിശുദ്ധഗ്രന്ഥം വളരെ വ്യക്തമായി കുറിച്ചുവച്ചിരിക്കേ, രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം അതു തിരുത്തിക്കുറിക്കാന്‍ ശ്രമിക്കുന്നവരുടെ മൗഢ്യത്തെക്കുറിച്ച് എന്തുപറയാന്‍?

3.1.1. ഒരു കെട്ടുകഥ

മേലുദ്ധരിച്ച വാക്യങ്ങളില്‍ ‘നിന്റെ സഹോദരങ്ങള്‍’, ‘അവരുടെ സഹോദരന്മാര്‍’ എന്നിങ്ങനെ പ്രയോഗിച്ചിരിക്കുന്നത് ഇസ്മായേല്യരെ ഉദ്ദേശിച്ചാണ് എന്ന കെട്ടുകഥ ഇസ്ലാമികലോകത്ത് പ്രചരിച്ചിട്ടുണ്ട്. നിയ 18,15-18 സൂചിപ്പിക്കുന്ന ‘മോശയെപ്പോലുള്ള പ്രവാചകന്‍’ മുഹമ്മദുനബിയാണ് എന്നു സ്ഥാപിക്കുകയാണ് ഇത്തരം കഥാകാരന്മാരുടെ ഉദ്ദേശ്യം. പക്ഷേ ഇത് ഒരു അതിമോഹിത വ്യാഖ്യാനമാണെന്നു വസ്തുനിഷ്ഠതയില്‍ നിഷ്‌കര്‍ഷതയുള്ളവര്‍ക്കു വ്യക്തമാകും.
ഇസ്മായേലിനെയും ഇസ്മായേല്യരെയും കുറിച്ച് ബൈബിള്‍ എന്തു പറയുന്നു എന്നു മനസ്സിലാക്കിയാല്‍ ഈ കഥയുടെ പൊള്ളത്തരം വ്യക്തമാകും. ഉത്പ 16,1.12; 17,20.21; 21:20.21 എന്നിവ ഇസ്മായേലിനെക്കുറിച്ചുള്ള ബൈബിള്‍കാഴ്ചപ്പാട് വ്യക്തമാക്കുന്നു. ശത്രുഗണത്തിലാണ് പഴയനിയമം ഇസ്മായേല്യരെ പെടുത്തിയിരിക്കുന്നത് (ഉത്പ 25,12-18; സങ്കീ 83, 6-8.17). ഇസ്മായേല്യരെക്കുറിച്ചുള്ള പഴയനിയമകാഴ്ചപ്പാടിനോടു ചേര്‍ത്തു വായിക്കേണ്ടതാണ് പുതിയനിയമത്തില്‍ അവരെക്കുറിച്ചുള്ള ചിത്രവും (ഗലാ 4,22-31). ഇക്കാരണങ്ങളാല്‍, നിയ 18,15.18-ലെ ‘നിന്റെ സഹോദരന്മാര്‍’, ‘അവരുടെ സഹോദരങ്ങള്‍’ എന്നീ പ്രയോഗങ്ങള്‍ ഇസ്മായേല്യരെക്കുറിച്ചാവുക അസാധ്യം. യാക്കോബിന്റെ മക്കളുടെ പേരിലുള്ള പന്ത്രണ്ടുഗോത്രങ്ങളില്‍പ്പെട്ടവരെയാണ് യഹൂദര്‍ സഹോദരങ്ങളായി കരുതിയിരുന്നത്. യേശു യൂദാഗോത്രത്തില്‍പ്പെട്ടവനാകയാല്‍ യേശുവാണ് പ്രവചിക്കപ്പെട്ട ‘മോശയെപ്പോലുള്ള പ്രവാചകന്‍’ എന്നു നിസ്സംശയം പറയാം.
മാത്രമല്ല, പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഇസ്മായേല്യര്‍ക്ക് ഇസ്ലാമികചരിത്രം ഉയര്‍ത്തിക്കാണിക്കുന്ന ഖുറേഷിഗോത്രവുമായോ മക്കയില്‍ അധിവസിച്ചിരുന്ന മറ്റേതെങ്കിലും ഗോത്രവുമായോ ചരിത്രപരമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. യഹൂദര്‍ക്കുമാത്രമുണ്ടായിരുന്ന ഒരു പാരമ്പര്യം (ഉത്പ 16,1-16; 17,15-21; 21,9-21) ഏകപക്ഷീയമായി കടംകൊണ്ടതല്ലാതെ, മുഹമ്മദുനബിക്ക് 2500 വര്‍ഷങ്ങള്‍ക്കുമുമ്പ് അബ്രാഹത്തിന്റെയും ഹാഗാറിന്റെയും പുത്രനായി ജനിച്ച ഇസ്മായേലുമായുള്ള ബന്ധം തെളിയിക്കാന്‍ ആര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്?

