ദൈവനാമത്തെ നിന്ദിക്കുന്നവരുടെ ആക്രമണങ്ങളെ ജയിക്കാന്‍ ശക്തമാണ് സാഹോദര്യം എന്ന് മാര്‍പ്പാപ്പാ. 1994 ജൂലൈ 18-ന് തന്‍റെ ജന്മനാടായ അർജന്റീനയുടെ തലസ്ഥാനമായ ബുവെനൊസ് അയിരെസില്‍ അന്നാട്ടിലെ യഹൂദരുടെ പാരസ്പര്യ സംഘടനയുടെ (AMIA) ആസ്ഥാനത്ത് ബോബാക്രമണം നടക്കുകയും 85 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച്, ഫ്രാന്‍സീസ് പാപ്പാ ഇസ്രായേല്‍ക്കാരുടെ ഈ പാരസ്പര്യ സംഘടനയ്ക്ക് (AMIA) അയച്ച കത്തിലാണ് ഈ പ്രസ്താവനയുള്ളത്.
മതത്തിന്‍റെ പേരില്‍ ജീവിതങ്ങളെയും പ്രത്യാശകളെയും തകര്‍ക്കുന്നത് ഈശ്വരനാമത്തെ അവഹേളിക്കലാണെന്ന് പാപ്പാ പറയുന്നു.
യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതും യുദ്ധത്തിലേക്കു നയിക്കുന്നതും മതമല്ല, പ്രത്യുത, യുക്തിഹീനമായ പ്രവൃത്തികള്‍ ചെയ്യുന്നവരുടെ ഹൃദയങ്ങളിലുള്ള ഇരുട്ടാണെന്ന് പാപ്പാ കുറ്റപ്പെടുത്തുന്നു.
ബോംബുസ്ഫോടനമുണ്ടായ ആ ദിനത്തിലെന്നപോലെ തന്നെ ഇന്നും താന്‍ ആ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും യുഹൂദരോ ക്രൈസ്തവരോ ആയ അവരുടെ കുടുംബാംഗങ്ങളുടെ ചാരെ ആദ്ധ്യാത്മികമായി താനുണ്ടെന്നും പാപ്പാ കത്തില്‍ ഉറപ്പുനല്കുന്നു.
സഹോദരങ്ങളെപ്പോലെ ഒന്നിച്ചു ജീവിക്കാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്നും ഈ സാഹോദര്യമാകട്ടെ ഭൂമിശാസ്ത്രപരവും സൈദ്ധാന്തികവുമായ എല്ലാ അതിരുകളെയും ഉല്ലംഘിക്കുന്നതാണെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഈ സാഹോദര്യാവബോധത്തോടൊപ്പം തന്നെ ആദരവിന്‍റെയും സഹിഷ്ണുതയുടെയും മൂല്യവും വരും തലമുറകള്‍ക്ക് നാം കൈമാറണമെന്ന് മാര്‍പ്പാപ്പാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.