3.2 യേശു മോശയെക്കാള്‍ ശ്രേഷ്ഠന്‍

 

പ്രവാചകരുടെ ഇടയില്‍ മോശയുടെ സ്ഥാനം അതുല്യമാണ് (സംഖ്യ 12:7.8). എന്നാല്‍, താരതമ്യം അസാധ്യമാം വിധത്തില്‍ ഉന്നതനാണ് യേശുവെന്ന് പുതിയനിയമം അസന്ദിഗ്ധമായി വ്യക്തമാക്കുന്നുണ്ട്:
മ) ”ദൈവത്തിന്റെ ഭവനംമുഴുവനിലും മോശ ഭൃത്യനെപ്പോലെ വിശ്വസ്തനായിരുന്നു. ക്രിസ്തുവാകട്ടെ, അവിടത്തെ ഭവനത്തില്‍ പുത്രനെപ്പോലെയാണ്” (ഹെബ്രാ 3,5.6; മത്താ 21,38; ലൂക്കാ 20,14).
യ) മോശ ദൈവത്തിന്റെ തിരുമുഖം കണ്ടിട്ടില്ല (പുറ 33,20-23). ‘മുഖാഭിമുഖം ദൈവത്തോടു സംസാരിക്കുക’ (പുറ 33:11) എന്നത് ആഴമുള്ള സൗഹൃദത്തെ സൂചിപ്പിക്കുന്ന ഹീബ്രുശൈലിമാത്രമാണ്. മോശയില്‍നിന്നു വ്യത്യസ്തനായി യേശുക്രിസ്തുവാകട്ടെ, പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന (എയിസ് തോന്‍ കോള്‍പോന്‍ തൂ പാത്രോസ് എന്നു ഗ്രീക്കില്‍) ദൈവംതന്നെയായ ഏകജാതനാണ് (cf. യോഹ 1,18). മേല്പറഞ്ഞ ഗ്രീക്കുപ്രയോഗത്തിന്റെ പരിഭാഷകള്‍ രസകരങ്ങളാണ്. മോണ്‍. മൂത്തേടന്റെ പരിഭാഷ ‘പിതാവിന്റെ മടിയിലിരിക്കുന്ന’ എന്നും പി.ഒ.സി. പരിഭാഷ ‘പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന’ എന്നും ഇറ്റാലിയന്‍ പരിഭാഷ (CEI) ‘nel seno del Padre’ (പിതാവിന്റെ മാറിടത്തില്‍) എന്നും ജര്‍മ്മന്‍ പരിഭാഷ (NJB) ‘am Herzen des Vaters ruht’ (പിതാവിന്റെ ഹൃദയത്തില്‍ വിശ്രമിക്കുന്ന) എന്നും ഇംഗ്ലീഷില്‍ (Community Bible) ‘who is in and with the Father’ എന്നുമൊക്കെയാണ്. ‘പിതാവിന്റെ മാറിലേക്കുള്ള’ എന്നാണ് അക്ഷരാര്‍ഥം. ചുരുക്കത്തില്‍, പിതാവുമായി സവിശേഷബന്ധമുള്ള (dynamic relationship) പുത്രന്‍ എന്നര്‍ഥം.
ര) മോശയുടെ നിയമങ്ങളെ അംഗീകരിച്ച് അവയുടെ ആഴവും അര്‍ഥവും വെളിപ്പെടുത്തുന്നതോടൊപ്പംതന്നെ (മത്താ 5, 21.22; 27.28; 43.44) യേശു മോശയുടെ ഏതാനും ചില നിയമങ്ങളെ നീക്കി പുതിയ പ്രബോധനം നല്കി (മത്താ 5,31.32.33-37.38.39) മോശയ്ക്കതീതമായ തന്റെ ആധികാരികത വെളിപ്പെടുത്തുന്നു.

 

തുടരും…